
ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയിൽ. മൂന്ന് ലക്ഷത്തോളം അയ്യപ്പഭക്തർ ഈ ദിവസങ്ങളിൽ മാത്രം ദർശനത്തിനായി എത്തിയെന്നാണ് കണക്കുകൾ. തീർത്ഥാടക പ്രവാഹവും നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെയും പശ്ചാത്തലത്തിൽ ശബരിമലയിലെ സുരക്ഷയും ശക്തമാക്കി.
നിന്നുതിരിയാൻ ഇടമില്ലാത്തവിധം അയ്യപ്പഭക്തരുടെ പ്രവാഹമാണ് ശബരിമലയിൽ. വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയ ഒഴുക്ക് ശനിയാഴ്ചയും തുടർന്നു. പൊലീസ് ഏർപ്പെടുത്തിയ വെർച്ചൽ ക്യു സംവിധാനമുപയോഗിച്ച് രണ്ടുദിവസം കൊണ്ട് എൺപത്തി ഒന്നായിരം പേർ മലകയറി. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ അല്ലാതെയും എത്തി. ആദ്യ ദിവസങ്ങളിൽ മരക്കൂട്ടം വഴിയുള്ള കാൽനടക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതിമാറി. നാലും അഞ്ചും മണിക്കൂർ ക്യുവിൽ നിന്നാണ് ഭക്തർ അയ്യപ്പനെ തൊഴുന്നത്. കുട്ടികളടക്കം മണിക്കൂറുകൾ ക്യു നിന്ന് തളർന്നുവീണു. രണ്ട് ദിവസം കുട്ടികളടക്കം 15 പേർ ചികിത്സതേടിയെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്തർ കൂട്ടമായെത്തിയതോടെ ശബരിമലയിലെ സുരക്ഷയും ശക്തമാക്കി. മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ വനത്തിലെ പരിശോധനയും കർശനമാക്കി. റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആണ് ഈ പരിശോധനയക്ക് ചുമതല വഹിക്കുന്നത്.
സുരക്ഷ വിലിയരുത്താൻ കഴിഞ്ഞ ദിവസം എറണാകുളം റേഞ്ച് ഐജി പ്രത്യേക യോഗം വിളിച്ചു. ദ്രവരൂപത്തിലുള്ള സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമടക്കം പരിശോധിക്കാനാണ് നിർദ്ദേശം.കൂടാതെ അപ്പം അരണവണ എന്നിവയ്ക്കുപയോഗിക്കുന്ന നെയ്യ് ലാബിൽ പരിശോധിച്ച് മാത്രം ഉപയോഗിക്കാനും നിർദ്ദേശം നൽകി. കുടിവെള്ള വിതരണം പൂർണ്ണമായും പൊലീസിന്‍റെയും, കേന്ദ്ര സേനയുടെയും നിയന്ത്രണത്തിലാണ്.