മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യത്തിന്റെ കാവൽക്കാരൻ മൈക്കിൾ കോളിൻസ് അന്തരിച്ചു

By Web TeamFirst Published Apr 29, 2021, 8:54 AM IST
Highlights

മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗം മൈക്കൾ കോളിൻസ് അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്.

വാഷിങ്ടൺ: മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗം മൈക്കൾ കോളിൻസ് അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. അ‍ർബുദത്തിന് ചികിത്സയിലായിരുന്നു 90കാരനായ ബഹിരാകാശ സഞ്ചാരി.

ചന്ദ്രനിൽ ആദ്യം കാൽതൊട്ട മനുഷ്യൻ നീൽ ആംസ്ട്രോംഗ്, കൂടെ നടന്നത് എഡ്വിൻ ആൽഡ്രിൻ, ഇവ‍രെ കൂടാതെ ഒരാൾ കൂടിയുണ്ടായിരുന്നു. കൂട്ടാളികൾ ഭൂമിക്ക് പുറത്തൊരു ഗോളത്തിലൂടെ നടന്ന് ചരിത്രം സൃഷ്ടിക്കുമ്പോൾ ഒറ്റയ്ക്കൊരു പേടകത്തിൽ ചന്ദ്രനെ വലംവച്ചയാൾ, മൈക്കിൽ കോളിൻസ്. രണ്ട് പേ‍ർ ചന്ദ്രനലിറങ്ങുമ്പോൾ മൂന്നാമൻ കമാൻഡ് മൊഡ്യൂളിൽ തുടരേണ്ടത് അനിവാര്യതയായിരുന്നു. 

ഇറങ്ങിയവരെ തിരികെ ഭൂമിയിലെത്തിക്കാൻ അന്നത്തെ സാഹചര്യത്തിൽ മറ്റ് മാ‍ർഗങ്ങളുണ്ടായിരുന്നില്ല. ചരിത്ര പുസ്തകങ്ങളിൽ എന്നും തന്റെ പേര് അവസാനമായിരിക്കുമെന്ന ബോധ്യമുണ്ടായിരുന്നു അയാൾക്ക്, പക്ഷേ തെല്ലും പരിഭവമുണ്ടായിരുന്നില്ല. കൂട്ടാളികളില്ലാതെ മടങ്ങിപ്പോകേണ്ടി വരുമോ എന്ന പേടി മാത്രമേ ഏകാന്ത യാത്രയിൽ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് കോളിൻസ് പിന്നീട് പറഞ്ഞിട്ടുണ്ട്.
 
അപ്പോളോ 11ലെ എറ്റവും മികച്ച സ്ഥാനം എൻ്റേതാണെന്ന് പറഞ്ഞാൽ അത് കള്ളം മാത്രമായിരിക്കും, മണ്ടത്തരവുമായിരിക്കും പക്ഷേ ഏൽപ്പിക്കപ്പെട്ട ജോലിയിൽ ഞാൻ തൃപ്തനാണ്. ദൗത്യത്തെക്കുറിച്ച് വ‍ർഷങ്ങൾക്ക് ശേഷം കോളിൻസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 1966ൽ ജെമിനി പത്ത് ദൗത്യത്തിന്റെ പൈലറ്റായിട്ടായിരുന്നു കോളിൻസിന്റെ ആദ്യ ബഹിരാകാശ യാത്ര. 

അപ്പോളോ 11 കോളിൻസിന്റെ രണ്ടാമത്തേയും അവസാനത്തേയും ബഹിരാകാശ യാത്രയായിരുന്നു. അപ്പോളോ 11 സഞ്ചാരിയെന്ന നിലയിൽ ലഭിച്ച പ്രശസ്തിയിൽ നിന്ന് ഒരു പരിധി വരെ കോളിൻസ് മാറി നടന്നു. നാസയിൽ നിന്ന് വിരമിച്ച ശേഷം ഭരണരംഗത്ത് ഒരു കൈ നോക്കിയെങ്കിലും ഉറച്ച് നിന്നില്ല. 

നാഷണൽ എയ‍ർ ആൻഡ് സ്പേസ് മ്യൂസിയം ഡയറക്ടറായും പ്രവ‍‌‌ർത്തിച്ചു. പക്ഷേ കോളിൻസിനെ ലോകം ഭാവിയിൽ ഓ‍ർക്കുന്നത് ഏകനായി ചന്ദ്രനെ വലംവയ്ക്കുമ്പോൾ അങ്ങകലെ കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ച വാക്കുകൾ കൊണ്ടായിരിക്കും. ശാന്തം, മനോഹരം, പക്ഷേ ദു‌‍ർബലം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!