ലിഫ്റ്റില്‍ വെച്ച് അറബ് യുവതിയോട് ഫോണ്‍ നമ്പര്‍ ചോദിച്ച യുവാവ് കുടുങ്ങി

By Web TeamFirst Published Dec 18, 2018, 12:23 PM IST
Highlights

ലിഫ്റ്റിനുള്ളില്‍ വെച്ചുള്ള പ്രതിയുടെ പെരുമാറ്റത്തില്‍ താന്‍ ഭയന്നുപോയെന്നും പുറത്തിറങ്ങാന്‍ നേരത്ത് മനഃപൂര്‍വം തന്റെ കൈയില്‍ സ്പര്‍ശിച്ചുവെന്നും യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ യുവതിക്കൊപ്പം ലിഫ്റ്റില്‍ കയറിയെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചുവെന്നും യുവാവ് കോടതിയില്‍ സമ്മതിച്ചു. 

ഷാര്‍ജ: ലിഫ്റ്റില്‍ വെച്ച് ഫോണ്‍ നമ്പര്‍ ചോദിച്ച യുവാവിനെതിരെ അറബ് യുവതി കോടതിയെ സമീപിച്ചു. ഷാര്‍ജ കോടതിയിലാണ് കേസ് കഴിഞ്ഞ ദിവസം പരിഗണനയ്ക്ക് വന്നത്. രാത്രി ഒന്‍പത് മണിയോടെ താന്റെ താമസ സ്ഥലത്തെ ലിഫ്റ്റില്‍ കയറിയപ്പോള്‍ യുവാവ് ഒപ്പം കയറിയെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചുവെന്നുമാണ് പരാതി. താന്‍ വിവാഹിതയാണെന്ന് പറഞ്ഞ ശേഷവും ഇയാള്‍ പലതവണ ചോദ്യം ആവര്‍ത്തിച്ചുവെന്നും പരാതിയിലുണ്ട്.

ലിഫ്റ്റിനുള്ളില്‍ വെച്ചുള്ള പ്രതിയുടെ പെരുമാറ്റത്തില്‍ താന്‍ ഭയന്നുപോയെന്നും പുറത്തിറങ്ങാന്‍ നേരത്ത് മനഃപൂര്‍വം തന്റെ കൈയില്‍ സ്പര്‍ശിച്ചുവെന്നും യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ യുവതിക്കൊപ്പം ലിഫ്റ്റില്‍ കയറിയെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചുവെന്നും യുവാവ് കോടതിയില്‍ സമ്മതിച്ചു. ഒരു തവണ മാത്രമാണ് ചോദിച്ചതെന്നും വിവാഹിതയാണെന്ന് യുവതി പറഞ്ഞതോടെ താന്‍ പിന്നെ ഒന്നും സംസാരിച്ചിട്ടില്ലെന്നായിരുന്നു യുവാവിന്റെ വാദം. യുവതിയുടെ ശരീരത്തില്‍ സ്‍പര്‍ശിച്ചുവെന്ന വാദവും ഇയാള്‍ നിഷേധിച്ചു.

വാദത്തിനൊടുവില്‍ കേസുമായി മുന്നോട്ടുപോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ഇതോടെ താന്‍ നിരപരാധിയാണെന്നും കുറ്റവിമുക്തനാക്കണമെന്നും യുവാവ് കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇതില്‍ തീരുമാനമെടുക്കാതെ കേസ് ജനുവരി ഒന്‍പതിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

click me!