ഇന്ത്യ പുതിയ ഉയരത്തിൽ: ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം, തലയുയർത്തി ഇസ്രൊ

Published : Nov 18, 2022, 11:52 AM ISTUpdated : Nov 18, 2022, 12:22 PM IST
ഇന്ത്യ പുതിയ ഉയരത്തിൽ: ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം,  തലയുയർത്തി ഇസ്രൊ

Synopsis

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്

ദില്ലി: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ആറ് മീറ്റ‌‌ർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്. പരമാവധി 81.5 മീറ്റയ‍ർ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പക്ഷേ പ്രാരംഭ് എന്ന് പേരിട്ട ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണ്. 

ഒരു സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റാണിതെന്നതാണ് പ്രത്യേകത. വെറും നാല് വ‍ർഷം മുമ്പാണ് സ്കൈറൂട്ട് എന്ന സ്റ്റാ‍ർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമാകുന്നത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങൾ നി‌‌ർമ്മിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ കമ്പനി. വിക്രം എസ് എന്ന ഈ സൗണ്ടിംഗ് റോക്കറ്റ് അവ‍ർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷയാണ്. ഇവിടെ ജയിച്ചാൽ അടുത്ത വ‍ർഷം കൂടുതൽ കരുത്തനായ വിക്ഷേപണവാഹനം വിക്രം 1 കമ്പനി രംഗത്തിറക്കും.

സ്കൈറൂട്ടിലൂടെ റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഐഎസ്ആർഒയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ മേഖലയിലേക്ക് മാറ്റി, ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. സ്വകാര്യ മേഖലയ്ക്കും ഇസ്രൊയ്ക്കും മധ്യേ പാലമായി പ്രവ‌ർത്തിക്കുന്ന ഇൻസ്പേസ് ആണ് വിക്ഷേപണത്തിന് വേണ്ട സഹായങ്ങൾ ഒരുക്കുന്നത്. റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം ഐഎസ്ആർഒ നൽകും. ഇൻസ്പേസ് ചെയ‍ർമാൻ പവൻ ഗോയങ്ക, ഇസ്രൊ ചെയ‌‌ർമാൻ എസ്. സോമനാഥ്, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവ‍ർ വിക്ഷേപണം കാണാനായി ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ