
സൗദി അറേബ്യ: സൗദിയില്‍ തൊഴിൽ തട്ടിപ്പിനിരയായ പത്തനാപുരം സ്വദേശി ഖദീജയെ നാട്ടിലെത്തിച്ചു. ഹൗസ് മെയ്‌ഡ് വിസയിൽ സൗദിയിലെത്തി ദുരിതത്തിലായ ഖദീജയ്ക്ക് എംബസിയുടെയും നോർക്കയുടെയും ഇടപെടലില്‍ ആശ്വാസം. പത്തനാപുരം വിളക്കുടി സ്വദേശി ഖദീജ ബീവി അഞ്ചു മാസം മുമ്പാണ് തബൂക്കിൽ വീട്ടുജോലിക്കായി എത്തിയത്.
സൗദിയിലുള്ള മലയാളി കുടുംബത്തിലാണ് ജോലിയെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരത്തുള്ള ട്രാവൽ ഏജൻറ് അൻപതിനായിരം രൂപ വാങ്ങിച്ച് ഖദീജയെ സൗദിയിൽ എത്തിച്ചത്. എന്നാൽ സ്വദേശിയുടെ വീട്ടിലായിരുന്നു ഖദീജയ്ക്ക് ജോലി നല്‍കിയത്. മാത്രമല്ല 25,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക ശമ്പളം ലഭിക്കുമെന്ന് പറഞ്ഞാണ് കൊണ്ടുവന്നതെങ്കിലും ആദ്യ രണ്ടു മാസം തുശ്ചമായ തുക ശമ്പളമായി ലഭിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ കഠിനമായ ജോലിയും ശാരീരിക പീഡനവും ഏൽക്കേണ്ടി വന്നു. ശമ്പളവും നൽകിയില്ല. തുടർന്ന് സ്വദേശിയുടെ വീട്ടിൽ നിന്ന് രക്ഷപെട്ട് ഇവർ പൊലീസിൽ അഭയം തേടുകയായിരുന്നു. തുടർന്നാണ് എംബസിയും നോർക്ക റൂട്ട്സും ഇടപെട്ട് ഖദീജയെ നാട്ടിലെത്തിക്കാൻ സഹായിച്ചത്.
ഖദീജയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേരള പൊലീസിലും മുഖ്യമന്ത്രിക്കും എംബസിക്കും പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ഖദീജയെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിയും നോർക്ക ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam