
വിപിന്‍ പാണപ്പുഴ
1978 തൃശൂരിലെ കലോത്സവത്തിന്‍റെ സമാപനം. കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ തെരഞ്ഞെടുത്ത ഇനങ്ങള്‍ വീണ്ടും അവതരിപ്പിക്കുക എന്നത് അന്നത്തെ പതിവായിരുന്നു. ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിയാണ് ആദ്യമായി വേദിയില്‍ എത്തിയത്. കൃഷ്ണന്‍റെ ഓടക്കുഴലിന്‍റെ ചുംബന സൌഭാഗ്യം ഗാനസുധയായി കാണികളിലേക്ക് പടര്‍ന്നു. മുഴുമിക്കുന്നതിനൊപ്പംതന്നെ നിറഞ്ഞ കൈയ്യടി എത്തി വേദിയില്‍ നിന്നും സദസില്‍ നിന്നും.
ഗാനത്തിന് ശേഷം നൃത്തമാണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ നൃത്തത്തിനായി തയ്യാറായിരുന്ന കുട്ടി പെട്ടെന്ന് അവശയായി. എന്തു ചെയ്യണം എന്ന് അറിയാതെ സംഘാടകര്‍ വിഷമിക്കുന്ന സമയം. വേദിയില്‍ ഉണ്ടായിരുന്ന അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്‍ പറഞ്ഞു, നേരത്തെ പാടിയ കുട്ടി വീണ്ടും പാടട്ടെ.. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ പത്താം ക്ലാസുകാരി വീണ്ടും പാടി.
ചിത്ര എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. അതെ മലയാളിക്ക് സ്വരമാധുരിയുടെ പുതിയ അനുഭൂതികള്‍ സമ്മാനിച്ച ചിത്ര. കലോത്സവം കണ്ണൂരിന്‍റെ മണ്ണില്‍ കൊടിയേറുന്പോള്‍ വിശിഷ്ടാതിഥിയായി ചിത്രയുണ്ട്. മത്സരത്തിന് അപ്പുറം കലയുടെ തനിമയ്ക്ക് വില നല്‍കണം എന്നാണ് ചിത്ര പറയുന്നത്. സംഘര്‍ഷത്തിന് വേണ്ടിയല്ല സംഗീതം എന്ന് ചിത്ര മത്സരാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുന്നു.
ഒഎന്‍വി രചിച്ച് എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഓടക്കുഴലേ എന്ന സമ്മാനം വാങ്ങി തന്ന ഗാനം വീണ്ടും ചിത്ര ഇന്ന് കലോത്സവവേദിയില്‍ ആലപിക്കും.