
ശ്രീഹരിക്കോട്ട: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഇസ്രൊയുടെ നിര്‍ണായക ഇന്‍റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് (Integrated Air Drop) പൂര്‍ത്തിയായി. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിൽ വച്ചായിരുന്നു ഐഎസ്ആര്‍ഒയുടെ പരീക്ഷണം. ചീനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടു. പേടകം കടലിൽ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ ആണ് ഈ പരീക്ഷണം ഐഎസ്ആര്‍ഒ നടത്തിയത്. ഗഗൻയാൻ യാത്രാ പേടകത്തിന്‍റെ മാതൃക ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതായിരുന്നു പരീക്ഷണം.
എന്താണ് ഇന്‍റഗ്രേറ്റഡ് എയർഡ്രോപ് ടെസ്റ്റ്?
യാത്രാ പേടകത്തിന്‍റെ പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ഇന്‍റഗ്രേറ്റഡ് എയർഡ്രോപ് ടെസ്റ്റ് ഇന്ന് രാവിലെയാണ് ശ്രീഹരിക്കോട്ടയിൽ നടന്നത്. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഏഴ് മണിയോടെയാണ് പരീക്ഷണം നടന്നതെന്നാണ് വിവരം. ഗഗൻയാൻ യാത്രാ പേടകത്തിന്‍റെ ഡമ്മി പതിപ്പിനെ ഹെലികോപ്റ്റർ സഹായത്തോടെ നാല് കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം താഴേക്കിടുന്നതായിരുന്നു പരീക്ഷണം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള പേടകത്തിന്‍റെ മടക്കയാത്രയിലെ അവസാന ഘട്ടങ്ങൾക്ക് സമാന സാഹചര്യം സൃഷ്‌ടിക്കുകയായിരുന്നു പരീക്ഷണ ലക്ഷ്യം. പേടകത്തിന്‍റെ വേഗം കുറയ്ക്കാനുള്ള പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനായാണ് ഈ പരീക്ഷണം നടത്തിയത്. കടലിൽ ഇറങ്ങിയ പേടകത്തെ നാവികസേനയുടെ പ്രത്യേക കപ്പലുപയോഗിച്ച് വീണ്ടെടുത്തു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സ്വന്തം ദൗത്യമാണ് ഗഗൻയാൻ. ഗഗൻയാൻ ശ്രേണിയിലെ ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം ഡിസംബറിൽ നടക്കുമെന്ന് ഇസ്രൊ ചെയര്‍മാന്‍ ഡോ. വി നാരായണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചിരുന്നു. 2025 ഡിസംബറില്‍ വ്യോംമിത്ര റോബോട്ടുമായാണ് ഗഗൻയാൻ പേടകത്തെ ബഹിരാകാശത്തേക്കയക്കുക.