ഒക്‌ടോബറില്‍ വിരുന്നെത്തുന്നു സ്വാൻ വാൽനക്ഷത്രം; ആകാംക്ഷയോടെ വാനനിരീക്ഷകര്‍

Published : Sep 26, 2025, 02:11 PM IST
Comet

Synopsis

ഒക്‌ടോബര്‍ മാസത്തില്‍ Comet C2025 R2 SWAN വാല്‍നക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്തെത്തും. ഭൂമിയില്‍ നിന്ന് ഈ കോമറ്റിനെ കാണാനുള്ള അവസരം ചിലപ്പോള്‍ ലഭിച്ചേക്കാം.

ഒക്‌ടോബര്‍ മാസത്തില്‍ കോമറ്റ് സി/2025 ആര്‍2 (സ്വാന്‍) വാല്‍നക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമെന്ന് ഗവേഷകര്‍. സെപ്റ്റംബർ 10ന് യുക്രൈന്‍ വാനനിരീക്ഷകനായ വ്‌ളാഡിമിർ ബെസുഗ്ലിയാണ് നാസയുടെ SOHO ബഹിരാകാശ പേടകത്തിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാദ്യമായി തിളക്കത്തോടെയുള്ള ഈ ബഹിരാകാശ വസ്‌തുവിനെ തിരിച്ചറിഞ്ഞത്. പിന്നീട് അതൊരു വാൽനക്ഷത്രമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സെപ്റ്റംബർ 15ന് ഇതിന് ഔദ്യോഗികമായി Comet C/2025 R2 (SWAN) എന്ന് പേരിട്ടു. സോഹോയുടെ സോളാർ വിൻഡ് അനിസോട്രോപിസ് (SWAN) ക്യാമറ ഉപയോഗിച്ച് കണ്ടെത്തിയ 20-ാമത്തെ വാൽനക്ഷത്രമായി ഇത് മാറി.

കോമറ്റ് സി/2025 ആര്‍2 (സ്വാന്‍)

ഇക്കഴിഞ്ഞ സെപ്റ്റംബർ 12ന് കോമറ്റ് സി/2025 ആര്‍2 (സ്വാന്‍) വാൽനക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തിയെന്നാണ് സെൻട്രൽ ബ്യൂറോ ഫോർ ആസ്ട്രോണമിക്കൽ ടെലിഗ്രാമുകളുടെ വിലയിരുത്തല്‍. ഈ വാല്‍നക്ഷത്രം ഒക്‌ടോബര്‍ 21ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നും ജ്യോതിശാസ്‌ത്രജ്ഞര്‍ കരുതുന്നു. സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് കോമറ്റ് സി/2025 ആര്‍2 (സ്വാന്‍) വാല്‍നക്ഷത്രത്തിന്‍റെ തെളിച്ചം ഏകദേശം +7 മാഗ്നിറ്റ്യൂഡ് ആണെന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതിന്‍റെ പരിധിക്കപ്പുറമാണെന്നുമാണ്. എങ്കിലും സെയ്ച്ചി യോഷിഡ, ഗിഡിയൻ വാൻ ബ്യൂട്ടെനെൻ തുടങ്ങിയ വിദഗ്‌ധര്‍ വിശ്വസിക്കുന്നത് ഇരുണ്ട സാഹചര്യങ്ങളിൽ ദൃശ്യപരതയുടെ പോയിന്‍റായ +6-ലേക്ക് ഈ വാല്‍നക്ഷത്രം എത്തിയേക്കാമെന്നാണ്. എങ്കിലും, വാതക ഘടന അതിനെ മങ്ങിയതായി കാണുന്നതിന് കാരണമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു.

പ്രതീക്ഷയോടെ വാനനിരീക്ഷകര്‍

ഒക്‌ടോബര്‍ രണ്ട് മുതൽ 20 വരെ കോമറ്റ് സി/2025 ആര്‍2 (സ്വാന്‍) വാൽനക്ഷത്രത്തിന്‍റെ മാഗ്നിറ്റ്യൂഡ് +6 ആയി തുടരുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും ഈ വാല്‍നക്ഷത്രം പ്രതീക്ഷ നല്‍കുന്നത് തുടരുന്നതായാണ് വാനനിരീക്ഷകര്‍ പറയുന്നത്. ഒക്ടോബർ 21ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോൾ ഈ വാല്‍നക്ഷത്രം അതിന്‍റെ പരമാവധി മാഗ്നിറ്റ്യൂഡ് ആയി +6 ആയി ഉയരുമെന്ന് കണക്കാക്കുന്നു. മങ്ങിയതും വാതകം നിറഞ്ഞതുമാണെങ്കിലും ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകര്‍ കോമറ്റ് സി/2025 ആര്‍2 (സ്വാന്‍) വാല്‍നക്ഷത്രത്തെ ഭൂമിയില്‍ നിന്ന് നേരിട്ട് കാണാനാകുമെന്ന ശുഭപ്രതീക്ഷയിലാണ്.

PREV
Read more Articles on
click me!

Recommended Stories

കോസ്‍മിക് പൊടിക്ക് പിന്നിൽ മറഞ്ഞിരുന്ന 77 അപൂർവ ചുവന്ന ക്വാസറുകൾ കണ്ടെത്തി ഗവേഷകർ
രാത്രി ആകാശത്തിന്‍റെ ഏറ്റവും വിശദമായ ചിത്രങ്ങളിലൊന്ന്, അതില്‍ ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളുടെ സൂചനകൾ!