
കേരളത്തിന്റെ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. ഫാസിസത്തിന്റെ പിന്‍വാതില്‍ പ്രവേശനം തടയുവാന്‍ എല്ലാ സര്‍ഗാത്മക സൃഷ്ടികള്‍ക്കും സാധിക്കണമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഗായിക കെ എസ് ചിത്ര ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
സ്വാഗത ഗാനത്തോടെയാണ് കലോത്സവ ഉദ്ഘാടന വേദി ഉണര്‍ന്നത്. 53 അദ്ധ്യാപകര്‍ ഗാനം ആലപിക്കുമ്പോള്‍ കുട്ടികള്‍ ഇതിന് ദൃശ്യാവിഷ്‌കാരം ഒരുക്കി. അതേസമയം ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചില ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം നടത്തി. ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ നിന്നും മുന്‍മന്ത്രി ഇ പി ജയരാജന്‍ വിട്ടുനിന്നത് ശ്രദ്ധേയമായി.
ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടിയാണ് ആദ്യ മല്‍സരയിനം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യം, തിരുവാതിര, പഞ്ചവാദ്യം എന്നിവയിലും ഇന്ന് മല്‍സരങ്ങളുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം അക്ഷരശ്ലോകം, സംസ്‌കൃതോത്സവത്തിന്റെ ഭാഗമായ ചമ്പു ഭാഷണം മല്‍സരങ്ങളും ഇന്ന് നടക്കും. 10 വേദികളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. കേരളത്തിലെ വിവിധ നദികളുടെ പേരിലാണ് വേദികള്‍ അറിയപ്പെടുന്നത്.