ലോക്ക് ഡൗണില്‍ ദുബായിലിരുന്ന് മകന് ക്ലാസെടുത്ത് അമ്മ; ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പില്‍ ഇപ്പോള്‍ 10ഓളം കുട്ടികള്‍

By Reshma VijayanFirst Published Apr 24, 2020, 3:53 PM IST
Highlights

ഗെയിമുകള്‍ക്ക് പുറമെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനവും പൊതുവിജ്ഞാനം ഉള്‍പ്പെടെയുള്ളവയില്‍ ക്ലാസുകളും നല്‍കാറുണ്ട്. വ്യാഴാഴ്ച കുക്കിങിന് വേണ്ടിയുള്ള ക്ലാസാണ് നടത്തുന്നത്.

ദുബായ്: നാട്ടിലുള്ള പ്രിയപ്പെട്ട മകനെ കാണാനായി സ്‌കൂള്‍ അടയ്ക്കുന്നതും കാത്തിരിക്കുകയായിരുന്നു ദുബായില്‍ താമസിക്കുന്ന നിഷ പൊന്തത്തില്‍. മധ്യവേനലവധിക്ക് മകന്‍ നിഹാല്‍ ദുബായിലേക്ക് എത്തുമെന്നും പരസ്പരം പിരിഞ്ഞിരിക്കുന്ന ദുഖം അവസാനിക്കുമെന്നുമോര്‍ത്ത് അവര്‍ രണ്ടുപേരും സന്തോഷിച്ചു. എന്നാല്‍ കൊവിഡ് വ്യാപനത്തില്‍ മറ്റ് പലരെയും പോലെ നിഷയും മകനും രണ്ട് സ്ഥലങ്ങളിലായി. തൊട്ടടുത്തുണ്ടാകേണ്ടവര്‍ കാതങ്ങള്‍ക്ക് അപ്പുറത്ത് ഫോണ്‍ കോളിനായി കാത്തിരിക്കേണ്ടി വന്നു. പക്ഷേ വിരസതയുടെ കൊടുമുടിയിലെത്തിയ ആ ദിവസങ്ങള്‍ അങ്ങനെ കടന്നുപോകാന്‍ നിഷ അനുവദിച്ചില്ല. അവര്‍ അതിന് പരിഹാരവും കണ്ടെത്തി- ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പ്.  

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുബായില്‍ ട്രെയിനറായി ജോലി ചെയ്യുന്ന നിഷയ്ക്ക് നിര്‍ബന്ധിത ലീവില്‍ പ്രവേശിക്കേണ്ടി വന്നു. മഹാമാരിക്കിടയില്‍ പ്രിയപ്പട്ടവര്‍ പല സ്ഥലങ്ങളിലായപ്പോള്‍ വിരസതയ്‌ക്കൊപ്പം ആശങ്കയും വര്‍ധിച്ചു. വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായിരുന്ന മകന്‍ നിഹാല്‍ ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് ശ്രദ്ധ തിരിച്ചതോടെ മകനുമായി സമയം ചെലവഴിക്കാനായി നിഷ പുതിയ ആശയം കണ്ടെത്തി. അങ്ങനെയാണ് ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പ് ആരംഭിക്കുന്നത്.

പലതരം ഗെയിമുകള്‍, കുക്കിങ്, കൃഷി, ക്രാഫ്റ്റ്, ക്വിസ് എന്നിങ്ങനെ ലോക്ക് ഡൗണ്‍ ദിനങ്ങള്‍ ഫലപ്രദമായി മുമ്പോട്ട് കൊണ്ടുപോകാനും ഒത്തുകൂടാനുമായൊരു സൈബറിടം. നിഹാലിന്റെ സുഹൃത്തുക്കളും നിഷയുടെ സുഹൃത്തുക്കളുടെ മക്കളും ഈ സംരംഭത്തില്‍ പങ്കാളികളായി. ഏപ്രില്‍ 15 ന് ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. ദിവസേന  ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലര വരെയുള്ള രണ്ട് മണിക്കൂര്‍ ഇവര്‍ ഇതിനായി മാറ്റി വെക്കും. സൂം ആപ്ലിക്കേഷന്‍ വഴി വീഡിയോ കോള്‍ ചെയ്താണ് ക്ലാസെടുക്കുന്നത്. 

മകനുമായി സമയം ചെലവഴിക്കാന്‍ വേണ്ടി തുടങ്ങിയ ക്ലാസില്‍ ഇപ്പോള്‍ 10 കുട്ടികളുണ്ട്. ഒമ്പത് പേര്‍ തിരുവനന്തപുരത്ത് നിന്നും ഒരാള്‍ പത്തനംതിട്ടയില്‍ നിന്നും. 12-14 വയസ്സിനിടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. ഗെയിമുകള്‍ക്ക് പുറമെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനവും പൊതുവിജ്ഞാനം ഉള്‍പ്പെടെയുള്ളവയില്‍ ക്ലാസുകളും നല്‍കാറുണ്ട്. വ്യാഴാഴ്ച കുക്കിങിന് വേണ്ടിയുള്ള ക്ലാസാണ് നടത്തുന്നത്. ചില ദിവസങ്ങളില്‍ കുട്ടികളുടെ അമ്മമാര്‍ കൂടി ക്ലാസില്‍ എത്തിയതോടെ വ്യാഴാഴ്ചത്തെ കുക്കിങ് ക്ലാസില്‍ അമ്മമാരെ കൂടി പങ്കെടുപ്പിക്കുമെന്ന് നിഷ പറയുന്നു. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും ക്ലാസുകളിലേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുമായി ഇപ്പോള്‍ തിരക്കിലാണെന്ന് നിഷ പറയുമ്പോള്‍ പയറു മുളപ്പിക്കലും പാഠം പഠിക്കലുമൊക്കെയായി കുട്ടികളും ഏറെ സന്തോഷത്തിലാണ്. 

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ചിലരെ ക്ലാസില്‍ എത്തിക്കാനും കുട്ടികളുമായി സംസാരിക്കാന്‍ അവസരമൊരുക്കാനും നിഷ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക അതിഥിയായി ക്ലാസിലെത്തിയ രമ്യ എസ് ആനന്ദ് കുട്ടികള്‍ക്ക് ബോട്ടില്‍ ആര്‍ട്ട് പരിചയപ്പെടുത്തിയിരുന്നു. ഇടയ്ക്കിടെ സാങ്കേതിക തടസ്സങ്ങള്‍ ക്ലാസ് തടസ്സപ്പെടുത്താറുണ്ടെന്നും  ആ സമയങ്ങളില്‍ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ടാസ്കുകള്‍ നല്‍കുകയും വാട്സാപ്പ് ഗ്രൂപ്പ് വഴി നിരന്തരം സംവദിക്കുകയും ചെയ്യാറുണ്ടെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പെന്ന ആശയം ഏറെ ഫലപ്രദമായെന്നും ലോക്ക് ഡൗണ്‍ കാലത്ത് ഉപകാരപ്രദമായ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചെന്നും പട്ടം കേന്ദ്രീയ വിദ്യാലത്തിലെ ഒമ്പതാം ക്ലാസുകാരനായ നിഹാല്‍ പറയുന്നു. കൂടുതല്‍ കുട്ടികള്‍ സമ്മര്‍ ക്ലാസിലേക്ക് കടന്നു വന്നാല്‍ അവരില്‍ നിന്ന് ചെറിയ തുക ഫീസായി വാങ്ങാനും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുമാണ് നിഷയുടെ തീരുമാനം. മെയ് അവസാനം വരെ ഓണ്‍ലൈന്‍ ക്ലാസ് മുമ്പോട്ട് കൊണ്ടുപോകുമെന്ന് നിഷ പറയുന്നു. അമ്മയുടെ ആശയത്തിന് നൂറു മാര്‍ക്ക് നല്‍കി പിന്തുണയുമായി നിഹാലും കൂടെയുണ്ട്. 

click me!