അഴിമതിയും പക്ഷഭേദവുമില്ലാത്ത മന്ത്രിയെ സങ്കല്‍പ്പിക്കാനാകുമോ….എന്നാല്‍ അങ്ങനെയൊരാളുണ്ട്; എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ

Published : Sep 13, 2025, 01:30 PM IST
diela ai minister

Synopsis

എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ. 2025 ജനുവരിയിൽ ഇ-അൽബേനിയ പ്ലാറ്റ്‌ഫോമിൽ വോയ്‌സ് അസിസ്റ്റന്റായി പ്രവർത്തനമാരംഭിച്ച ഡിയേല, സർക്കാർ സേവനങ്ങൾ പൗരന്മാരിലേക്കെത്തിക്കുന്നതിനായാണ് സൃഷ്ടിക്കപ്പെട്ടത്.

ടിരാന: നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന മന്ത്രിയെ നിയമിച്ച് അൽബേനിയ. അഴിമതിക്കെതിരെ പോരാടുന്നതിനും പൊതുചെലവിൽ സുതാര്യത കൊണ്ടുവരുന്നതിനുമായാണ് എഐയെ നിയമിച്ചത്. ഡിയേല എന്നാണ് എഐ മന്ത്രിയുടെ പേര്. സർക്കാർ പദ്ധതികളിൽ സ്വകാര്യ കരാറുകാർ ഉൾപ്പെടുന്ന എല്ലാ പൊതു ടെൻഡറുകളും ഡിയേല മേൽനോട്ടം വഹിക്കുമെന്ന് പ്രധാനമന്ത്രി എഡി രാമ വെളിപ്പെടുത്തി. അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നാണ് ഡിയേല എന്ന വാക്കിനർഥം. ലോകത്ത് തന്നെ ആദ്യമായാണ് ഒരുരാജ്യം ഭരണ നിർവഹണം എഐയെ ഏൽപ്പിക്കുന്നത്. 2025 ജനുവരിയിൽ ഇ-അൽബേനിയ പ്ലാറ്റ്‌ഫോമിൽ വോയ്‌സ് അസിസ്റ്റന്റായി പ്രവർത്തനമാരംഭിച്ച ഡിയേല, സർക്കാർ സേവനങ്ങൾ പൗരന്മാരിലേക്കെത്തിക്കുന്നതിനായാണ് സൃഷ്ടിക്കപ്പെട്ടത്. 36,000-ത്തിലധികം ഡിജിറ്റൽ രേഖകൾ പ്രോസസ്സ് ചെയ്യുകയും ഏകദേശം 1,000 സേവനങ്ങൾ പൗരന്മാർക്ക് നൽകുകയും ചെയ്തു. 

ഇപ്പോൾ മന്ത്രിയുടെ റോളിലേക്ക് ഉയർത്തപ്പെട്ട ഡിയേല, സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയാകും. ഡിയേലയുടെ മേൽനോട്ടത്തിലുള്ള എല്ലാ പൊതു ടെൻഡറുകളും 100% അഴിമതി രഹിതവും ഫണ്ട് വിനിയോഗത്തിൽ പൂർണ്ണ സുതാര്യതയുമുള്ളതായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

അഴിമതിക്കെതിരായ അൽബേനിയയുടെ ദീർഘകാല പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. 2.8 ദശലക്ഷം ജനങ്ങളുള്ള അൽബേനിയയിൽ പൊതു ടെൻഡറുകൾ പലപ്പോഴും അഴിമതി ആരോപണം നേരിട്ടിരുന്നു. മയക്കുമരുന്ന്, ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ മാഫിയകള്‍ രാജ്യത്തെ ഉപയോഗിക്കുന്നതായി  നേരത്തെ ആരോപണമുണ്ടായിരുന്നു. അഴിമതി സർക്കാരിന്റെ ഉയർന്ന തലങ്ങളിൽ വരെ എത്തിയിട്ടുണ്ടെന്നും വാർത്തകൾ പുറത്തുവന്നു. എഐ സംവിധാനത്തിലേക്ക് മാറുന്നതോടെ പക്ഷഭേതവും അഴിമതിയും ഇല്ലാതാക്കാനും സുതാര്യത ഉറപ്പുവരുത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

2030-ഓടെ യൂറോപ്യൻ യൂണിയനിൽ അം​ഗമാകാനുള്ള അൽബേനിയയുടെ നീക്കത്തിന്‍റെ പശ്ചാത്തലത്തിലും എഐ  മന്ത്രി നിയമനത്തെ രാഷ്ട്രീയ വിദഗ്ധര്‍  വീക്ഷിക്കുന്നു. പൊതു ഫണ്ടുകളുടെ ദുരുപയോഗം ഇയു അംഗത്വ ചർച്ചകളിൽ എക്കാലവും അൽബേനിയക്ക് തിരിച്ചടിയായിരുന്നു. ഡിയേലയുടെ തീരുമാനങ്ങളിൽ മനുഷ്യ മേൽനോട്ടം ഉണ്ടാകുമോ എന്നതില്‍ സർക്കാർ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, വേണ്ടത്ര സാങ്കേതിക സംരക്ഷണവും മുന്ക‍രുതലും സ്വീകരിച്ചില്ലെങ്കിൽ എഐ സംവിധാനങ്ങളിലും കൃത്രിമത്വത്തിന് സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും