ഇന്‍റേണ്‍ഷിപ്പിന് വന്ന പയ്യന്‍ മൂന്നാംനാള്‍ നടത്തിയ കണ്ടെത്തലില്‍ വിസ്മയിച്ച് നാസ

By Web TeamFirst Published Jan 17, 2020, 7:05 PM IST
Highlights

ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലെറ്റ് നല്‍കുന്ന ചിത്രങ്ങള്‍ നിരീക്ഷിക്കുക എന്നതായിരുന്നു വൂള്‍ഫ് കുക്കിയറിന് ഗൊദാര്‍ദ് സ്പേസ് ഫ്ലെറ്റ് സെന്‍ററിലെ മുതിര്‍ന്ന ഗവേഷകര്‍ നല്‍കിയ ദൗത്യം. 

ന്യൂയോര്‍ക്ക്: നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ലെറ്റ് സെന്‍ററില്‍ ഇന്‍റേണ്‍ഷിപ്പിന് വന്ന 17-കാരന്‍റെ കണ്ടെത്തല്‍ നാസയെപ്പോലും അത്ഭുതപ്പെടുത്തി. വൂള്‍ഫ് കുക്കിയര്‍ എന്ന വിദ്യാര്‍ത്ഥിയാണ് തന്‍റെ സമ്മര്‍ ഇന്‍റേണ്‍ഷിപ്പിന്‍റെ മൂന്നാംനാള്‍ നാസയെ അത്ഭുതപ്പെടുത്തിയ പുതിയ ഗ്രഹം കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ സ്കാര്‍ഡ്ഡേലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് വൂള്‍ഫ് കുക്കിയര്‍.

ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലെറ്റ് നല്‍കുന്ന ചിത്രങ്ങള്‍ നിരീക്ഷിക്കുക എന്നതായിരുന്നു വൂള്‍ഫ് കുക്കിയറിന് ഗൊദാര്‍ദ് സ്പേസ് ഫ്ലെറ്റ് സെന്‍ററിലെ മുതിര്‍ന്ന ഗവേഷകര്‍ നല്‍കിയ ദൗത്യം. ഇത്തരത്തില്‍ ചിത്രങ്ങള്‍ പരിശോധിച്ച വൂള്‍ഫ് രണ്ട് നക്ഷത്രങ്ങളുടെ പ്രകാശത്തെ എന്തോ മറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇത് മുതിര്‍ന്ന ഗവേഷകരുമായി പങ്കുവച്ചു. 

പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ടിഒഐ 1338 എന്ന ഗ്രഹം ഇവിടെ കാണപ്പെടുന്നു എന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്. ഭൂമിയേക്കാള്‍ 6.9 മടങ്ങ് വലുതാണ് ഈ ഗ്രഹം. സ്റ്റാര്‍ വാര്‍ സിനിമകളുടെ ആരാധകനായ വൂള്‍ഫ് മറ്റൊരു വിസ്മയകരമായ കാര്യവും പറയുന്നു. സ്റ്റാര്‍വാര്‍ ചിത്രങ്ങളില്‍ തന്‍റെ പ്രിയപ്പെട്ട കഥാപാത്രം ലൂക്ക് സ്കൈവാക്കറുടെ ജന്മസ്ഥലമായ ഗ്രഹം ടാറ്റൂവും രണ്ട് നക്ഷത്രങ്ങള്‍ക്കിടയിലാണ്. 

എന്തായാലും നാസയില്‍ നിന്നും വലിയ പ്രോത്സാഹനമാണ് ലഭിച്ചതെന്ന് പറയുന്നു വൂള്‍ഫ്. തന്‍റെ ഡിഗ്രി പഠനത്തിന് ശേഷം നാസയിലെ ഗവേഷകനാകണം എന്ന ആഗ്രഹം മറച്ചുവയ്ക്കുന്നില്ല. എന്തായാലും വൂള്‍ഫിന്‍റെ ഇഷ്ടകഥാപാത്രത്തിന്‍റെ ജന്മസ്ഥലം പോലെ വാസയോഗ്യമായ ഒരു ഗ്രഹമല്ല ടിഒഐ 1338 എന്നാണ് നാസ പറയുന്നത്.

click me!