ശബരിമല: മകരവിളക്ക് നാളെ, ഒരുക്കങ്ങള്‍ പൂർത്തിയായി. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പ സദ്യയും ഇന്ന് നടക്കും. മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് രാത്രി നട അടക്കില്ല.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂർത്തിയാകും കഴിഞ്ഞദിവസം വൈകുന്നേരത്ത് നടന്ന ആചാര്യവരണത്തോട് കൂടിയാണ് ശബരിമല സന്നിധാനത്ത് ശുദ്ധിക്രിയകള്‍ തുടങ്ങിയത്. മകരസംക്രമ പൂജ കണക്കിലെടുത്ത് ഇന്ന് നട അടക്കില്ല നാളെ വെളുപ്പിന് 2.09നാണ് സക്രമപൂ‍ജ തുടർന്ന് കവടിയാർ കൊട്ടാരത്തില്‍ നിന്നും കൊണ്ട് വന്ന നെയ്യ് ഉപയോഗിച്ച് സംക്രഭിഷേകം. ചടങ്ങുകള്‍ കഴിഞ്ഞ് രണ്ട് മുപ്പതിന് നട അടയ്ക്കും.

ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പൊലീസ് സേനാഅംഗങ്ങള്‍ സന്നിധാനത്ത് എത്തി. നിലവില്‍ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല.അതേസമയം മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.