
മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയിദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മസ്‍കത്തിലെത്തി. മസ്‍കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അനുശോചനങ്ങള്‍ സ്വീകരിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ, യെമന്‍ പ്രസിഡന്റ് അബ്‍ദുറബ്ബ് മന്‍സൂര്‍ ഹാദി, ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജവാദ് സാരിഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ചാള്‍സ് രാജകുമാര്‍, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍വാലസ്, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി, തുനീഷ്യന്‍ പ്രസിഡന്റ് കൈസ് സഈദ് തുടങ്ങിയവര്‍ മസ്‍കത്തിലെത്തി അനുശോചനം അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാദ്‍മിര്‍ പുചിന്‍, ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോള്‍ക്കിയ, ലെബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍സ് തുടങ്ങിയവര്‍ അനുശോചന സന്ദേശങ്ങളയച്ചു. ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് അടക്കമുള്ള മന്ത്രിമാരുടെ സംഘം വിദേശ രാഷ്ട്രതലവന്മാരെ സ്വീകരിക്കാന്‍ അല്‍ ആലം കൊട്ടാരത്തിലുണ്ടായിരുന്നു. സ്വദേശികളുടെ വന്‍നിരയും പ്രിയപ്പെട്ട ഭരണാധികാരിക്ക് അനുശോചനമറിയിക്കാനെത്തിയിരുന്നു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അടക്കമുള്ള രാജകുടുംബത്തിലെ വിശിഷ്ട വ്യക്തികള്‍ ചൊവ്വാഴ്ച വരെ അനുശോചനങ്ങള്‍ സ്വീകരിക്കാന്‍ അല്‍ ആലം കൊട്ടരത്തില്‍ തുടരും.
വിവിധ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മസ്കത്തിലെത്തുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെയും ഇന്നും സുല്‍ത്താന്‍ ഖാബൂസ് സ്ട്രീസ്റ്റിലൂടെയുള്ള ഗതാഗതം റോയല്‍ ഒമാന്‍ പൊലീസ് നിരോധിച്ചു. മസ്‍കത്ത് മുതല്‍ ബുര്‍ജ് അല്‍ സഹ്‍വ റൗണ്ട് എബൗട്ട് വരെയുള്ള സ്ഥലത്താണ് വൈകുന്നേരം അഞ്ച് മണി വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം തടഞ്ഞത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യേണ്ടവര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
സുല്‍ത്താന്‍ ഖാബൂസ് റോഡില്‍ ബുര്‍ജ് അല്‍ സഹ്‍വ റൗണ്ട് എബൗട്ട് മുതല്‍ മസ്‍കത്ത് വരെയുള്ള ഭാഗങ്ങളില്‍ പാര്‍ക്കിങും നിരോധിച്ചിട്ടുണ്ട്. സീ റോഡ്, അല്‍ റിയാം പാര്‍ക്കിന് സമീപത്തുള്ള പാര്‍ക്കിങ് ഏരിയകള്‍ എന്നിവിടങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരം വരെ പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam