തേജസും, ബ്രഹ്മോസും അടക്കം കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

By Web TeamFirst Published Feb 8, 2021, 4:37 PM IST
Highlights

സൗഹൃദ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വർധിപ്പിക്കുന്നതിനായി 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതിക്കായി സർക്കാർ അംഗീകരിച്ചു എന്നാണ് അറിയുന്നത്. 

ബംഗലൂരു: രാജ്യത്ത് നിര്‍മ്മിക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. കയറ്റുമതിക്ക് അനുമതി കിട്ടിയവയില്‍ തേജസ് യുദ്ധ വിമാനം, ബ്രഹ്മോസ് മിസൈല്‍, ആര്‍ട്ടലറി ഗണ്ണുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.

കയറ്റുമതിക്ക് അനുമതി കിട്ടിയ ഉപകരണങ്ങളില്‍ 19 എണ്ണം വ്യോമ ഉപകരണങ്ങളാണ്. 16 എണ്ണം ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ ഉപകരണങ്ങളാണ്. 41 എണ്ണം കോംമ്പാക്ട് സിസ്റ്റങ്ങളാണ്, 28 എണ്ണം നേവല്‍ ഉപകരണങ്ങളാണ്. 27 എണ്ണം ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ്. 10 ജീവല്‍ രക്ഷ ഉപകരണങ്ങളും, 4 മിസൈലുകളും, 4 മൈക്രോ ഇലക്ട്രോണിക് ഉപകരണങ്ങളും ഈ പട്ടികയില്‍ പെടുന്നു. 

സൗഹൃദ രാജ്യങ്ങളിലേക്കുള്ള ആയുധ കയറ്റുമതി വർധിപ്പിക്കുന്നതിനായി 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതിക്കായി സർക്കാർ അംഗീകരിച്ചു എന്നാണ് അറിയുന്നത്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആർഡിഒ) ഇനങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

നേരത്തെ, ആകാശ് മിസൈൽ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകിയിരുന്നു, എന്നാൽ ഇപ്പോൾ ബ്രഹ്മോസ് ആയുധ സംവിധാനം, ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ അസ്ത്ര, ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ നാഗ് എന്നിവയും കയറ്റുമതിക്ക് തയാറാണ്.

നാവികസേനയും കരസേനയും വ്യോമസേനയും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള സൂപ്പർസോണിക് മിസൈലാണ് ബ്രഹ്മോസ്. മൊബൈൽ ലോഞ്ചറുകൾ, കപ്പലുകൾ, അന്തർവാഹിനികൾ, വിമാനം എന്നിവയിൽ ബ്രഹ്മോസ് മിസൈൽ എളുപ്പത്തിൽ വിക്ഷേപിക്കാൻ കഴിയും. പുതിയ നയമനുസരിച്ച്, കേന്ദ്രസർക്കാർ ഇപ്പോൾ പ്രതിരോധ കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. 2025 ഓടെ 35,000 കോടിയുടെ കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്.

click me!