Latest Videos

വ്യോമനോട്ടുകൾ റഷ്യൻ പരിശീലനം കഴിഞ്ഞ് തിരികെയെത്തി; ഇനിയുള്ള തയ്യാറെടുപ്പുകൾ ഇന്ത്യയിൽ

By Web TeamFirst Published Apr 12, 2021, 12:13 PM IST
Highlights

ഐഎസ്ആർഒയും റഷ്യൻ ബഹിരാകാശ ഗവേഷണത്തിന്റെ വാണിജ്യ മുഖമായ ഗ്ലാവ്കോസ്മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഇന്ത്യൻ യാത്രികർക്ക് റഷ്യയിൽ പരിശീലനം നൽകിയത്. 

ബെംഗളൂരു: ഗഗൻയാൻ ദൗത്യത്തിനായി ബഹിരാകാശ യാത്രക്കൊരുങ്ങുന്ന ഇന്ത്യയുടെ നാല് വ്യോമനോട്ടുകൾ റഷ്യയിലെ പരിശീലനം പൂർത്തിയാക്കി തിരികെയെത്തി. വായുസേനയുടെ ടെസ്റ്റ് പൈലറ്റുമാരായ നാല് പേരെയാണ് ബഹിരാകാശ യാത്രക്കായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനത്തിനായി റഷ്യയിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇവർ റഷ്യയിലേക്ക് പോയത്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ഇവർ ഇനി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി കൂടുതൽ വിദഗ്ധ പരിശീലനം നേടും. ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്താണ് ഇപ്പോൾ നാല് വ്യോമനോട്ടുകളും. 

ഐഎസ്ആർഒയും റഷ്യൻ ബഹിരാകാശ ഗവേഷണത്തിന്റെ വാണിജ്യ മുഖമായ ഗ്ലാവ്കോസ്മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഇന്ത്യൻ യാത്രികർക്ക് റഷ്യയിൽ പരിശീലനം നൽകിയത്. ഗഗൻയാൻ ദൗത്യത്തിനാവശ്യമായ മറ്റ് ചില സാങ്കേതിക സഹായങ്ങളും ഗ്ലാവ്കോസ്മോസ് നൽകുന്നുണ്ട്. ഗഗൻയാൻ സ്പേസ് സ്യൂട്ടുകൾ നിർമ്മിക്കുന്നതിനായി ഗ്ലാവ്കോസ്മോസും ഇസ്രോയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററും തമ്മിൽ കരാ‌ർ ഒപ്പിട്ടിട്ടുണ്ട്. 

ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യം 2020 അവസാനത്തോടെ പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് സാഹചര്യം മൂലം ഇത് വൈകുകയാണ്. 2021 ഡിസംബറിൽ ആദ്യ പരീക്ഷണ ദൗത്യം നടത്താനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം രണ്ടാം ആളില്ലാ ദൗത്യവും പൂർത്തിയാക്കിയ ശേഷം 2023ഓടെ ഇന്ത്യയിൽ നിന്ന് ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. 

click me!