ബന്ധുവിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര;തിരിച്ചെത്തിയപ്പോള്‍ ദുബായില്‍ കുടുങ്ങി

By Web TeamFirst Published Aug 25, 2018, 10:19 PM IST
Highlights

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് യുവതിക്ക് മറ്റൊരാളുടെ പാസ്പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാനായത്. ഇതിനിടെ പാസ്പോര്‍ട്ട് നഷ്ടമായ യുവതി ഇക്കാര്യം കാണിച്ച് ദുബായ് പൊലീസില്‍ പരാതി നല്‍കി. 

ദുബായ്: ബന്ധുവിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തിയ യുവതിയെ തിരിച്ചെത്തിയപ്പോള്‍ പിടികൂടി. 23കാരിയായ യുഎഇ പൗരയാണ് ബന്ധുവായ മറ്റൊരു സ്ത്രീയുടെ പാസ്പോര്‍ട്ട് മോഷ്ടിച്ച ശേഷം രണ്ടാഴ്ച അവധി ആഘോഷിക്കാനായി തുര്‍ക്കിയിലേക്ക് പോയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് യുവതിക്ക് മറ്റൊരാളുടെ പാസ്പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാനായത്. ഇതിനിടെ പാസ്പോര്‍ട്ട് നഷ്ടമായ യുവതി ഇക്കാര്യം കാണിച്ച് ദുബായ് പൊലീസില്‍ പരാതി നല്‍കി. രേഖകള്‍ പരിശോധിച്ചപ്പോള്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് മറ്റൊരാള്‍ തുര്‍ക്കിയിലേക്ക് കടന്നുവെന്ന് കണ്ടെത്തി. പിന്നീടാണ് ബന്ധു തന്നെയാണ് പാസ്പോര്‍ട്ട് മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. 

വീട്ടില്‍ അന്വേഷിച്ചപ്പോള്‍ സുഹൃത്തുക്കളുമായി പോകുന്നുവെന്ന് പറഞ്ഞ് പുറത്തുപോയതാണെന്നും കുറച്ച് ദിവസമായി വിവരമൊന്നുമില്ലെന്നുമായിരുന്നു മറുപടി. ഫോണിലും ലഭ്യമല്ലായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം യുവതി തുര്‍ക്കിയില്‍ നിന്ന് മടങ്ങി വന്നപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചത്. 

click me!