ദ്വന്ദ്വനക്ഷത്രങ്ങള്‍ നക്ഷത്രകൂട്ടങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്നു; പുതിയ തെളിവുമായി നാസയുടെ ഹബ്ബിള്‍ ചിത്രങ്ങള്‍

Published : Mar 09, 2026, 12:35 PM IST
Binary Stars

Synopsis

ഹബ്ബിള്‍ ടെലിസ്കോപ്പ് പകർത്തിയ പുതിയ ചിത്രങ്ങൾ നക്ഷത്രകൂട്ടങ്ങളുടെ വളർച്ചയിൽ ദ്വന്ദ്വനക്ഷത്രങ്ങൾക്കുള്ള പങ്ക് വ്യക്തമാക്കുന്നു. ഈ ഇരട്ട നക്ഷത്ര സംവിധാനങ്ങൾ താരാപഥങ്ങൾക്കുള്ളിൽ ഒരു എഞ്ചിൻ പോലെ പ്രവർത്തിക്കുകയും അവയുടെ ഘടനയെയും ദീർഘകാല വളർച്ചയെയും സ്വാധീനിക്കുകയും ചെയ്യുന്നു. ഈ കണ്ടെത്തലുകൾ ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായകമാണ്.

നക്ഷത്രകൂട്ടങ്ങളുടെ വളര്‍ച്ചയില്‍ ദ്വന്ദ്വനക്ഷത്രങ്ങള്‍ക്ക് (Binary stars) വലിയ സ്വാധീനമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ തെളിവുകള്‍ നൽകി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഹബ്ബിള്‍ സ്‍പേസ് ടെലിസ്‍കോപ്പ് എടുത്ത പുതിയ ചിത്രങ്ങള്‍. ഒരേ വാതകമേഘത്തില്‍നിന്ന് ഒരേ സമയത്ത് രൂപം കൊണ്ട നക്ഷത്രങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കൂട്ടങ്ങളെയാണ് നക്ഷത്രകൂട്ടങ്ങള്‍ അഥവാ താരാപഥം എന്ന് വിളിക്കുന്നത്. ഇവ തമ്മില്‍ ഗുരുത്വാകര്‍ഷണബലം മൂലം ബന്ധപ്പെട്ടു നിലനില്‍ക്കുന്നു. എങ്കിലും ഈ ബന്ധം വളരെ ശക്തമല്ല. ഇത്തരം നക്ഷത്രക്കൂട്ടങ്ങളെ പഠിക്കുന്നത് നമ്മുടെ ഗാലക്സിയായ മിൽക്കിവേ എങ്ങനെ രൂപം കൊണ്ടുവെന്ന കാര്യത്തില്‍ പ്രധാന വിവരങ്ങള്‍ നല്‍കുന്നു.

ദ്വന്ദ്വനക്ഷത്രങ്ങളും ഗാലക്‌സികളും തമ്മിലുള്ള സ്വാധീനം 

നക്ഷത്രകൂട്ടങ്ങളിലുള്ള വലിയൊരു അളവ് നക്ഷത്രങ്ങള്‍ 'ബൈനറി' അഥവാ ദ്വന്ദ്വനക്ഷത്രങ്ങളാണ് എന്ന് ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ പറയുന്നു. രണ്ടുനക്ഷത്രങ്ങള്‍ പരസ്പരം ചുറ്റി ഭ്രമണം ചെയ്യുന്ന സംവിധാനങ്ങളാണ് ഇവ. ഈ ജോടികള്‍ നക്ഷത്രകൂട്ടങ്ങളുടെ ഘടനയെയും അവയുടെ ദീര്‍ഘകാല വളര്‍ച്ചയെയും കാര്യമായി ബാധിക്കുന്നു. ഹബ്ബിള്‍ ടെലിസ്കോപ്പ് നടത്തിയ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ നക്ഷത്രകൂട്ടങ്ങളിലെ ഇരട്ട നക്ഷത്രങ്ങളുടെ എണ്ണം കണ്ടെത്തുന്നതിനുള്ള സമഗ്രമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രധാന പ്രദേശങ്ങളില്‍ ഒന്നാണ് NGC 6357 (Lobster Nebula) എന്ന നെബുലയിലെ പിസ്‍മിസ് 24 എന്ന യുവ നക്ഷത്രകൂട്ടം. ഭൂമിയില്‍നിന്ന് ഏകദേശം 5500 പ്രകാശവര്‍ഷങ്ങള്‍ അകലെയായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിരവധി ചൂടേറിയ ഒ-ടൈപ്പ് നക്ഷത്രങ്ങള്‍ നിലനില്‍ക്കുന്നു. ഹബ്ബിള്‍ ചിത്രങ്ങള്‍ പ്രകാരം, ഈ കൂട്ടത്തിലെ ഏറ്റവും പ്രകാശമുള്ള അംഗമായ പിസ്‍മിസ് 24‑1 ഒരൊറ്റ നക്ഷത്രമല്ല; ഏകദേശം സൂര്യന്‍റെ 100 മടങ്ങ് ഭാരം വരുന്ന മൂന്ന് വലിയ നക്ഷത്രങ്ങള്‍ പരസ്‌പരം ചുറ്റി ഭ്രമണം ചെയ്യുന്ന ഒരു സങ്കീര്‍ണ സംവിധാനമാണ് ഇത്. കൂടാതെ മറ്റൊരു ഭീമന്‍ നക്ഷത്രമായ പിസ്‍മിസ് 24‑18 ഒരു ഇരട്ട നക്ഷത്ര സംവിധാനമാണെന്നും കണ്ടെത്തി.

ഇത്തരം കണ്ടെത്തലുകള്‍ ഈ നക്ഷത്രകൂട്ടത്തില്‍ ഇരട്ട നക്ഷത്രങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. പഴക്കമേറിയ മറ്റൊരു തുറന്ന നക്ഷത്രകൂട്ടത്തെക്കുറിച്ച് ഹബ്ബിള്‍ നടത്തിയ ഒരു പുതിയ സര്‍വേയില്‍ ഏകദേശം 38 ശതമാനം നക്ഷത്രങ്ങളും ബൈനറി സംവിധാനങ്ങളിലാണ് എന്ന് കണ്ടെത്തിയിരുന്നു. പല നക്ഷത്രകൂട്ടങ്ങളിലും ഇതുപോലുള്ള നിരക്കുകളാണ് സാധാരണയായി കാണപ്പെടുന്നത്.

ദ്വന്ദ്വനക്ഷത്രങ്ങള്‍ നക്ഷത്രകൂട്ടത്തിനുള്ളില്‍ ഒരു എഞ്ചിന്‍ പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഇവ ഒറ്റ നക്ഷത്രങ്ങളുമായി ഇടപഴകുമ്പോള്‍ കൂട്ടത്തിലെ ചലനോര്‍ജ്ജം വര്‍ധിക്കുകയും അതുവഴി ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്നുള്ള കൂട്ടത്തിന്‍റെ ചുരുങ്ങല്‍ മന്ദഗതിയിലാകുകയും ചെയ്യുന്നു. ചിലപ്പോള്‍ ചില നക്ഷത്രങ്ങള്‍ കൂട്ടത്തില്‍നിന്ന് പുറത്തേക്ക് തള്ളപ്പെടാനും ഇടയാക്കുന്നു. കൂടാതെ രണ്ട് നക്ഷത്രങ്ങള്‍ ലയിച്ച് രൂപപ്പെടുന്ന “ബ്ലൂ സ്‌ട്രാഗ്ലേഴ്‌സ്” പോലുള്ള അസാധാരണ നക്ഷത്രങ്ങളുടെ രൂപീകരണത്തിലും ഇവ പങ്ക് വഹിക്കുന്നു. ബൈനറി സംവിധാനത്തിലെ ഒരു നക്ഷത്രം സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമ്പോള്‍ അതിന്‍റെ കൂട്ടുകാരന്‍ അതിവേഗത്തില്‍ ബഹിരാകാശത്തിലേക്ക് പുറന്തള്ളപ്പെടാനും സാധ്യതയുണ്ട് എന്നും ഗവേഷകർ പറയുന്നു. ഈ കണ്ടെത്തലുകൾ താരസമൂഹങ്ങളുടെ രൂപീകരണവും വികാസവും മനസിലാക്കുന്നതിൽ ബൈനറി നക്ഷത്രങ്ങൾ നിർണായക ഘടകമാണെന്ന് വീണ്ടും തെളിയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം