'സൂപ്പർ മാസീവ് ബ്ലാക്ക് ഹോളുകൾ', സമീപ ഗാലക്സികളെയും താരാപഥങ്ങളെയും നശിപ്പിക്കുന്ന സീരിയർ കില്ലന്മാർ

Published : Feb 21, 2026, 06:12 PM IST
supermassive black hole

Synopsis

ഭൂമിയിലെ പരസ്‍പരം ബന്ധിപ്പിച്ചിരിക്കുന്ന പരിസ്ഥിതി സംവിധാനങ്ങളെപ്പോലെ, ഒരു മേഖലയിലെ മാറ്റം മറ്റൊന്നിനെ ഗൗരവമായി ബാധിക്കാമെന്നതാണ് അവരുടെ വിലയിരുത്തൽ. എല്ലാ വലിയ ഗാലക്സികളുടെയും കേന്ദ്രത്തിൽ സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്

ന്യൂയോർക്ക്: ബ്ലാക്ക് ഹോളുകൾ സ്വന്തം ഗാലക്സികളെ നശിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാർ. സൂപ്പർ മാസീവ് ബ്ലാക്ക് ഹോളുകളാണ് തങ്ങൾ സ്ഥിതി ചെയ്യുന്ന ഗാലക്സികളെ തന്നെ നശിപ്പിക്കുമെന്നാണ് കണ്ടെത്തൽ.ഈ കോസ്‍മിക് ഭീമന്മാർ സീരിയൽ കില്ലർമാരെപ്പോലെയാണ് പെരുമാറുന്നതെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അതായത് അവർ ഒരു ഗാലക്സിയിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ വ്യാപിച്ച് സമീപ ഗാലക്സികളെയും താരാപഥങ്ങളെയും നശിപ്പിക്കാനും കഴിയുന്ന 'സീരിയൽ കൊലയാളികളെ' പോലെ പെരുമാറുന്നു എന്നുമാണ് ഗവേഷകർ പറയുന്നത്. ശാസ്ത്രജ്ഞരുടെ ഭാഷയിൽ, ഒരു ഗാലക്സിയുടെ 'മരണം' എന്നത് അവിടെ പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്ന പ്രവർത്തനം നിലയ്ക്കുന്നതാണ്. 

സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ സജീവമായി വസ്തുക്കൾ ആഗിരണം ചെയ്യുമ്പോൾ, അവ ചുറ്റുമുള്ള വാതകവും പൊടിപടലങ്ങളും അത്യന്തം ചൂടാക്കുന്നു. ഈ പ്രക്രിയയിൽ ശക്തമായ വികിരണം പുറപ്പെടുന്നു. ഈ വികിരണം നക്ഷത്രങ്ങളുടെ രൂപീകരണത്തിനാവശ്യമായ വാതകത്തെ തള്ളിക്കളയുകയോ അതിനെ ചൂടാക്കി തണുത്ത് ചുരുങ്ങാൻ അനുവദിക്കാതിരിക്കുകയോ ചെയ്യുന്നു. ഫലമായി, പുതിയ നക്ഷത്രങ്ങളുടെ ജനനം മന്ദഗതിയിലാകുകയോ പൂർണ്ണമായും നിലയ്ക്കുകയോ ചെയ്യുന്നു. ഈ പഠനത്തിന് മുൻപ് ഗാലക്സികൾ പരസ്‍പരം വളരെ അകലെയായതിനാൽ അവ സ്വതന്ത്രമായി വികസിക്കുന്നവയാണെന്ന് കരുതിയിരുന്നത്. എന്നാൽ ഒരു ഗാലക്സിയിലെ അത്യന്തം സജീവമായ സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ, ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള മറ്റു ഗാലക്സികളെയും ബാധിക്കാമെന്ന് അമേരിക്കയിലെ അരിസോണ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. ഇതിലൂടെ ഗാലക്സികളുടെ വികാസം കൂട്ടായ പ്രക്രിയയാകാമെന്ന് വ്യക്തമാകുന്നു.

ഗവേഷകർ ഇതിനെ ഗാലക്‌സി പരിസ്ഥിതി സംവിധാനം എന്ന ആശയവുമായി താരതമ്യം ചെയ്യുന്നു. ഭൂമിയിലെ പരസ്‍പരം ബന്ധിപ്പിച്ചിരിക്കുന്ന പരിസ്ഥിതി സംവിധാനങ്ങളെപ്പോലെ, ഒരു മേഖലയിലെ മാറ്റം മറ്റൊന്നിനെ ഗൗരവമായി ബാധിക്കാമെന്നതാണ് അവരുടെ വിലയിരുത്തൽ. എല്ലാ വലിയ ഗാലക്സികളുടെയും കേന്ദ്രത്തിൽ സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അവയെല്ലാം ഒരുപോലെ സജീവമല്ല. ഉദാഹരണത്തിന്, നമ്മുടെ ആകാശഗംഗയായ മിൽക്കി വേയുടെ കേന്ദ്രത്തിലുള്ള സാജിറ്റേറിയസ് ഇന്ന് വളരെ ശാന്തമായ അവസ്ഥയിലാണ്. ഒരിക്കൽ നക്ഷത്ര രൂപീകരണം നടന്നിരിക്കാമെങ്കിലും ഇപ്പോൾ അതിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. 

സജീവമായ ബ്ലാക്ക് ഹോളുകൾ ചുറ്റുമുള്ള ആകർഷണചക്രത്തിൽ നിന്നുള്ള വസ്‍തുക്കളെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. ഈ മേഖല അത്യന്തം ചൂടുപിടിച്ച് ശക്തമായ പ്രകാശം പുറപ്പെടുവിക്കുന്നു. ഈ ഘട്ടത്തെ ആക്റ്റീവ് ഗാലക്‌സിക് ന്യൂക്ലിയസ് എന്ന് വിളിക്കുന്നു. ചിലപ്പോൾ ഇത് ക്വാസർ'” എന്നറിയപ്പെടുന്ന അതിവെളിച്ചമുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുകയും സ്വന്തം ഗാലക്സിയിലെ എല്ലാ നക്ഷത്രങ്ങളുടെയും വെളിച്ചത്തെക്കാൾ കൂടുതലായി തിളങ്ങുകയും ചെയ്യുന്നു.

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് നടത്തിയ നിരീക്ഷണങ്ങളിൽ, ഏറ്റവും ശക്തമായ ക്വാസറുകൾക്ക് ചുറ്റുമുള്ള ഗാലക്സികളുടെ എണ്ണം കുറവാണെന്ന് കണ്ടെത്തി. ഇതിന്റെ കാരണം അന്വേഷിച്ച ഗവേഷകരാണ് അടുത്തുള്ള ഗാലക്സികളിൽ നക്ഷത്ര രൂപീകരണം അടിച്ചമർത്തപ്പെട്ടിരിക്കാമെന്ന് സംശയിച്ചത്. ഇതിനായി ഗവേഷകർ J0100+2802 എന്ന അതിവെളിച്ചമുള്ള ക്വാസറെ പഠിച്ചു. ബഹിരാകാശം ഒരു ബില്യൺ വർഷം പോലും പ്രായമായിരുന്നില്ലാത്ത സമയത്തായിരുന്നു ഈ ക്വാസർ നിലനിന്നിരുന്നത്. 

സൂര്യന്റെ ഭാരം 12 ബില്യൺ മടങ്ങ് കൂടുതലുള്ള ഒരു സൂപ്പർമാസീവ് ബ്ലാക്ക് ഹോളാണ് ഇതിന്റെ കേന്ദ്രത്തിൽ. പരിസര ഗാലക്സികളിലെ അയോണൈസ്ഡ് ഓക്സിജന്റെ സാന്നിധ്യം പരിശോധിച്ചപ്പോൾ, ഒരു മില്യൺ പ്രകാശവർഷത്തിനുള്ളിലുള്ള ഗാലക്സികളിൽ ഇത് വളരെ കുറവാണെന്ന് കണ്ടെത്തി. ഇത് അവിടെ പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നത് തടയപ്പെട്ടതായി സൂചിപ്പിക്കുന്നു. ഇനി കൂടുതൽ ക്വാസർ മേഖലകൾ പഠിക്കുകയും പ്രപഞ്ചത്തിലെ ഈ മഹാശക്തികൾ സമീപ ഗാലക്സികളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് വ്യക്തത നേടാനുമാണ് ഗവേഷക സംഘം ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ശനിയുടെ മനോഹര വളയങ്ങള്‍ ഒരു കൂട്ടിയിടിയുടെ ഫലമോ, കാരണക്കാരന്‍ ടൈറ്റന്‍ ഉപഗ്രഹം?
2026ലെ പൂർണ ചന്ദ്രഗ്രഹണം എപ്പോൾ കാണാം? സമയ മാപ്പുകൾ പുറത്തിറക്കി നാസ