രക്തത്തില്‍ കുതിര്‍ന്ന സാനിറ്ററി പാഡുമായി നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകുമോ? ശബരിമല വിഷയത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി

By Web TeamFirst Published Oct 23, 2018, 3:37 PM IST
Highlights

ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട് എന്നാൽ അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്ന് സ്മൃതി പറഞ്ഞു.

ദില്ലി: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി  കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത് . ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട് എന്നാൽ അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്ന് സ്മൃതി പറഞ്ഞു. മുംബൈയിൽ യുവജന ചിന്തകരുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ആർത്തവ രക്തത്തിൽ കലർന്ന സാനിറ്ററി പാഡുകളുമായി  നിങ്ങളുടെ സുഹൃത്തിന്റെ  വീട്ടിലേക്ക് പോകുമോ?പിന്നെ എന്തിന് വേണ്ടിയാണ് നിങ്ങൾ ആരാധനാലയങ്ങളിലേക്ക് അത് കൊണ്ടു പോകുന്നത്?സ്മൃതി ഇറാനി ചോദിച്ചു.  കോടതി വിധിയെ പറ്റി പറയാൻ ഞാൻ ആളല്ലെന്നും കേന്ദ്രമന്ത്രി എന്ന പദവിയിലിരിക്കെ തനിക്ക് തുറന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
 
കുറച്ചു കാലം മുമ്പ് അന്ധേരിയിലെ ഒരു പ്രസിദ്ധമായ  ക്ഷേത്രത്തില്‍ പോയപ്പോള്‍ താന്‍ അകത്തു പ്രവേശിച്ചില്ലെന്നും   തന്റെ മകനാണ് തനിക്കു പകരം വഴിപാടുകളും മറ്റു ചടങ്ങുകളും നിര്‍വഹിച്ചതെന്നും താന്‍ പുറത്തു നിന്നു പ്രാര്‍ഥിച്ചതേയുള്ളൂവെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്മൃതിയുടെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളില്‍ വൻ വിമർശനങ്ങളാണ് ഇതിനോടകം   ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. 

സുപ്രീംകോടതി വിധിക്കു ശേഷം ഒക്ടോബര്‍ 17ന് ശബരിമല നട തുറക്കുകയും 22ന് തുലാമാസ പൂജകള്‍ക്കായി അടയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നിരവധി സ്ത്രീകൾ അയ്യപ്പനെ കാണാൻ എത്തിയിരുന്നു. സുപ്രീംകോടതി വിധി വക വെക്കാതെ ആചാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് അയ്യപ്പസേവാസംഘങ്ങളുള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം സന്നിധാനത്ത് ദിവസം ചെല്ലും തോറും ശക്തമാവുകയാണ്. സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. നവംബര്‍ 17നാണ് മണ്ഡലകാലം ആരംഭിക്കുന്നത്.

click me!