
വിപിന്‍ പാണപ്പുഴ
കണ്ണൂര്‍: ഹൈസ്കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അനിയന്‍ സംവിധാനം ചെയ്ത നാടകത്തിന് സദസ്സ് ഒന്നടങ്കം നിറഞ്ഞ കൈയ്യടി നല്‍കിയപ്പോള്‍ അതിന് സാക്ഷിയായി ചേട്ടനും ആ വേദിയിലുണ്ടായിരുന്നു. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതാവട്ടെ ചേട്ടന്‍റെ നാടകത്തിനും. അതെ, വിജയങ്ങള്‍ അവര്‍ത്തിക്കാന്‍ വന്നവരായിരുന്നു ആ സംവിധായക സഹോദരങ്ങള്‍. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഒരിടത്ത്, ഒരിടത്ത് എന്ന നാടകം സംവിധാനം ചെയ്ത നിഖിലും, ഹൈസ്കൂള്‍ വിഭാഗത്തില്‍ ശ്രദ്ധേയമായ പലഹാരപ്പൊതി എന്ന നാടകം അണിയിച്ചൊരുക്കിയ നിജിലുമായിരുന്നു ആ സഹോദരന്മാര്‍.
തൃശ്ശൂര്‍ ജില്ലയില്‍ നിന്നാണ് രണ്ടുപേരും നാടകവുമായി എത്തിയത്. തൃശ്ശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ററി സ്കൂളിന് വേണ്ടിയാണ് നിഖില്‍ ദാസ് നാടകം ചെയ്തത്. സമകാലിക രാഷ്‌ട്രീയ സാഹചര്യത്തെ മനോഹരമായി വിവരിക്കുന്ന നാടകം രചിച്ചത് സാഗര്‍ സത്യനാണ്. മൂന്ന് മാസത്തോളം സമയമെടുത്ത് അണിയിച്ചൊരുക്കിയ നാടകത്തില്‍ കുട്ടികളുടെ സര്‍ഗാത്മകത കൂടി ചേര്‍ന്നപ്പോഴാണ് പൂര്‍ത്തിയായതെന്ന് നിഖില്‍ പറയുന്നു. അങ്ങനെ രൂപപ്പെട്ട കൂട്ടായ്മയാണ് പ്രതിസന്ധികളൊന്നുമില്ലാതെ ആ നാടകത്തെ സംസ്ഥാന കലോത്സവത്തില്‍ ഒന്നാമത് എത്തിച്ചത്. കാണാതായ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകളും, ഇടിമുറികളും ഒക്കെ സജീവമായ കാലത്ത് വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും സംസാരിക്കേണ്ട ഒരു വിഷയമാണ് നാടകത്തിനായി തെരഞ്ഞെടുത്തതും.
സജീവ നാടക പ്രവര്‍ത്തകനായ നിഖില്‍, മത്സര ദിവസം മറ്റൊരു നാടകത്തില്‍ അഭിനയിക്കുന്നതിനായി മൈസൂരിലായിരുന്നു. പക്ഷേ കുട്ടികളുടെ അവതരണം കാണാന്‍ പറ്റിയില്ലെന്ന നിരാശയൊന്നുമില്ലെന്ന് നിഖില്‍ പറയുന്നു. അവര്‍ നേടാനുള്ളത് നേടി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ കവചിതം എന്ന നാടകവും അണിയിച്ചൊരുക്കിയത് നിഖില്‍ തന്നെയായിരുന്നു.
കൂട്ടനെല്ലൂര്‍ ഹൈസ്കൂളിന് വേണ്ടിയാണ് നിഖിലിന്‍റെ സഹോദരന്‍ നിജില്‍ നാടകം തയ്യാറാക്കിയത്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം നേടി എത്തിയ നാടകം സമൂഹത്തിന്‍റെ മത്സരബുദ്ധി കുട്ടികളുടെ കണ്ണിലൂടെ അവതരിപ്പിക്കുകയാണ്. പോസ്റ്റ്മാനായി ജോലി ചെയ്യുകയാണ് നിജില്‍.
തൃശ്ശൂര്‍ പൊറന്നാട്ടുകര സ്വദേശികളാണ് നിഖിലും നിജിലും. വാദ്യകലാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഇരുവരും മികച്ച വാദ്യകലാകരന്മാര്‍ കൂടിയാണ്. അച്ഛന്‍ ദേവദാസും വാദ്യകലാകാരന്‍ തന്നെ. അമ്മ ലളിത.