സൗരക്കാറ്റ് മൊബൈല്‍ പ്രവര്‍ത്തനവും മറ്റും സ്തംഭിപ്പിക്കുമോ ?; വൈറലാകുന്ന വാര്‍ത്തയില്‍ സത്യം എത്രത്തോളം.!

By Web TeamFirst Published Jul 13, 2021, 6:40 PM IST
Highlights

ധ്രുവ പ്രദേശങ്ങളിൽ സൗരവാതമുണ്ടാകുമ്പോൾ വ‌ർണ്ണരാശിയുണ്ടുന്നതും സ്വാഭാവികമാണ്.

തിരുവനന്തപുരം: സൂര്യന്‍റെ ഉപരിതലത്തിൽ ചിലപ്പോൾ ചില പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. അപ്പോൾ വൈദ്യുത കാന്തിക തരംഗങ്ങളും ചാർജ്ജുള്ള കണികകളും പുറന്തള്ളപ്പെടും ഇതാണ് സൗരവാതമെന്നും സൗരക്കാറ്റെന്നും മറ്റും അറിയപ്പെടുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളുടെയും കണികകളുടെയും പ്രവാഹം എല്ലാ നക്ഷത്രങ്ങളിലും സംഭവിക്കുന്ന ഒന്നാണ് സൂര്യനുമായി അടുത്ത് നിൽക്കുന്നതിനാൽ അതിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റ് നക്ഷത്രങ്ങളെക്കാൾ നമ്മളെ ബാധിക്കുമെന്ന് മാത്രം.

ഇനി ചോദ്യം ഇത് നമ്മളെ എങ്ങനെ ബാധിക്കുമെന്നാണ് ? ആശങ്കപ്പെടേണ്ട കാര്യമേ ഇല്ല.  ഭൂമിയുടെ കാന്തിക മണ്ഡലം ഇത്തരം പ്രതിഭാസങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കാൻ പ്രാപ്തമാണ്. പക്ഷേ ചിലപ്പോൾ ചില ഉപകരണങ്ങളുടെ പ്രവ‌ർത്തനത്തെ പ്രതിഭാസം ബാധിച്ചേക്കാം. റേഡിയോ ട്രാൻസ്മിഷനും തടസം നേരിട്ടേക്കാം. അതും അപൂര്‍വ്വ അവസരങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. 

1989ൽ ഒരു സൗരവാതത്തിന്റെ പ്രഭാവത്തിൽ കാനഡയിലെ ചിലയിടങ്ങളിൽ വൈദ്യുതി പ്രസരണം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അത്തരം സാഹചര്യം ഇപ്പോൾ ആവർത്തിക്കാൻ സാധ്യത കുറവാണ്. ധ്രുവ പ്രദേശങ്ങളിൽ സൗരവാതമുണ്ടാകുമ്പോൾ വ‌ർണ്ണരാശിയുണ്ടുന്നതും സ്വാഭാവികമാണ്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ഒരു വാര്‍ത്ത "സൗരകൊടുങ്കാറ്റ്" വരുന്നു മൊബൈല്‍ സിഗ്നലുകളും കൊടുങ്കാറ്റ് വരുന്നുവെന്നുമാണ്. ഇന്ത്യന്‍ മാധ്യമങ്ങളിലാണ് ഈ വാര്‍ത്ത കൂടുതലായി പ്രത്യക്ഷപ്പെട്ടത്. ഡെയ്ലി എക്സ്പ്രസ് എന്ന ഇംഗ്ലീഷ് സൈറ്റിനെയാണ് പൊതുവില്‍ ഈ വാര്‍ത്തകള്‍ എല്ലാം ഉദ്ധരിച്ചിരിക്കുന്നത്. 

ഇവര്‍ തന്നെ https://spaceweather.com/ എന്ന സൈറ്റിനെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇവരുടെ സൈറ്റ് സന്ദര്‍ശിച്ചാല്‍ തന്നെ ജൂലൈ 13 ഒരു 'മൈനര്‍ സ്ട്രോമിന്' സാധ്യത എന്നാണ് കൊടുത്തിരിക്കുന്നത്. ജി1 ഗ്രേഡിലുള്ള സ്ട്രോം ഈ സൈറ്റില്‍ പെടുത്തിയിരിക്കുന്നത്. അതായത് കാര്യമായ ഒരു പ്രശ്നവും ആർക്കും ഉണ്ടാകാതെ കടന്നുപോകാവുന്നവയാണ് ഇത്തരം സൗരക്കാറ്റുകള്‍.

ഇതിന് പുറമേ ലോകത്തിലെ ഒരു ബഹിരാകാശ ഏജന്‍സിയും, നാസ അടക്കം വലിയൊരു പ്രശ്നമായി കഴിഞ്ഞ ദിവസങ്ങളില്‍ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള അലെര്‍ട്ടുകളും ഇത് സംബന്ധിച്ച് പൊതു ഇടങ്ങളില്‍ ലഭ്യമല്ലെന്നും കാണാം.

click me!