
ബെയ്ജിംഗ്: പതിനഞ്ച് മാസത്തോളമായി ചൈനയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ ആനക്കൂട്ടം. ഇവരുടെ വാര്‍ത്തകള്‍ ലോകമെങ്ങുമുള്ള മൃഗസ്നേഹികളും ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. ചൈനയില്‍ തെക്ക് പടിഞ്ഞാറേക്കാണ് 15 അംഗ ആനസംഘത്തിന്‍റെ യാത്ര, ഇതുവരെ 500 കിലോമീറ്ററോളം പിന്നിട്ടു. വനത്തിലൂടെ മാത്രമല്ല ജനവാസ കേന്ദ്രങ്ങളും തിരക്കേറിയ തെരുവുകള്‍ എല്ലാം ഇവരുടെ യാത്രയില്‍ പെടുന്നു. ഇതുവരെ എകദേശം ഏഴുകോടി രൂപയ്ക്ക് അടുത്ത് നാശനഷ്ടം ആനക്കൂട്ടത്തിന്‍റെ യാത്ര ഉണ്ടാക്കിയെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഈ ആനക്കൂട്ടം യുനാന്‍ പ്രവിശ്യയിലെ പൂയെ നഗരത്തിന് അടുത്തുള്ള സംരക്ഷണ സ്ഥലത്ത് എത്തിയത് അവിടെ വച്ച് ആനക്കൂട്ടത്തിലെ പിടിയാന പ്രസവിക്കുകയും ചെയ്തു. അഞ്ച് മാസത്തോളം അവിടെ തങ്ങിയ ഈ സംഘം ഏപ്രില്‍ 16ന് വീണ്ടും യാത്ര ആരംഭിച്ചു. ഇതിന് ശേഷമാണ് ഇവര്‍ 500 കിലോമീറ്റര്‍ പിന്നിട്ടത്.
വലിയ യാത്രയ്ക്ക് ശേഷം സിയാംഗ് ടൌണ്‍ഷിപ്പിന് അടുത്ത് യുനാനിലെ കാട്ട് പ്രദേശത്ത് ആനകള്‍ കൂട്ടത്തോടെ യാത്രയുടെ തളര്‍ച്ചയില്‍ ബോധംകെട്ടുറങ്ങുന്ന കാഴ്ച ലോക ശ്രദ്ധനേടുകയാണ്. ക്യുമിംഗ് സിറ്റിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഇത്.
ദിവസം 24 മണിക്കൂറും ഈ ആനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ വലിയ സംവിധാനങ്ങളാണ് ചൈനീസ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇവയെ പിന്തുടര്‍ന്ന് ഒരു ഡനനോളം ഡ്രോണുകള്‍ നിരന്തരം പറക്കുന്നു. വളണ്ടിയര്‍മാര്‍ ഇവയെ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ജനത്തെ ഒഴിപ്പിക്കുന്നു. ഇങ്ങനെ നീങ്ങുന്ന നടപടികള്‍. ആനക്കൂട്ടത്തിന്‍റെ നീക്കം 24 മണിക്കൂറും ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.
ആദ്യം പൂയെ നഗരത്തിന് അടുത്തുള്ള സംരക്ഷണ സ്ഥലത്ത് എത്തിയ സംഘത്തില്‍ നിന്ന് രണ്ട് ആനകള്‍ ഈ സംഘത്തില്‍ നിന്നും വിട്ടിട്ടുണ്ട്. അതോടൊപ്പം ഒരു ആണ്‍ ആന സംഘത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. തങ്ങളുടെ സ്വഭാവിക വാസസ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ താണ്ടി ഈ ആനക്കൂട്ടം എവിടെക്കാണ് പോകുന്നത് എന്ന ദുരൂഹതയാണ് വന്യജീവി വിദഗ്ധര്‍ അടക്കം ഇപ്പോള്‍ നിരീക്ഷിക്കുന്നത്.