കെടാത്ത കനലുകള്‍

Published : Jan 20, 2017, 12:58 PM ISTUpdated : Oct 04, 2018, 11:37 PM IST
കെടാത്ത കനലുകള്‍

Synopsis

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ രചന.  
നേമം വിക്ടറി ഗേള്‍സ് എച്ച്.എസ് ഒമ്പതാം തരം വിദ്യാര്‍ത്ഥിനി എഴുതിയ കഥ. വിഷയം:ഒരു മിസ്ഡ് കാളിന്റെ ദൂരം

ഇലഞ്ഞി,യുവതിയായിരിക്കുന്നു!

എപ്പോഴും പൂക്കള്‍ പാറ്റിയെറിഞ്ഞുകൊണ്ട് കാറ്റിന്റെ കുസൃതിക്കൊപ്പം കുലുങ്ങി ചിരിക്കും.അവളുടെ കൊഴിഞ്ഞ പൂക്കള്‍ താഴെ തണലേറ്റു മയങ്ങുന്നു. സൂര്യപ്രകാശം ഇലഞ്ഞിയുടെ ഇലകള്‍ക്കിടയിലൂടെ അപ്പുമാഷിനെ ഒളിഞ്ഞുനോക്കികൊണ്ടിരുന്നു.പണ്ട് ജാനകിയോടോപ്പം ഇലഞ്ഞിത്തണലില്‍ ഇരുന്നാണ്,മക്കളില്ലാത്തതിന്റെ വിരഹം വിഴുങ്ങിയിരുന്നത്. പലപ്പോഴും അവള്‍ താലോലിക്കുന്ന ഇലഞ്ഞിപ്പൂവിലേക്കും കണ്ണീരടര്‍ന്നുവീണിട്ടുണ്ടാവും.
        
 'മാഷേ.....ഇതു ദേവുവാ....'

ദേവേടത്തിയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.

'ആരിത് ദേവേടത്തിയോ,ഇന്നും മകന്റെ വിശേഷം തേടിയാവും വന്നത് ല്ല്യേ?'

'ഓന്റെ വിശേഷമല്ലാതെ എനിക്കെന്താണ് അറിയാനുള്ളത്?'

'ദാ ഫോണവിടെത്തന്നെയുണ്ട് ഏടത്തി വിളിച്ചോളൂ'

അവര്‍ ആവേശത്തോടെ ഫോണിന്റെ ബട്ടണമര്‍ത്തുന്നത് അയാള്‍ നോക്കി നിന്നു.

   'പാവം! ഇന്നെങ്കിലും അവനെടുക്കുവോ, ആവോ?'അപ്പുമാഷ് പിറുപിറുത്തു.

ഇലഞ്ഞിയുടെ പൂക്കളെപ്പോലെ അപ്പുമാഷ് വീണ്ടും ചിന്തകളിലേക്കമര്‍ന്നു. മനു പഠനത്തില്‍ മിടുക്കനായിരുന്നു. നല്ല അച്ചടക്കവും അനുസരണയും. കല്ല് വെട്ടുപണിക്കുപോയിരുന്ന ദേവേടത്തിയുടെ യാചന എന്നും തന്റെ മുന്നിലെത്തും. 

'എന്റെ മകനെ പഠിപ്പിച്ച് വലിയ ആപ്പീസറാക്കീട്ട്,എന്നെയും മോനെയും കളഞ്ഞിട്ടുപോയ ആ തന്തയുടെ മുന്നില്‍ നിര്‍ത്തണം.'

പണിക്കുപോകുന്നതിനുമുന്‍പ്,അടുക്കളയില്‍ പൊതിച്ചോറുകെട്ടുന്ന ജാനകിയോട് അവര്‍ സങ്കടത്തോടെ പറയാറുള്ള ഈ വാചകം തനിക്കിപ്പോഴും കാണാപാഠമാണ്.

'മാഷേ അവനെടുക്കുന്നില്ല,ഓഫീസില്‍ തിരക്കുണ്ടാവും'വീണ്ടും ദേവേടത്തിയുടെ സ്വരം ചിന്തകളില്‍ നിന്നു തിരിച്ചു വിളിച്ചു.
അപ്പുമാഷ് ദേവേടത്തിക്കു പുറകിലായി നടന്നു.ആ കണ്ണാഴങ്ങളില്‍ ഒളിപ്പിച്ചുവെച്ച കടല്‍ ചുളിവുകളെ നനയിച്ചിരിക്കുന്നു.

'എന്നാ,ഞാനിറങ്ങുന്നു.അടുത്തയാഴ്ച നീലിടെ മോന്‍ വരും.അവന്‍ എന്റെ മോന്റെ നമ്പര്‍ ശരിയാക്കിവെച്ചിട്ടുണ്ട്.'

ദേവേടത്തി മുഖമുയര്‍ത്താതെയാണ് പറഞ്ഞത്.അപ്പുമാഷ് ഇലഞ്ഞിചുവട്ടിലേക്കുനടന്നു.മക്കളുടെ സാന്നിദ്ധ്യമാഗ്രഹിച്ച് ദു:ഖിച്ചിരിക്കുമ്പോള്‍,കല്ല്‌പൊട്ടിച്ച് മകനെ പഠിപ്പിച്ചിട്ടും അമ്മയെ വേണ്ടാത്ത അവനെ ഓര്‍ക്കുമ്പോള്‍ നിര്‍വികാരതയിലാഴ്ന്നു പോകുന്നു.

'മാഷേ കഞ്ഞി വിളമ്പിവച്ചിട്ടുണ്ട്.'ശങ്കരന്റെ ശബ്ദം.

ഈ വലിയ വീട്ടില്‍ ഏകാന്തതയുടെ കാവല്‍ക്കാരനായി,ചിന്തകളിലമര്‍ന്നിരിക്കുമ്പോള്‍ തന്നെ ഉണര്‍ത്തുന്നത് ശങ്കരന്റെയും ദേവേടത്തിയുടേയും സ്വരങ്ങളാണല്ലോ!

ശങ്കരന്റെ കാലൊച്ചയും അകന്നകന്നു പോയി.

ദേവേടത്തി ഉമ്മറപ്പടിയില്‍ ചാരിയിരിന്നു.    'ആരോ വര്ണ്ണ്ട്,തിമിരം കാരണം കണ്ണ് പിടിക്ക്ണില്ല്യ '

 'നീലി'

അവര്‍ ദേവേടത്തിയുടെ അരികിലിരിന്നു.

 'എന്നാലും നിങ്ങളെന്തിനാ അവനെ വിളിക്കണ്?അവനു നിങ്ങളെ വേണ്ടാലോ?'

  'അവനെ പെറ്റത് ഞാനല്ല്യേ കളയാന്‍ പറ്റുവോ അവനെ കാണാതെ എന്റെ വയറ്റില് തീകത്ത്ണ്‍'

    'ഞാനൊന്നും പറയണ്ല്ല്യ,മോന്‍ വിളിക്കാന്‍ നേരായി.'

    'ഉം.'

കരിപുരണ്ട ആ കണ്‍കോണുകള്‍ വീണ്ടുമൊരു കണ്ണീര്‍ തുള്ളിയെ പ്രസവിക്കാന്‍ ഒരുമ്പെടുകയാണോ?

 'മാഷേ......'വീണ്ടും ആ വിളി അയാളെ ഉണര്‍ത്തി.എപ്പഴോ ഉറങ്ങിപ്പോയിരിക്കുന്നു.

'അടുത്താഴ്ച വരുമെന്നല്ലേ പറഞ്ഞത്?'അപ്പുമാഷ് കണ്ണുതിരുമ്മിക്കൊണ്ടുചോദിച്ചു.

'ങ്ഹാ,നീലിടെ മോന്‍ ഇന്നലെ വന്നു.നമ്പറു കിട്ടീട്ടുണ്ട്!'
മകനു വിദേശത്തുജോലികിട്ടിയപ്പോള്‍ അവരുടെ കണ്ണുകളില്‍ നാമ്പു നീട്ടിയ അതേ തിളക്കം വീണ്ടും മാഷ് കണ്ടു.മാഷിന്റെ മറുപടിക്കു കാക്കാതെ അവര്‍ ഫോണിന്റെ ബട്ടണുകള്‍ അമര്‍ത്തുകയായിരുന്നു.

'ഹലോ!'
അങ്ങേ തലയ്ക്കല്‍ നിന്ന് ദേവേടത്തി ഇതുവരെ കേള്‍ക്കാന്‍ കൊതിച്ച മകന്റെ ശബ്ദം!
   'ഹൂ ആര്‍ യൂ?'
 'മ....മനൂ ഇത്....'
അവരെ പറഞ്ഞവസാനിപ്പിക്കാന്‍പോലും സമ്മതിക്കാതെ ഫോണ്‍ കട്ടായി.

 'മാഷേ അവനെന്നെ വേണ്ട....നീലിയെപ്പോഴും പറയും എന്തിനാ അവനെ വിളിക്കണതെന്ന് പക്ഷെങ്കില് എന്റെ വയറ്റില് തിയ്യാണ്......എനിക്ക് അവനെ......'

തന്റെ മുഖത്ത് പടരാറുള്ള നിര്‍വികാരത അവരിലും ബാധിച്ചിരിക്കുന്നു.

 'മാഷിന് ബുദ്ധിമുട്ടായല്ല്യോ.....

തേഞ്ഞുതീരാറായ ചെരുപ്പണിയുന്നതിനിടയിലെപ്പോഴോ അവര്‍ പറഞ്ഞു.

ഉമ്മറത്തു തന്നെ നിലയിരുപ്പുണ്ട് ഇന്ന് കണ്ണിനെന്തോ , കാഴ്ച കിട്ടിയെന്നു തോന്നുന്നു . 'നിങ്ങടെ മൊഖം കണ്ടാലറിയാം അവന്‍ ഫോണ്‍ കട്ടാക്കീട്ടുണ്ടാകുമെന്ന്. ന്റെ മോന്‍ മനൂനെക്കുറിച്ചൊരുപാടന്വേഷിച്ചു.അവനിപ്പോ ഏതോ പണക്കാരന്റെ മകളേയും വിവാഹം കഴിച്ച് താമസിക്ക്യാന്നാ കേട്ടത്' 

'അടുപ്പത്ത് അരി ഇരിക്ക്യാ'

ദേവേടത്തി എല്ലുന്തിയ ഓലപ്പുരയിലേക്ക് കടന്നു. നീലി, പതിയെയൂണു അവരുടെ നടത്തത്തെ നോക്കുകയായിരുന്നു. 

 'പാവം!ആ മനൂന് ദൈവം നല്ല ശിക്ഷകൊടുക്കും!'

 തിരിഞ്ഞു നടക്കുന്നതിനിടയില്‍ നീലീ പിറുപിറുത്തു. 

ഇലഞ്ഞിയുടെ ചില്ലകളെ കാറ്റുവന്നു വിറപ്പിച്ചുകൊണ്ടിരിക്കുന്നു. തണലില്‍ ഇനിയുമുണരാതെ,പൂക്കള്‍! 

'മാഷേ.... മാഷേ....'

നീലിയാണ്.അവര്‍ വല്ലാതെ കിത്യ്ക്കുന്നുണ്ട്.നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തുടച്ചുകൊണ്ട് അവര്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു.

 'ദേവേടത്തിക്ക് വയ്യ!,ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല.മാഷോട് മനൂനെ കൂട്ടീട്ടു വരാന്‍ പറയാന്‍ പറഞ്ഞു '
ഒരു നീണ്ടനെടുവീര്‍പ്പോടെ അവര്‍ പറഞ്ഞു നിര്‍ത്തി.

'ഞാനൊന്നു പറഞ്ഞു നോക്കാം ദേവേടത്തിയോട്.'

നീലിയുടെ കിതപ്പ് ദേവേടത്തിയുടെ രോഗം മൂര്‍ച്ഛിച്ചതാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു.നീലിക്കു മുന്നിലായി മാഷ് നടന്നു.നടക്കുകയല്ല ഓടുകയാണുചെയ്തത്.

 'എന്താ ദേവേടത്തി,കൊച്ചുകുട്ട്യോളെപ്പോലെ,നമുക്ക് ആശുപത്രിയില് പോകാം.'
 'മനു വരട്ടെ, എന്നെ കൊണ്ടു പോവാന്‍! മാഷൊന്നു പറയുവോ അവനോട്. നിങ്ങള്‍ക്കൊന്നു കണ്ടാമതി!'

കോരി ചൊരിയുന്ന മഴയത്ത് പനിച്ചു വിറയ്ക്കുന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചെത്തിയ ദേവേടത്തിക്കുതന്നെയാണല്ലോ ഈശ്വരാ, ഈ ഗതി കൊടുത്തത്.

അയാള്‍ ആദ്യമായി ഈശ്വരന്റെ ചെയ്തിയില്‍ അത്ഭുതപ്പെട്ടുപോയി. തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ദേവേടത്തി മാത്രമായിരുന്നു.

ദേവേടത്തിയുടെ മരണമറിയിച്ചുകൊണ്ടാണ് പിറ്റേന്ന് ഇലഞ്ഞി മര്‍മ്മരം മൊഴിഞ്ഞത്. അവള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനി അപ്പു മാഷ് തന്റെ പൂക്കളേയും താലോലിച്ചു കൊണ്ട് ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ അയാളെ വിളിച്ചുണര്‍ത്താന്‍ ദേവേടത്തിയുടെ കാലൊച്ചകളുണ്ടാവില്ലെന്ന് അവളും തിരിച്ചറിഞ്ഞിരിക്കും. ദേവേടത്തിയുടെ വീട് നിശബ്ദതയില്‍ കുളിക്കുകയായിരുന്നു. 

മകനെ കുറിച്ചുള്ള അന്വേഷണത്തില്‍.....അവന്‍ വരുമെന്ന പ്രതീക്ഷയില്‍...നെഞ്ചില്‍ തീയുമായി ആ അമ്മ മയങ്ങിയ നാളുകള്‍ അസ്തമിച്ചിരിക്കുന്നു. പ്രതീക്ഷകളുമായി ഉറങ്ങിയ അതേ കട്ടിലില്‍ പ്രതീക്ഷയറ്റ് ആ മുറിയില്‍ തങ്ങിയിരുന്ന പ്രാചീന ഗന്ധത്തോടൊപ്പം അവരും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. 
അപ്പുമാഷ് ഫോണില്‍ വിരലമര്‍ത്തി മനുവിനെ വിളിച്ചു. 

ഇല്ല.....

ഇപ്പോഴും  അവന്‍ മയക്കത്തിലാണ്.

മനു, ഉച്ചയൂണിന്റെ ഇടവേളയില്‍, തന്റെ വിലകൂടിയ ഫോണില്‍ വിരലമര്‍ത്തി.

ഭാര്യ ഷോപ്പിംങ്ങിന് പോയിട്ട് തിരികെയെത്തിയോ ആവോ! നാട്ടില്‍ നിന്ന് ആരോ വിളിച്ചിട്ടുണ്ട്, മിസ്ഡ്‌കോള്‍ ലിസ്റ്റില്‍ പരുതുന്നതിനിടയില്‍ അവന്‍ കണ്ടെത്തി. എന്തായാലും ഒന്ന് വിളിച്ചുനോക്കിയിട്ട് സിമ്മു മാറ്റണം, കുറെക്കാലമായി ശല്യപ്പെടുത്തകയല്ലേ അവന്‍ കാള്‍ അമര്‍ത്തി. 

മൊബൈല്‍ അപ്പുമാഷിന്റെ കീശയില്‍ കിടന്നു കരയുന്നു. 

'ഹലോ, മനുവല്ലേ..... നീവൈകിപ്പോയി മോനേ...ദേവേടത്തി പോയി '. മറുതലയ്ക്കല്‍  നിശബ്ദമായിരുന്നു

'നീ വരില്ലെന്നു കരുതി ഞങ്ങള്‍ ചിതയൊരുക്കി' കുതിച്ചുചാടാന്‍ വെമ്പിയ കണ്ണുനീരീനെ തടഞ്ഞു വെച്ചുകൊണ്ട് അപ്പുമാഷ് പറഞ്ഞു. 

 മറുപടിയായി ഒരു നെടുവീര്‍പ്പുമാത്രം. അവന് കുറ്റബോധമുണ്ടാകും മരിച്ചെങ്കിലും ആ അമ്മയുടെ മനസ്സ് കുളിര്‍ത്തിട്ടുണ്ടാകും! മാഷ് ചിന്തിച്ചു.

 'അത് നന്നായി മാഷേ, എനിക്ക് ലീവൊന്നും എടുക്കാന്‍ പറ്റില്ല. കോടികളാണ് നഷ്ടം! പിന്നെ നാട്ടില്‍ പോയെന്നറിഞ്ഞാല്‍ ഭാര്യയുടെ വക ശകാരവും കിട്ടും. മാഷിനാവുമ്പോ വേറെ പണിയൊന്നുമില്ല്‌ലല്ലോ? 'വയ്ക്കട്ടെ'. മാഷിന്റെ കണ്ണുകള്‍ ആദ്യമായി കണ്ണീരുപ്പറിയുകയായിരുന്നു.

ദേവേടത്തിയുടെ ചിതയിലെ അവസാനകനലും കണ്‍പൂട്ടിക്കഴിഞ്ഞിരിക്കുന്നു......!


പടിഞ്ഞാറെ ചക്രവാളം ശൂന്യമായി ഒരു ഇരുട്ടിനെ വരവേല്‍ക്കുവാന്‍!

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു