'ശബരിമല'യിൽ സർക്കാരിന് ഏകോപനമില്ലായ്മ? യുവതികൾ മല ചവിട്ടുന്നത് മന്ത്രി അറിഞ്ഞത് രാവിലെ മാത്രം

Published : Oct 19, 2018, 03:40 PM IST
'ശബരിമല'യിൽ സർക്കാരിന് ഏകോപനമില്ലായ്മ? യുവതികൾ മല ചവിട്ടുന്നത് മന്ത്രി അറിഞ്ഞത് രാവിലെ മാത്രം

Synopsis

സർക്കാരിലെ ഏകോപനക്കുറവ് വ്യക്തമാക്കുന്നതാണ് ഇന്ന് സന്നിധാനത്ത് നടന്ന സംഭവങ്ങൾ. സ്ത്രീകൾ മല ചവിട്ടുമെന്ന വിവരം ഇന്നലെ തന്നെ പൊലീസും ജില്ലാ ഭരണകൂടവും അറിഞ്ഞിട്ടും ദേവസ്വം മന്ത്രി അറിഞ്ഞത് മലകയറ്റം തുടങ്ങിയതിന് ശേഷം മാത്രം. രണ്ട് സ്ത്രീകളെ സന്നിധാനം വരെ എത്തിയ്ക്കാനുള്ള നീക്കം ദേവസ്വംമന്ത്രി ആവശ്യപ്പെട്ടിട്ടും പൊലീസ് തള്ളി. ഒടുവിൽ തന്ത്രി നടയടയ്ക്കുമെന്ന നിലപാടെടുത്തപ്പോഴാണ് പൊലീസ് തിരിച്ചിറങ്ങുന്നത്. 

സന്നിധാനം:  കവിതയും രഹ്‍ന ഫാത്തിമയും മല കയറുമ്പോൾ സംരക്ഷണം ഒരുക്കാൻ ഇന്നലെ തന്നെ പൊലീസ് തീരുമാനിച്ചിരുന്നു. ഇവരെത്തുന്ന വിവരം ജില്ലാ കളക്ടറാണ് ആദ്യം പൊലീസിന് കൈമാറിയത്. 

യാത്രാസംഘത്തിൽ ആദ്യം കവിത മാത്രമാണ് ഉണ്ടായിരുന്നത്. സ്വാമി അയ്യപ്പൻ റോഡ് തുടങ്ങുന്നയിടത്ത് വച്ചാണ് രഹ്ന സംഘത്തോടൊപ്പം ചേർന്നത്. ഇതിന് ശേഷമാണ് ദേവസ്വം മന്ത്രി വാർത്ത അറിഞ്ഞത്. അതും മാധ്യമങ്ങളിലൂടെ. 7.50 ന് ഡിജിപിയെ വിളിച്ച് നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അപ്പോൾ സംഘം മരക്കൂട്ടത്തിന് അടുത്തെത്തിയിരുന്നു. പക്ഷേ, സംഘം മുന്നോട്ട് തന്നെ നീങ്ങി. ഐജി ശ്രീജിത്തിനോടും ഈ ആവശ്യം മന്ത്രി ഉന്നയിച്ചെന്നാണ് അറിയുന്നത്. ആരെങ്കിലും തടഞ്ഞാൽ പിൻമാറുമെന്നായിരുന്നു ഐജിയുടെ പ്രതികരണം.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരാൾ പോലും സന്നിധാനം വരെ സംഘത്തെ തടഞ്ഞില്ല. ആരെങ്കിലും തടയാതെ പിൻമാറാനാകില്ലെന്ന നിലപാടിൽ ഉറച്ച് പൊലീസ് മുന്നോട്ട് പോയി. 

അങ്ങനെയാണ് നടപ്പന്തൽ വരെ യാത്രാസംഘം എത്തിയതും നടയടയ്ക്കുമെന്ന നിലപാട് തന്ത്രി എടുത്തതും. ഒടുവിൽ പരികർമികൾ പ്രത്യേകചടങ്ങുകൾ പോലും ബഹിഷ്കരിച്ച് പ്രതിഷേധം തുടങ്ങിയപ്പോൾ മന്ത്രി വീണ്ടും ഐജി ശ്രീജിത്തിനെ വിളിച്ചു. ഉടൻ മടങ്ങണമെന്ന കർശനനിർദേശം കിട്ടിയതോടെയാണ് പൊലീസ് മടങ്ങിയത്. 

പൊലീസിന്‍റെ നടപടിയിൽ കടുത്ത അതൃപ്തി മന്ത്രിയൊട്ട് മറച്ചുവച്ചതുമില്ല. 'വരുന്ന ആളുകൾ ആരാണ്, എന്താണ്, എന്നൊക്കെ അന്വേഷിയ്ക്കണമായിരുന്നു. അല്ലാതെ ഒരു അന്വേഷണവുമില്ലാതെ ആക്റ്റിവിസ്റ്റുകളെ മുകളിലേയ്ക്ക് കൊണ്ടുപോകരുതായിരുന്നു. ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിയ്ക്കാനുള്ള ഇടമല്ല ശബരിമല' മന്ത്രി പറ‍ഞ്ഞു.

പാർട്ടി സെക്രട്ടറിയെ കണ്ട കടകംപള്ളി സുരേന്ദ്രൻ സജീവമായ അനുനയനീക്കങ്ങൾക്ക് ഇന്നത്തെ സംഭവങ്ങൾ വലിയ പിന്നോട്ടടിയാണ് ഉണ്ടാക്കിയതെന്ന് അറിയിച്ചതായാണ് വിവരം. ശബരിമലയിൽ പൊലീസ് ഒരു വഴിയ്ക്കും ഭരണകൂടം മറ്റൊരു വഴിയ്ക്കുമാണെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഈ സാഹചര്യത്തിലാണ് ഗവർണർ ഡിജിപിയെ നേരിട്ട് വിളിച്ചുവരുത്തി സ്ഥിതിഗതികൾ ആരായുന്നതും. 

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല