സോഷ്യല്‍ മീഡിയയിലെ കമന്റിന്റെ പേരില്‍ യുഎഇയില്‍ പ്രവാസി വനിതയ്ക്കെതിരെ നടപടി

By Web TeamFirst Published Jan 9, 2019, 7:23 PM IST
Highlights

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രങ്ങളില്‍ മോശമായ തരത്തിലുള്ള കമന്റുകള്‍ ചെയ്തെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. താന്‍ വേശ്യാവൃത്തിയ്ക്കായാണ് യുഎഇയില്‍ വന്നതെന്ന അര്‍ത്ഥം വരുന്നതായിരുന്നു കമന്റുകളെന്നും പരാതിയില്‍ പറയുന്നു.

ഷാര്‍ജ: സോഷ്യല്‍ മീഡിയയിലെ മോശം കമന്റിന്റെ പേരില്‍ ഷാര്‍ജയില്‍ പ്രവാസി വനിതയ്ക്കെതിരെ നടപടി. സുഹൃത്തായ മറ്റൊരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രങ്ങളില്‍ മോശമായ തരത്തിലുള്ള കമന്റുകള്‍ ചെയ്തെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. താന്‍ വേശ്യാവൃത്തിയ്ക്കായാണ് യുഎഇയില്‍ വന്നതെന്ന അര്‍ത്ഥം വരുന്നതായിരുന്നു കമന്റുകളെന്നും പരാതിയില്‍ പറയുന്നു. കമന്റുകളുടെ സ്ക്രീന്‍ ഷോട്ടുകളെടുത്ത് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്താണ് കോടതിയില്‍ നല്‍കിയത്.

എല്ലാ കമന്റുകളുടെയും അറബി വിവര്‍ത്തനം ലഭിക്കാനും ആരോപണ വിധേയയായ സ്ത്രീയുടെ ഭാഗം കേള്‍ക്കാനുമായി കോടതി കേസ് മാറ്റി വെച്ചു. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന എല്ലാ ഇടപെടലുകളും സൈബര്‍ കുറ്റകൃത്യമായാണ് യുഎഇ നിയമം കണക്കാക്കുന്നത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ രണ്ടര ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിച്ചേക്കും.

click me!