ബെംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനായതായി സ്ഥിരീകരിച്ച് ഇസ്രൊ. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന് വിക്രമിനെ കണ്ടെത്താനായതായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഇസ്രൊ വ്യക്തമാക്കി.
സോഫ്റ്റ് ലാൻഡിംഗ് ശ്രമം പാളിയതിന് ശേഷം വിക്രമിന് എന്ത് പറ്റി എന്ന കാര്യത്തിൽ ഇതാദ്യമായാണ് ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വരുന്നത്. നേരത്തെ വിക്രമിന്‍റെ ചിത്രങ്ങൾ കിട്ടിയെന്ന് ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ അറിയച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്ത വിവരം മാത്രമാണ് ഉണ്ടായിരുന്നത്.