
ടൌണ്‍ സ്ക്വയറില്‍ ഇന്റര്‍സിറ്റിയും കുര്‍ളയും മത്സരിച്ച് ഓടി. ഹെലികോപ്റ്ററുകള്‍ പറന്നതും ഇറങ്ങിയതും എണ്ണാന്‍ പറ്റിയില്ല. ശശി കലിങ്ക എന്ന നടന് കണ്ണൂരില്‍ തന്നെയായിരുന്നു ഇന്ന് ഡ്യൂട്ടി. പൈപ്പ് മുറിച്ചു മുറിച്ച് ആക്സോബ്ലേഡുകള്‍ തേഞ്ഞു. അല്ല ചേട്ടാ.. എവിടെയാ വെടിക്കെട്ട്...എന്ന് കലക്ട്രേറ്റ് റോഡിലൂടെ പോകുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി. എന്താണ് പറഞ്ഞുവരുന്നത് എന്ന് ചോദിക്കേണ്ട. മിമിക്രി മത്സരത്തെക്കുറിച്ച് തന്നെ.
അനുകരണ മാസ്മരികത കാണുവാന്‍ രാവിലെ തന്നെ ടൌണ്‍ സ്ക്വയറിലേക്ക് എത്തിയത് നൂറുകണക്കിന് പേര്‍. ആദ്യം എച്ച്എസ് വിഭഗത്തിന്‍റെ പെണ്‍കുട്ടികളുടെ പ്രകടനം. പുതുമയൊന്നുമില്ല. പട്ടിയേയും പൂച്ചയേയും ഇഷ്ടപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍ എന്ന ട്രോളിനെ ശരിവയ്ക്കും പോലെ കുറേ പട്ടിയും പൂച്ചയും ഇറങ്ങി. എങ്കിലും ഒന്നുരണ്ടു പേര്‍ കാണികളുടെ കൈയ്യടി നേടി. 17 പെണ്‍കുട്ടികള്‍ മത്സരിച്ച മത്സരത്തില്‍ ഡിഎച്ച്ഒഎച്ച്എസ്എസ് പൂക്കരത്തറ മലപ്പുറത്തിലെ ബിന്‍ഷ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തില്‍ ആകെ നാലുപേര്‍ക്ക് മാത്രമാണ് എ ഗ്രേഡ് കിട്ടിയത് എന്നതില്‍ നിന്ന് തന്നെ മത്സരത്തിന്റെ നിലവാരം മനസിലാകും.
ആണ്‍കുട്ടികളില്‍ എത്തിയപ്പോള്‍ സംഭവം മാറി, പക്ഷെ പണ്ടത്തെ ബോംബ് കഥ തന്നെ. നോട്ട് നിരോധനം ബോംബ് കഥയ്ക്ക് ഇടയിലിട്ട് ഇളക്കാന്‍ നോക്കിയ ചിലര്‍ക്ക് കൈയ്യടി കിട്ടി. മറ്റുചിലരുടേത് ചീറ്റിപ്പോയി. നോട്ട് നിരോധനവും മറ്റും പരാമര്‍ശിച്ച ബിറ്റുകള്‍ക്ക് കൈയ്യടി ലഭിച്ചെങ്കിലും പഴകിതേഞ്ഞ നന്പറുകളില്‍ മാറ്റം ഒന്നും സംഭവിച്ചില്ല. പ്രഭാതം പൊട്ടിപിളര്‍ന്ന സമയത്ത് എല്ലാം പുതിയ കുട്ടികളും പിറന്നു, കരഞ്ഞു- അങ്ങനെ മിമിക്രി മുന്‍ കലോത്സവങ്ങളുടെ ആവര്‍ത്തനം തന്നെയായി.
എച്ച്എസ്എസ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ 15 പേര്‍ മിമിക്രി അവതരിപ്പിച്ചു. ആവര്‍ത്ത വിരസമായ ഐറ്റങ്ങള്‍ മത്സരത്തിന്‍റെ നിലവാരത്തെയും നന്നായി ബാധിച്ചു. 15 പേരില്‍ എ ഗ്രേഡ് കിട്ടിയത് അഞ്ചുപേര്‍ക്ക് മാത്രം. ടികെഡി ഗവ.എച്ച്എസ്എസ് ഉളിയന്‍ കോവില്‍ കൊല്ലത്തിലെ എംഎസ് ആദര്‍ശിനാണ് ഒന്നാം സ്ഥാനം.