
വിപിന്‍ പാണപ്പുഴ
കലോത്സവം 57-മത്തെ വര്‍ഷത്തിലേക്ക് കടക്കുന്നു. ആഘോഷപ്പൊലിമയിലാണ് കലോത്സവം നടക്കുന്നത്. എന്നാല്‍ ഒരു പകിട്ടും തോരണങ്ങളും ഇല്ലാതെ ഒരു ദിവസമായി നടന്ന കലോത്സവത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കില്‍ അതായിരുന്നു കേരളത്തിലെ ആദ്യ കലോത്സവം. വേദി എറണാകുളം എസ്ആര്‍വി സ്കൂള്‍. 1956ല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി എസ് വെങ്കിടേശ്വരനാണ് കേരളത്തിലും സ്കൂള്‍ കലോത്സവമെന്ന ആശയത്തിന് പിന്നില്‍. മൗലാനാ ആസാദ് സര്വവകലാശാല വിദ്യാര്‍ഥിക്ക് വേണ്ടി ദില്ലയില്‍ നടത്തിയ ഒരു യുവജനോത്സവത്തില്‍ അദ്ദേഹം പങ്കെടുത്തു.
കേരളത്തിലും അതേ മാതൃകയില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെങ്കിടേശ്വരന്‍റെ ആശയമാണ് ഇന്നു കാണുന്ന സ്‌കൂള്‍ കലോത്സവമായി പരിണമിച്ചത്. 1956 നവംബറില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഹെഡ്മാസ്റ്റമാരുടെയും ഒരു യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി. കുട്ടികളുടെ കലാവാസനകള്‍ വളര്‍ത്തുന്നതിനായി കലാമേളകള്‍ സംഘടിപ്പിക്കുക എന്ന ആശയം ആ യോഗത്തില്‍ അദ്ദേഹം അവതരിപ്പിച്ചു.
ഇതിനെ തുടര്‍ന്ന് പ്രത്യേകിച്ച് ഒരു രൂപരേഖയൊന്നുമില്ലാതെയാണ് ആദ്യ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടന്നത്. 1957 ജനുവരി 26നാണ് എറണാകുളം എസ്ആര്‍വി ഹൈസ്‌കൂളിള്‍ ആദ്യകലോത്സവത്തിന് തിരിതെളിഞ്ഞത്. വിദ്യാഭ്യാസ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്ടറും പിന്നീട് ഡയറക്ടറുമായിരുന്ന രാമവര്‍മ അപ്പന്‍ തമ്പുരാനായിരുന്നു മേള നടത്തിപ്പിന്റെ ചുമതല. ഗേള്സ്‍ സ്‌കൂളിലെ ഏതാനും ഹാളുകളിലും മുറികളിലും വച്ചാണ് മത്സരങ്ങള്‍ നടന്നത്.
അറുപത് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നാന്നൂറോളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ആദ്യത്തെ കലോത്സവത്തില്‍ പങ്കെടുത്തത്. ആകെ 13 ഇനങ്ങളിലായി 18 മത്സരങ്ങൾ ഉണ്ടായിരുന്നു. പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം, ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലേ എന്നിവയായിരുന്നു ഇനങ്ങള്‍. ഇവയില്‍ പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം എന്നീ ഇനങ്ങളല്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തിയത്.
ശാസ്ത്രീയസംഗീതവും ലളിതസംഗീതവുമെല്ലാം ആലപിച്ചവരില്‍ നിന്ന് ഒരു വിജയിയെ നിശ്ചയിച്ചു. അതുപോലെ നൃത്തവിഭാഗത്തില്‍ ഭരതനാട്യം, നാടോടിനൃത്തം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങല്‍ അവതരിപ്പിച്ചവരില്‍ നിന്ന് ഒരാള്‍ വിജയിയായി. ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം എന്നിവ ഒരു പ്രദര്‍ശനമായാണ് നടത്തിയത്.
പ്രധാന അദ്ധ്യാപകരുടെ സാക്ഷ്യപത്രങ്ങളോടെ കൊണ്ടുവന്ന പ്രദര്‍ശന വസ്തുക്കള്‍ ഒരു മുറിയില്‍ പ്രദശിപ്പിക്കുകയും വിധി കര്‍ത്താക്കള്‍ അവ പരിശോധിച്ച് വിജയികളെ നിശ്ചയിക്കുകയും ചെയ്തു. നാടകത്തിന് 30 മിനിട്ടായിരുന്നു സമയപരിധി. ജനുവരി 27ന് വൈകീട്ട് കൊച്ചിന്‍ പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം എസ് വെങ്കിട്ടരാമന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വെച്ച് ആദ്യ കലോത്സവത്തിന്‍റെ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു.
അന്ന് ഇന്ന് കാണും പോലെ വിശാലമായ ഊട്ടുപുരയൊന്നും ഉണ്ടായിരുന്നില്ല. പകരം എസ്ആര്‍വി സ്കൂളിന് എതിര്‍വശത്തുള്ള ഹോട്ടലില്‍ ആയിരുന്നു ഭക്ഷണം. ഒരു കുട്ടിക്കും അദ്ധ്യാപകനും അവിടെ കൂപ്പണ്‍ നല്‍കി. ഒരാള്‍ക്ക് 1 രൂപയായിരുന്നു അന്നത്തെ ചിലവ്.