ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാർ കോടതിയിൽ പോകില്ലെന്ന് മന്ത്രി എ കെ ബാലൻ

By Web TeamFirst Published Nov 27, 2019, 10:27 PM IST
Highlights

''ശബരിമലയിൽ സ്ത്രീകൾക്ക് കയറാമോ എന്ന കാര്യത്തിൽ സുപ്രീംകോടതി വിധിയിൽ ഇപ്പോഴും കടുത്ത ആശയക്കുഴപ്പമാണ്'', എന്ന് എ കെ ബാലൻ 'പോയന്‍റ് ബ്ലാങ്കിൽ'. ഇനി എങ്ങാനും വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചാൽ, സ്ത്രീകൾ കയറണമെന്ന് പറഞ്ഞാൽ സർക്കാർ പ്രശ്നത്തിലാകുമോ എന്ന ചോദ്യത്തിന് ''ഒരിക്കലുമില്ലെന്ന്'' ഉത്തരം.

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്ക് കയാറാമോ എന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് വ്യക്തത തേടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് നിയമ മന്ത്രി എ കെ ബാലൻ. കോടതി വിധിയിൽ അവ്യക്തത ഉണ്ടെങ്കിലും അന്തിമവിധി വരെ കാക്കും. യുവതീപ്രവേശം നടക്കില്ലെന്ന് ഉറപ്പായതോടെ എതിർപക്ഷമാണ് ഇന്നലെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായിയെ ഇറക്കിയതെന്ന ആരോപണം എ കെ ബാലനും ആവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ കോർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസുമായി സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ബാലൻ.

ശബരിമല കയറാൻ ഒരു യുവതിക്കും പൊലീസ് സംരക്ഷണം നൽകില്ലെന്നാണ് സർക്കാർ ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലം ശബരിമല കയറാൻ രഹ്ന ഫാത്തിമക്ക് പൊലീസ് സംരക്ഷണം നൽകിയ സർക്കാർ ഇത്തവണ യുവതീ പ്രവേശനം വേണ്ടേ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. യുവതീ പ്രവേശനവിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാലമായ ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നുവെന്ന പഴുത് കണ്ടെത്തിയാണ് പിന്നോട്ടു പോക്ക്.

ഇതിനിടെ, ബിന്ദു അമ്മിണിക്കെതിരായ അക്രമത്തെ പരിഹസിച്ച മന്ത്രി എം എം മണിയുടെ ട്രോൾ വിവാദമായി. എല്ലാം നാടകമെന്ന മട്ടിലായിരുന്നു എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീയെ ആക്രമിച്ച സംഘപരിവാറുകാരന് സമാനമാണ് മന്ത്രിയുടെ പരിഹാസമെന്ന് മണിയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് കടുത്ത വിമർശനമുയർത്തുന്ന കമന്‍റുകളെല്ലാം പറയുന്നു.

എന്നാൽ തൃപ്തി ദേശായിയുടെ വരവും ബിന്ദുവിനെതിരായ അക്രമവും സംഘപരിവാർ ഗൂഡാലോചനയാണെന്ന് ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. മന്ത്രി ബാലനും ബിന്ദുവും തമ്മിൽ നേരത്തെ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു കോൺഗ്രസ്സിന്‍റെയും ബിജെപിയുടെയും ആരോപണം.

ഇന്നത്തെ സംഭവങ്ങൾക്ക് പിന്നിൽ സർക്കാരാണെന്നാണ് ബിജെപി ആരോപണം. എ കെ ബാലനും ബിന്ദു അമ്മിണിയും കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി ഇത് വിശദീകരിക്കണമെന്നും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു

സമാന ആവശ്യമാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ചത്. ബിന്ദു തന്‍റെ ഓഫീസിലെത്തിയതായി അറിയില്ലെന്നായിരുന്നു ബാലന്‍റെ വിശദീകരണം. അതേസമയം ബിന്ദുവിനെതിരായ അക്രമത്തെ കോൺഗ്രസ്സും ബിജെപിയും അപലപിച്ചില്ലെന്നതും ശ്രദ്ധേയം. 

ഒരിടവേളക്ക് ശേഷം വീണ്ടും യുവതീപ്രവേശന വിവാദം സംഘ‍ർഷത്തിലേക്ക് നീങ്ങിയതിൽ സർക്കാർ ആശങ്കയിലാണ്. ഒപ്പം ഒരു വശത്ത്  ലിംഗസമത്വം പറയുമ്പോൾ മറുവശത്ത് യുവതീകൾക്ക് സംരക്ഷണമില്ലെന്ന് മന്ത്രിമാർ തന്നെ ആവർത്തിക്കുന്നതിൽ സിപിഎം വെട്ടിലുമാണ്. ഈ സാഹചര്യത്തിലാണ് ‍ഞങ്ങൾ എ കെ ബാലനോട് സംസാരിച്ചത്.

അഭിമുഖത്തിന്‍റെ പൂർണരൂപം ഇവിടെ കാണാം:

click me!