
കണ്ണൂര്‍: സ്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. സ്വർണക്കപ്പിനായി പാലക്കാടും കോഴിക്കോടും തമ്മിലുള്ള പോരാട്ടത്തില്‍ കണ്ണൂരും ചേര്‍ന്നു. നിലവിലെ ഏറ്റവും പുതിയ പോയിന്റ് പട്ടിക പ്രകാരം 884 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനത്തും 881 പോയിന്റുകള്‍ വീതം നേടി കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.
അതേസമയം ആറാം ദിനവും വേദികളിലേക്ക് ആളുകളൊഴുകിയെത്തി. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ പോലീസ് മൈതാനത്തേയും പരിസരത്തേയും മുഴുവന്‍ വേദികളും നിറഞ്ഞു കവിഞ്ഞു.
വഞ്ചിപ്പാട്ടും വട്ടപ്പാട്ടും നാടൻ പാട്ടും കാണാനായിരുന്നു ജനത്തിരക്കേറെയും. സ്ത്രീകളും വിദ്യാര്‍ത്ഥികളുമായിരുന്നു ശനിയാഴ്ച്ച കലോത്സവ നഗരയിലെത്തിയവരില്‍ കൂടുതല്‍.
ഹയര്‍സെക്കന്‍ഡറി വിഭാഗം കേരളനടനം, സംഘനൃത്തം, നാടോടിനൃത്തം തുടങ്ങിയവയാണ് ശനിയാഴ്ച്ച നടന്ന ശ്രദ്ധേയ മത്സരങ്ങള്‍. കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പോയിന്റ പട്ടികയില്‍ മുന്നിട്ടു നിന്ന കോഴിക്കോട് പാലക്കാട് ജില്ലകള്‍ക്ക് ഭീഷണിയുര്‍ത്തി കൊണ്ടാണ് കണ്ണൂരിന്റെ അപ്രതീക്ഷിത മുന്നേറ്റം.
കലോത്സവചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കപ്പ് നേടിയ ചരിത്രമുള്ള കോഴിക്കോട് തുടര്‍ച്ചയായ പത്ത് കിരീടങ്ങള്‍ എന്ന അപൂര്‍വനേട്ടം സ്വന്തമാക്കാനായി കടുത്ത പോരാട്ടം നടത്തുകയാണ്. 867 പോയിന്‍റ് നേടി തൃശൂര്‍ ജില്ലയാണ് നാലാം സ്ഥാനത്തുള്ളത്.