കണ്ണൂര്‍ മലയാളം ഡിക്ഷണറി

Published : Jan 17, 2017, 12:24 PM ISTUpdated : Oct 04, 2018, 07:13 PM IST
കണ്ണൂര്‍ മലയാളം ഡിക്ഷണറി

Synopsis

"ഇങ്ങള് വേഗം നടന്നൂട്ട്.." വേഷം കെട്ടി മുന്നില്‍ കലോത്സവ നഗരിയിലെ കാഴ്ചകളും കണ്ട് നടന്നുനീങ്ങുന്ന കുട്ടികളോട് പിറകിലൂടെ വന്ന ഒരാള്‍ പറഞ്ഞു. 'ഹമ്മേ ഇതെന്ത് ഭാഷ' എന്ന് കുട്ടികള്‍ ഞെട്ടി. ഒടുവില്‍ കണ്ണൂരാന്‍ ഇടപെടേണ്ടിവന്നു കുട്ടികളുടെ ഞെട്ടലകറ്റാന്‍. കണ്ണൂരാന്‍ പറഞ്ഞു, കുഞ്ഞ്യോളേ നിങ്ങ പേടിക്കേണ്ടപ്പാ, വേഗത്തില്‍ നടക്കാന്‍ നിങ്ങള്‍ക്ക് ഓറ് ഫ്രീയായിട്ട് ഒരു ഉപദേശം നല്‍കിയതാപ്പാന്ന്.  ഹോ ആ കുഞ്ഞ്യള്‍ടെ മോറൊന്ന് കാണേണ്ടീനു..!

തലസ്ഥാനത്ത് നിന്നെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് സുഹൃത്തായ കണ്ണൂരുകാരനോട് ചോദിച്ചു. മറുപടി പെട്ടെന്നു കിട്ടി. "ഓനോറ ബയ്യന്നെ വിട്ടു". ആദ്യം എന്തരെടേ എന്ന ഭാവത്തില്‍ നിന്ന തലസ്ഥാനവാസി അവന്‍ അവരുടെ പിറകേ തന്നെ പോകുന്നു എന്നു പറയാന്‍ വായ്മൊഴി വഴക്കം തന്‍റെ സുഹൃത്തിനെ  അനുവദിക്കുന്നല്ലെന്നോര്‍ത്ത് സമാധാനിച്ചു.

കണ്ണൂരിലാണ് ഇത്തവണ കലോത്സവം എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മിക്ക മാധ്യമപ്രവര്‍ത്തകരും വടക്കേമലബാറിന്‍റെ വായ്മൊഴി വഴക്കം ഉപയോഗിച്ച് വാര്‍ത്തകളൊരുക്കുന്നത് കിനാവുകണ്ടിട്ടുണ്ടാവും. അങ്ങനെ പുറപ്പെട്ടിറങ്ങിയ മറ്റുജില്ലക്കാര്‍ വിയര്‍ക്കുന്ന കാഴ്ച കലോത്സവനഗരയില്‍ ഒരുപാടു കണ്ടു. "ഇങ്ങള് പൊരെന്ന് എറങ്ങുമ്പേ നമ്മക്ക് അറിയാപ്പാ ഇതൊന്നും ഒരു നടക്ക് പോകൂലാന്ന്'. വാര്‍ത്തയെഴുതാനിരുന്ന് തോറ്റമ്പിയവന് ഒപ്പമുള്ള കണ്ണൂരുകാരന്‍ ഫോട്ടോഗ്രാഫറുടെ പരിഹാസം മാത്രം ബാക്കി.

ഉച്ചയ്ക്ക് വിശന്ന് വലഞ്ഞ് ഊട്ടുപുരഭാഗത്ത് കറങ്ങുന്നയാളോട് 'അല്ല മനിച്ച, ഇങ്ങള് ചോറ് വെയ്ക്കാന്‍ വരന്നണ്ടാ' എന്ന് ചോദിക്കുന്ന കേട്ട തെക്കന്‍ജില്ലക്കാരനായ ഒരാള്‍ പറഞ്ഞത്, ഇതൊരുമാതിരി കൊല്ലാന്‍ കൊണ്ടും പോകുമ്പോലുള്ള ചോദ്യമാണല്ലോ എന്നാണ്. 'ഇങ്ങള് അങ്ങനെ പറയല്ല കേട്ട, ഒന്നൊന്നര സ്നേഹം കൊണ്ടാന്ന്പ്പാ നമ്മള് അങ്ങനെ ചോയിച്ചിനി..' പറഞ്ഞ ആ കണ്ണൂക്കാരന്‍റെ കണ്ണുകളും കേട്ട തെക്കന്‍റെ കണ്ണുകളും ഒരുമിച്ചു നനയുന്ന കാഴ്ചയും ഈ കണ്ണൂരാന്‍ കണ്ടു.

കണ്ണൂരിലെ വല്ല ഹോട്ടലിലും കയറി ഇലയില്‍ ഊണു കഴിച്ചാല്‍, 'കുഞ്ഞി, ആ ഇലയെടുത്ത് ചാടിയേക്ക്..' എന്ന നിര്‍ദേശം വരും. ഇക്കാര്യത്തില്‍ ഇതരജില്ലക്കാര്‍ക്ക് കണ്ണൂരാന്‍ ഒരു ആരോഗ്യപരമായ മുന്നറിയിപ്പ് നല്‍കുന്നു. ഇങ്ങനെ പറഞ്ഞയുടന്‍ ഒരിക്കലും ഇലയും എടുത്ത് തുള്ളിച്ചാടിയേക്കരുത്. നിങ്ങളോട് ഇല കളയുവാന്‍ ആണ് നിര്‍ദേശം.

ഇതൊക്കെയാണ് കലോതസവനഗരിയിലെ ഇതുവരെയുള്ള കണ്ണൂര്‍ ഡിക്ഷണറിയുടെ ഇടപെടലുകള്‍.

PREV
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു