
കായിക ശേഷി ഏറെ അത്യവശ്യമായ ഒരു കലാരൂപമാണ് പരിചമുട്ടുകളി. ഏതുനിമിഷവും പരിക്കുകള്‍ പറ്റാവുന്ന കളിയരങ്ങ്. എന്നാല്‍ പരിക്കിലും തളരാത്ത ഒരു പോരാട്ടത്തിനാണ് ഇന്ന് രണ്ടാം വേദിയായ ചന്ദ്രഗിരി സാക്ഷിയായത്. തോളെല്ലിന് പറ്റിയ പരിക്ക് വകവയ്ക്കാതെയാണ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ററി സ്കൂളിലെ അശ്വിന്‍ ചന്ദ്രഗിരിയുടെ നെഞ്ചില്‍ വാളുംപരിചയുമേന്തി തകര്‍ത്താടിയത്.
പത്തുമിനുട്ട് തകര്‍ത്ത് കളിച്ച് സദസിനെ യാതൊരു അസ്വഭാവികതയും കാണിക്കാതെയാണ് അശ്വിന്‍റെ ടീം വേദിവിട്ടിറങ്ങിയത്. പക്ഷേ മത്സരശേഷം ബാക്ക് സ്റ്റേജില്‍ വേദനകൊണ്ടു പുളയുന്ന അശ്വിനെ കണ്ടപ്പോള്‍ പലരും ഞെട്ടി. ആ വേദനയത്രയും കടിച്ചമര്‍ത്തിയായിരുന്നു അശ്വിന്‍ മുമ്പില്‍ ആടിത്തിമര്‍ത്തതെന്നറിഞ്ഞ് പലരും അന്തംവിട്ടു.
മത്സരത്തിന് എല്ലാ തയ്യാറെടുപ്പും നടത്തി പരിശീലനം നടക്കുമ്പോള് മൂന്ന് ദിവസം മുമ്പാണ് അശ്വിന് മുറിവേല്‍ക്കുന്നത്. പരിശീലനത്തിനിടെ സഹകളിക്കാരൻ ഉണ്ണിയുടെ വാള്‍ തട്ടിയായിരുന്നു അപകടം. തോളെല്ല് ചതഞ്ഞു. വാള് തൊട്ടു നോക്കുക പോലും ചെയ്യരുതെന്നായിരുന്നു ഡോക്ടറുടെ ഉപദേശം. പൂര്‍ണ്ണവിശ്രമവും ഡോക്ടര്‍ നിര്‍ദേശിച്ചു. പക്ഷേ അശ്വിന്‍ വിട്ടുനിന്നാല്‍ ആളെണ്ണം തികയാത്ത ടീമിന് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല.
ഇനിയെന്തുവേണമെന്നറിയാതെ ടീമംഗങ്ങള്‍ പതറി നിന്ന സമയത്ത് രണ്ടുംകല്‍പ്പിച്ച് അശ്വിന്‍ തന്നെയങ്ങിറങ്ങി. തന്‍റെ പരിക്ക് കാരണം കൂട്ടുകാര്‍ക്ക് വേദി നഷ്ടപ്പെട്ടരുതെന്ന ചിന്തമാത്രമായിരുന്നുവെന്ന് അശ്വിന്‍ പറയുന്നു. ഒടുവില്‍ സ്വദേശത്തിന്‍റെ ജീവനാഡിയായ ചന്ദ്രഗിരി പുഴയുടെ പേരിലുള്ള വേദിയില്‍ വച്ചുതന്നെ അശ്വിന്‍ വാളും പരിചയും തിരികെയെടുത്തു. മത്സരത്തില്‍ എ ഗ്രേഡ് നേടിയാണ് അശ്വിനും സംഘവും മടങ്ങിയത്.
24 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പാലക്കാട് ആലത്തൂരിലെ ബിഎസ്എസ് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. പങ്കെടുത്ത നാലുടീമുകള്‍ക്ക് ഒഴികെ എ ഗ്രേഡും കിട്ടി.