
ശബരിമല: ശബരിമല സന്നിധാനത്തേക്കുള്ള തങ്കഅങ്കി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ ഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്കഅങ്കി സന്നിധാനത്തേക്ക് കൊണ്ട് പോകുന്ന രഥവും തയ്യാറായി കഴിഞ്ഞു.
420 പവന്‍ തൂക്കം വരുന്ന തങ്കഅങ്കി തിരുവതാംകൂര്‍ രാജാവാണ് നടക്ക് വച്ചത്. തങ്കഅങ്കി ചാര്‍ത്തിയാണ് മണ്ഡല പൂജാ ദിവസം പ്രത്യേക പൂജകള്‍ നടത്തുക. ആചാര പ്രകാരമാണ് തങ്കഅങ്കി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് സന്നിധാനത്തേക്ക് കൊണ്ട് പോവുക. ഇതിന് പ്രത്യേക രഥം തയ്യാറാക്കിയിരുന്നത് കൊഴഞ്ചേരി സ്വദേശിയായ തങ്കപ്പന്‍ ആചാരിയായിരുന്നു. തങ്കപ്പനാചാരിയുടെ മരണശേഷം ഇപ്രാവശ്യം രഥം തയ്യാറാക്കുന്നത് പുത്രന്‍മാരായ വിജു, വിനു, അനു എന്നിവര്‍ചേര്‍ന്നാണ്. രഥം തയ്യാറാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്. ജീപ്പിലാണ് പ്രത്യേക രഥം തയ്യാറാക്കിയിരിക്കുന്നത്. 22ന് പുറപ്പെടുന്ന രഥം ഞായറാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും
പമ്പയില്‍ നിന്നും അയ്യപ്പഭക്തരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് തങ്കഅങ്കി ശിരസ്സിലേറ്റി സന്നിധാനത്തേക്ക് കൊണ്ട് പോകും. ഞായറാഴ്ച വൈകുന്നേരം തങ്ക അങ്കിചാര്‍ത്തിയുള്ള പ്രത്യേക ദീപാരാധന നടക്കും. തിങ്കളഴ്ചയാണ് മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡല പൂജ. രാവിലെ പതിനൊന്ന് നാല്‍പത്തിയഞ്ചിനും ഉച്ചക്ക് ഒരുമണിക്കും ഇടക്കുള്ള സ്‌നാനകാലത്ത് തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക പൂജയോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും തുടര്‍ന്ന രാത്രി പതിനൊന്ന് മണിക്ക് ശ്രിധര്‍മ്മസാസ്താവിനെ ഹരിവരാസനം ചോല്ലി യോഗനിദ്രയിലാക്കി നട അടക്കും.