ചാന്ദ്രയാൻ-3 വിജയം, അടുത്ത ലക്ഷ്യം അതുക്കും മേലെ, സൂര്യനെക്കുറിച്ച് പഠിക്കാനൊരുങ്ങി ആദിത്യ എൽ 1, ചെലവും കുറവ്

By Web TeamFirst Published Aug 27, 2023, 5:07 PM IST
Highlights

ആദിത്യ എൽ 1 വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്നും റോക്കറ്റും പേടകവും ശ്രീഹരിക്കോട്ടയിൽ എത്തിക്കഴിഞ്ഞെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.

ദില്ലി: ചന്ദ്രയാൻ-മൂന്നിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, സൂര്യദൗത്യവുമായി ഐഎസ്ആർഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എൽ1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും.

ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ആദിത്യ എൽ 1 വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്നും റോക്കറ്റും പേടകവും ശ്രീഹരിക്കോട്ടയിൽ എത്തിക്കഴിഞ്ഞെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു. എന്നാൽ വിക്ഷേപണത്തിന്റെ അവസാന തീയതി രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിന് വിക്ഷേപണമുണ്ടായേക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക. വിക്ഷേപണത്തിന് ശേഷം, ലാഗ്രാഞ്ച് പോയിന്റ് 1 (എൽ 1) ൽ എത്താൻ 125 ദിവസമെടുക്കും. പേടകം ലഗ്രാഞ്ച് പോയിന്റിലായിരിക്കും. ​ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാൻ മൂന്നിന്റേതിനേക്കാൾ പകുതി മതിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ, ഇക്കാര്യത്തിൽ ഐഎസ്ആർഒ സ്ഥിരീകരണം നൽകിയിട്ടില്ല. ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന് 600 കോടി രൂപയാണ് ചെലവായത്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് 2019-ൽ സർക്കാർ 378 കോടി രൂപ അനുവദിച്ചിരുന്നു. 

Read More.... ചന്ദ്രയാന്‍ 3: 'ശിവശക്തി'യില്‍ വിവാദം വേണ്ട, പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

ഓ​ഗസ്റ്റ് 23നാണ് ഇന്ത്യയുടെ സോഫ്റ്റ് ലാൻഡിങ് പദ്ധതിയായ ചാന്ദ്രയാൻ മൂന്ന് പദ്ധതി വിജയകരമായി ലാൻഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണാർഥത്തിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. 

click me!