
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ്. 15 ദിനാറിന്‍റെ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ സർക്കാർ വെബ്സൈറ്റിൽ കുടുങ്ങി കുവൈത്ത് സ്വദേശിനിക്ക് പണം നഷ്ടമായി. അൽ-അഹ്മദി ഗവർണറേറ്റിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളെ വെല്ലുന്ന രീതിയിൽ നിർമ്മിച്ച വ്യാജ ലിങ്കുകൾ വഴിയാണ് തട്ടിപ്പ് നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ട്രാഫിക് വിഭാഗത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റിലാണ് യുവതി പ്രവേശിച്ചത്. സൈറ്റിലെ ഔദ്യോഗിക ലോഗോകളും രൂപകൽപ്പനയും കണ്ട് വിശ്വാസ്യത തോന്നിയ അവർ തന്‍റെ ബാങ്ക് വിവരങ്ങൾ നൽകി. എന്നാൽ പിഴ അടയ്ക്കപ്പെട്ടതിന് പകരം, രണ്ട് ഘട്ടങ്ങളിലായി 290 ദീനാറോളം (ഏകദേശം 80,000 ഇന്ത്യൻ രൂപ) അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ യുവതി അൽ-അഹ്മദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഇലക്ട്രോണിക് ബാങ്ക് തട്ടിപ്പിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കും ബിൽ പേയ്‌മെന്റ് സൈറ്റുകൾക്കും സമാനമായ വ്യാജ സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകാർ വലവിരിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കുവൈത്ത് സൈബർ ക്രൈം വിഭാഗം ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam