രഹസ്യങ്ങളുടെ ആദ്യ ചുരുളഴിച്ച് ബെന്നു ഛിന്നഗ്രഹം; സാമ്പിളുകളില്‍ ജീവന്‍ രൂപപ്പെടാനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍

Published : Jan 31, 2025, 02:55 PM ISTUpdated : Jan 31, 2025, 03:05 PM IST
രഹസ്യങ്ങളുടെ ആദ്യ ചുരുളഴിച്ച് ബെന്നു ഛിന്നഗ്രഹം; സാമ്പിളുകളില്‍ ജീവന്‍ രൂപപ്പെടാനാവശ്യമായ അടിസ്ഥാന ഘടകങ്ങള്‍

Synopsis

പ്രോട്ടീനുകളില്‍ കാണുന്ന 20 അമിനോ ആസിഡുകളില്‍ 14 എണ്ണത്തിന്‍റെ സാന്നിധ്യവും ബെന്നു ഛിന്നഗ്രഹ സാമ്പിളുകളിലുണ്ട്

കാലിഫോര്‍ണിയ: ബെന്നു ഛിന്നഗ്രഹത്തില്‍ ജീവന്‍റെ നിര്‍മിതിക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. നാസ വിക്ഷേപിച്ച ഒസിരിസ് റെക്സ് പേടകം (OSIRIS-REx) ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നേച്ചര്‍ മാഗസീന്‍ പ്രസിദ്ധീകരിച്ചു. ജനിതക പഥാര്‍ഥങ്ങളായ ഡിഎന്‍എയുടെയും ആര്‍എന്‍എയുടേയും നിര്‍മാണത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളായ അഞ്ച് ന്യൂക്ലിയോ ബേസുകളുടെയും സാന്നിധ്യം ബെന്നൂവില്‍ നിന്ന് ഭൂമിയിലെത്തിച്ച സാമ്പിളുകളിലുണ്ട്. 

ഇതുകൂടാതെ പ്രോട്ടീനുകളില്‍ കാണുന്ന 20 അമിനോ ആസിഡുകളില്‍ 14 എണ്ണത്തിന്‍റെ സാന്നിധ്യവും ബെന്നു സാമ്പിളുകളിലുണ്ട്. ഛിന്നഗ്രഹത്തിലെ അമിനോ ആസിഡുകളും അമ്പരപ്പിക്കുന്നവയാണ്. ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് പ്രധാനമായും ഇടംകൈയന്‍ രാസഘടനയാണുള്ളത്. ശാസ്ത്രീയമായി 'എല്‍ അമിനോ ആസിഡ്' എന്നാണ് ഇവയെ വിളിക്കുന്നത്. എന്നാല്‍ ബെന്നുവിലെ അമിനോ ആസിഡുകളെല്ലാം വലംകൈയന്‍മാരാണ്. ഛിന്നഗ്രഹങ്ങളിലൂടെയാണ് ഭൂമിയില്‍ ജീവന്‍റെ കണികകള്‍ എത്തിയതെന്ന സാങ്കല്‍പിക സിദ്ധാന്തത്തെ കീഴ്മേല്‍ മറിക്കുന്ന കണ്ടെത്തലാണിത്. നേച്ചര്‍ മാഗസീന്‍ ജേണലിലാണ് നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ലൈറ്റ് സെന്‍ററിലെ ഗവേഷകര്‍ നേതൃത്വം നല്‍കിയ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ലവണങ്ങളാല്‍ ബെന്നൂ സമ്പന്നമാണ് എന്നാണ് രണ്ടാമത്തെ പഠനം പറയുന്നത്. ഒരുപക്ഷേ ബെന്നുവിന്‍റെ മാതൃ ഛിന്നഗ്രഹത്തിലെ ജലാശയങ്ങള്‍ ബാഷ്പീകരിക്കപ്പെടുകയും, അതിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ ഉപരിതലത്തില്‍ അവശേഷിക്കുകയും ചെയ്തതിലൂടെ ഉണ്ടായതാവാം ഈ ലവണങ്ങള്‍ എന്നാണ് പഠനം നടത്തിയ ഗവേഷകര്‍ കരുതുന്നത്. ബെന്നുവില്‍ ജീവന്‍റെ അടയാളങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും, അതിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ ബെന്നുവിന്‍റെ മാതൃ ഛിന്നഗ്രഹത്തില്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് ഗവേഷകരുടെ പക്ഷം. എന്നാല്‍ വിശദമായ തുടര്‍ പഠനങ്ങള്‍ വഴിയേ ഒരു അനുമാനത്തിലെങ്കിലും എത്താന്‍ ഗവേഷകര്‍ക്ക് കഴിയൂ. 

ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും അവിടെ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ എത്തിക്കുന്നതിനുമായി നാസ ആസൂത്രണം ചെയ്തിട്ടുള്ള ദൗത്യമാണ് ഒസിരിസ് റെക്സ്. 2016 സെപ്റ്റംബര്‍ 8നാണ് ഒസിരിസ് റെക്സ് ദൗത്യം നാസ വിക്ഷേപിച്ചത്. 450 കോടിയിലധികം വർഷം പഴക്കം കണക്കാക്കുന്ന ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് 2023 സെപ്റ്റംബര്‍ 24ന് സാമ്പിളുകളുമായി ഒസിരിസ് ക്യാപ്സൂള്‍ യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയായിരുന്നു. 

Read more: ആ 'അത്ഭുതപ്പെട്ടി' ഒടുവിൽ തുറന്നു, ആവേശഭരിതരായി ഗവേഷകർ, ഒസിരിസ് റെക്സ് ഇനി ത്രില്ലടിപ്പിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ധ്രുവദീപ്‌തിയില്‍ മയങ്ങി ലോകം; കാരണമായത് 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ്
ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ