ചന്ദ്രയാൻ രണ്ട് പദ്ധതിക്ക് ഐഎസ്ആർഒയുടെ പ്ലാൻ ബി; നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കും

Published : Jul 20, 2019, 06:13 PM IST
ചന്ദ്രയാൻ രണ്ട് പദ്ധതിക്ക് ഐഎസ്ആർഒയുടെ പ്ലാൻ ബി; നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കും

Synopsis

ചന്ദ്രനിലേക്കുള്ള പേടകത്തിന്‍റെ യാത്രാക്രമം തന്നെ മാറ്റിമറിച്ചാണ് ഐഎസ്ആർഒ നഷ്ടപ്പെട്ട വിലപ്പെട്ട സമയം വീണ്ടെടുക്കുന്നത്. വിക്ഷേപണം വൈകിയത് മൂലം‌ നഷ്ടപ്പെട്ട ഒരാഴ്ച പുതിയ പ്ലാനിലൂടെ വീണ്ടെടുക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. 

ബംഗളൂരു: സാങ്കേതിക തകരാർ ഒരാഴ്ച നഷ്ടപ്പെടുത്തിയെങ്കിലും മുൻനിശ്ചയിച്ച പ്രകാരം സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഇസ്റൊയുടെ തീരുമാനം. ഇതിനായി മുൻ പദ്ധതിയിൽ നിന്ന് വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ചന്ദ്രനിലേക്കുള്ള പേടകത്തിന്‍റെ യാത്രാക്രമം തന്നെ മാറ്റിമറിച്ചാണ് ഐഎസ്ആർഒ നഷ്ടപ്പെട്ട വിലപ്പെട്ട സമയം വീണ്ടെടുക്കുന്നത്.

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് നാൽപ്പത്തിമൂന്നാം ദിവസമാണ്. നേരത്തെ ഇത് അമ്പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

ചന്ദ്രനിൽ ഇറങ്ങുന്ന വിക്രം ലാന്‍ററിനും പ്രഗ്യാൻ റോവറിനും ചന്ദ്രനിലെ ഒരു പകൽ പ്രവർത്തന സമയം കൃത്യമായി ലഭിക്കുക എന്ന ലക്ഷ്യം വച്ചാണ് വലിയ മാറ്റങ്ങളോടെ പ്ലാൻ ബി ഇസ്റൊ തയ്യാറാക്കിയിരിക്കുന്നത്.

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ