മാളില്‍ വെച്ച് യുവാവിനെ 'നാണമില്ലാത്തവനെന്ന്' വിളിച്ചു; സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി

By Web TeamFirst Published Oct 30, 2020, 2:39 PM IST
Highlights

രാതിക്കാരനായ യുവാവ് തന്റെ മകളെ പിന്തുടരാന്‍ ശ്രമിച്ചെന്നും അവര്‍ വാദിച്ചു. എന്നാല്‍ യുവാവിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി.

അബുദാബി: മാളില്‍ വെച്ച് യുവാവിനെ 'മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും' വിളിച്ച സ്ത്രീ 15,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കേസില്‍ നേരത്തെ അബുദാബി പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് അപ്പീല്‍ കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.

ഒരു മാളില്‍ വെച്ച് സ്ത്രീ പരാതിക്കാരനെ മര്യാദയില്ലാത്തവനെന്നും നാണമില്ലാത്തവനെന്നും വിളിച്ച് അപമാനിച്ചുവെന്നാണ് കോടതി രേഖകളിലുള്ളത്. യുവാവ് ഇതിനെതിരെ പരാതി നല്‍കി. തുടര്‍ന്ന് അബുദാബി ക്രിമിനല്‍ കോടതി, സ്ത്രീക്ക് 1000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. താന്‍ നേരിട്ട മാനസിക പ്രയാസങ്ങള്‍ക്ക് പകരമായി ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവ് സിവില്‍ കേസ് ഫയല്‍ ചെയ്‍തു.

എന്നാല്‍ 15,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും യുവാവിന് നല്‍കണമെന്നായിരുന്നു സിവില്‍ കോടതിയുടെ വിധി. ഇതിനെതിരെ സ്‍ത്രീ അപ്പീല്‍ നല്‍കി. പരാതിക്കാരനായ യുവാവ് തന്റെ മകളെ പിന്തുടരാന്‍ ശ്രമിച്ചെന്നും അവര്‍ വാദിച്ചു. എന്നാല്‍ യുവാവിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായതിന് തെളിവില്ലെന്ന് കണ്ടെത്തിയ കോടതി അപ്പീല്‍ തള്ളുകയായിരുന്നു.

click me!