
കണ്ണൂര്‍: ഇന്നലെ കഴിഞ്ഞ ഹൈസ്കൂള്‍ വിഭാഗം കഥാപ്രസംഗ മത്സരത്തില്‍ ഒന്നു രണ്ടും സ്ഥാനം നേടിയവര്‍ അവതരിപ്പിച്ചത് ഒരേയാളുടെ കഥകള്‍, അത് മാത്രമല്ല പങ്കടുത്ത 19 പേരില്‍ ആറുപേരും അവതരിപ്പിച്ചതും ആര്‍.സി കരിപ്പത്തിന്റെ കഥകള്‍ തന്നെയായിരുന്നു. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ കോടതി ഉത്തരവ് വഴിയാണ് സംസ്ഥാന കലോത്സവത്തിന് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
കണ്ണൂര്‍ സെന്റ് തെരാസാസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മേഘ പ്രദീപ് ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. കണ്ണൂര്‍ ജി.എച്ച്.എസ്.എസ് കൊട്ടിലയിലെ അഭിനന്ദ് എം രണ്ടാം സ്ഥാനം നേടി. ജില്ലാതല മത്സരങ്ങളില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നു ഇവര്‍. പൊതുവെ മികച്ച നിലവാരം പുലര്‍ത്തിയ മത്സരത്തില്‍ പങ്കെടുത്ത 19ല്‍ 18 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
യെമനിലെ നെജൂല എന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ വിവരിക്കുന്നതായിരുന്നു മേഘയുടെ കഥാപ്രസംഗം. തീയില്‍ വെന്തരിഞ്ഞ നെജൂല എന്നതായിരുന്നു കഥാപ്രസംഗത്തിന്റെ വിഷയം. യെമനിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച നിയമ ഭേദഗതിക്ക് കാരണമായ മരണമായിരുന്നു വിവാഹിതയായ പത്തുവയസുകാരി നെജൂലയുടെ മരണം. ആര്‍.സി കരിപ്പത്ത് തന്നെ രചിച്ച മൃഛഘടികം എന്ന കഥാപ്രസംഗമാണ് രണ്ടാം സ്ഥാനം നേടിയ അഭിനന്ദ് അവതരിപ്പിച്ചത്.
മുന്‍വര്‍ഷങ്ങളിലും സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥാപ്രസംഗങ്ങള്‍ രൂപപ്പെടുത്തിയ കലാകാരനാണ് പ്രമുഖ ഫോക്‍ലോര്‍ ഗവേഷകനും പ്രഭാഷകനുമായ ആര്‍.സി കരിപ്പത്ത്.