എപ്പോഴെങ്കിലും കലോത്സവത്തിന് ബിരിയാണി കൊടുത്താലോ..!

Published : Jan 16, 2017, 08:30 AM ISTUpdated : Oct 05, 2018, 02:50 AM IST
എപ്പോഴെങ്കിലും കലോത്സവത്തിന് ബിരിയാണി കൊടുത്താലോ..!

Synopsis

കണ്ണൂരിന്റെ ഒരു പ്രത്യേകതയായി പലപ്പോഴും ചൂണ്ടികാട്ടുന്ന പ്രത്യേകതകളില്‍ ഒന്ന് ഭക്ഷണകാര്യത്തിലെ ചില മൗലികതകകളാണ്. ഓണത്തിനും വിഷുവിനും കേരളത്തിന്റെ പലഭാഗങ്ങളും പച്ചക്കറി സദ്യയില്‍ ആഘോഷങ്ങള്‍ ഒരുക്കുന്ന സമയത്ത് സദ്യ വിളമ്പുന്ന ഇലയുടെ അറ്റത്ത് ഒരു കഷ്ണം കോഴിയിറച്ചികൂടി വേണം മലബാറുകാരന്, പ്രത്യേകിച്ച് കണ്ണൂരുകാരന്. ഇത്തരം ഭക്ഷണ ശീലങ്ങള്‍ നിലനില്‍ക്കുന്ന കണ്ണൂരില്‍ കലോത്സവം എത്തുമ്പോള്‍ നോണ്‍വെജ് കലോത്സവ ഊട്ടുപുരയില്‍ വേണ്ടെ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ചോദ്യം.

കണ്ണൂരിലെ കലോത്സവത്തില്‍ മാത്രമല്ല കേരള പിറവിയോളം പഴക്കമുള്ള കേരളത്തിന്റെ കലാമമാങ്കത്തില്‍ അപൂര്‍വ്വമായി മാത്രമേ നോണ്‍വെജ് ഊട്ടുപുരയില്‍ എത്തിയിട്ടുള്ളു. ഇതിന് പ്രത്യേകമായ വല്ല നിയമമോ  നിര്‍ദേശമോ ഉണ്ടോ എന്ന ചോദ്യം വിദ്യഭ്യാസ അധികാരികളോടും ഭക്ഷണകമ്മിറ്റി അംഗങ്ങളോടും ആരാഞ്ഞു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രത്യേക നിര്‍ദേശം ഒന്നും  നിലവില്‍ ഇല്ലെന്നാണ് ലഭിച്ച വിവരം. കാലാകാലമായി തുടരുന്ന ഒരു രീതി ഇപ്പോഴും ആവര്‍ത്തിക്കുന്നു. കൃത്യമായ രീതിയില്‍ അത് നടന്നുപോകുന്നു.

ഭക്ഷണകാര്യത്തില്‍ കുട്ടികള്‍ക്കോ, മറ്റുള്ളവര്‍ക്കോ ഉള്ള സ്വതന്ത്ര്യമാണ് സര്‍ക്കാര്‍ ചിലവില്‍ ഹനിക്കുന്നത് എന്ന് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ വാദിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ചിന്തിക്കുന്നതിന് പകരം സര്‍ക്കാരിന്റെ വലിയോരു തുക ചിലവാക്കി നടത്തുന്ന പരിപാടിയില്‍ ആരോഗ്യപരമായോ, അല്ലെങ്കില്‍ സംഘാടനത്തിന്റെ പിഴവോ സംഭവിക്കാതിക്കാന്‍ പലപ്പോഴും ചെയ്യുന്നത് കൃത്യമായ സുരക്ഷിതമായ ഇടത്ത് നിന്നുകൊണ്ട് മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ അതേപടി തടരുക എന്നതാണ്. അത്തരം തുടര്‍ച്ചയാണ് കലോത്സവത്തിന് എന്നും വെജിറ്റേറിയന്‍ ഊട്ടുപുരയുണ്ടാകുവാന്‍ കാരണം എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

കണ്ണൂരിന്റെ ഭക്ഷണക്രമം ചൂണ്ടികാട്ടി ഈ ചോദ്യം ഭക്ഷണകമ്മിറ്റി ചെയര്‍മാനോട് ചോദിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയോന്നും സംഘാടക സമിതിക്ക് മുന്നിലേക്ക് വരാത്തതിനാല്‍ ഇതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരമൊരു മാറ്റത്തിന്റെ ആവശ്യം തല്‍കാലം ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചിലവിന്റെ കാര്യത്തിലും വെജിറ്റേറിയന്‍ ലാഭമാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ചില പാചകക്കാരുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ ഇതിലും ചില പൊരുത്തക്കേടുകള്‍ കാണാം. വെജിറ്റേറിയന്‍ പാചകക്കാര്‍ അതാണ് ലാഭകരം എന്ന് പറയും, എന്നാല്‍ നോണ്‍വെജ് പാചകക്കാരന്‍ തിരിച്ചും. 

ഒടുവില്‍ ഈ ഒരു കാര്യത്തില്‍ വര്‍ഷങ്ങളായി കലോത്സവത്തിന്റെ ഊട്ടുപുര കൈകാര്യം ചെയ്യുന്ന പഴയിടം നമ്പൂതിരിയെ സമീപിച്ചു, അദ്ദേഹം പറഞ്ഞത് ഇതാണ്.
'' സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ഏത് ഭക്ഷണം ഒരുക്കുന്നതിലും എതിര്‍പ്പ് ഒന്നും ഇല്ല, ഞങ്ങള്‍ക്ക് തന്നെ നോണ്‍വെജ് യൂണിറ്റുണ്ട്. പിന്നെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കായിക മേളയില്‍ ഒരു നേരം നോണ്‍വെജ് കൊടുക്കുന്നുണ്ടല്ലോ. പക്ഷെ കലോത്സവത്തില്‍ അത് വേണ്ട എന്നതാണ് അഭിപ്രായം. അത് നോണ്‍വെജിനോടുള്ള ഇഷ്ടകുറവ് കൊണ്ടൊന്നും അല്ല. സമയ ക്ലിപ്തയില്ലാത്ത ഒരു പരിപാടിയാണ് കലോത്സവം, രാത്രി 11 മണിക്കും ഊട്ടുപുര സജീവമായിരിക്കും. നോണ്‍വെജ് ഉണ്ടാക്കിയാല്‍ അവ വലിയോരുസമയത്തേക്ക് ഇത്രയും വലിയ അളവില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഇത്രയും വലിയ മേളയില്‍ ഇന്‍ഫക്ഷനോ മറ്റോ സംഭവിക്കരുതല്ലോ.. ''

ഇത്തരത്തിലുള്ള ആരോഗ്യകാരണങ്ങളും നോണ്‍വെജ് ഇല്ലാത്ത ഊട്ടുപുരയ്ക്ക് പിന്നില്‍ ഉണ്ടായിരിക്കാം. എന്തായാലും ഇത്തരത്തിലുള്ള ഒരു ചര്‍ച്ച ഉയര്‍ത്തികൊണ്ടുവരുന്നവര്‍ക്ക് പ്രതീക്ഷിക്കാം, അല്ല ഇനി, എപ്പോഴെങ്കിലും കലോത്സവത്തിന് ബിരിയാണി കൊടുത്താലോ...
 

PREV
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു