
മനാമ: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്‍ത യുവതിക്ക് ബഹ്റൈന്‍ കോടതി ശിക്ഷ വിധിച്ചു. മൊറോക്കന്‍ സ്വദേശിയായ 33 വയസുകാരിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയാണ് ഹൈക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും.
കഴിഞ്ഞ മാര്‍ച്ചില്‍ ജുഫൈറിലെ ഒരു ഹോട്ടലിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയില്‍ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആശ്വസിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ യുവതി കൈയേറ്റം ചെയ്യുകയും തുപ്പുകയുമായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനും നാശനഷ്‍ടങ്ങളുണ്ടാക്കി. പരിസരത്ത് പാര്‍ക്ക് ചെയ്‍തിരുന്ന ഒരു ആംബുലന്‍സിനകത്ത് അതിക്രമിച്ച് കയറുകയും കുറച്ച് നേരം ആംബുലന്‍സിനുള്ളില്‍ ഇരിക്കുകയും ചെയ്‍തു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷവും പൊലീസുകാരെ ഉപദ്രവിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ച് പൊലീസ് സംഘം ഇവരെ കീഴ്‍പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ അവിടെവെച്ചും മറ്റൊരു പൊലീസുകാരനെ ഉപദ്രവിച്ചു. എന്നാല്‍ സംഭവിച്ചതൊന്നും സ്വബോധത്തോടെയായിരുന്നില്ലെന്ന് കാണിച്ച് വിചാരണയ്‍ക്കിടയില്‍ ഇവര്‍ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോടതി ശിക്ഷ വിധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam