നെഞ്ചിപ്പിടിപ്പോടെ രാജ്യം, മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണം നാളെ

By Web TeamFirst Published Oct 20, 2023, 10:52 PM IST
Highlights

17 കിലോമീറ്റർ ഉയരത്തിൽ വെച്ച് ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെടും. ഉടൻ പാരച്യൂട്ടുകൾ പ്രവർത്തന ക്ഷമമാകുകയും കരയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പതിക്കുകയും ചെയ്യും.

ബെം​ഗളൂരു: ​ഗ​ഗൻയാൻ ദൗത്യത്തിന്റെ നിർണായകമായ പരീക്ഷണം നാളെ നടക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ​ഗ​ഗൻയാൻ. ദൗത്യത്തിന് മുന്നോടിയായി ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) ശനിയാഴ്ച വിക്ഷേപിക്കും. ദൗത്യത്തിൽ എന്തെങ്കിലും പാളിച്ചയുണ്ടായാൽ മനുഷ്യനെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനാണ് അബോർട്ട് വെഹിക്കിൾ ഉപയോ​ഗിക്കുക. അതുകൊണ്ടുതന്നെ നിർണാ‌യകമായ പരീക്ഷണമാണ് നടക്കുക. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണു വിക്ഷേപണം.

മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുകയാണ് ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യമായാണ് ഐഎസ്ആർഒ മനുഷ്യരെ ബഹിരാകാശ ദൗത്യത്തിന് നിയോ​ഗിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം അവസാനത്തോടെ മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കും. ചന്ദ്രയാൻ 3, ആദിത്യ എൽ1 വിക്ഷേപണം തുടങ്ങിയ വിജയദൗത്യങ്ങൾക്ക് ശേഷമാണ് ഐഎസ്ആർഒ ഗഗൻയാൻ പരീക്ഷണ ദൗത്യത്തിന് സജ്ജമാകുന്നത്. 

യാത്രികരെ കയറ്റാൻ ഉപയോഗിക്കുന്ന ക്രൂ മൊഡ്യൂൾ (സിഎം), അപകടമുണ്ടായാൽ രക്ഷിക്കാൻ വളരെവേഗം പ്രവർത്തനം തുടങ്ങുന്ന ക്രൂ എസ്കേപ് സിസ്റ്റം (സിഇഎസ്), ക്രൂ മൊഡ്യൂൾ ഫെയറിങ്, ഇന്റർഫേസ് അഡാപ്ടറുകൾ എന്നീ സംവിധാനങ്ങളാണ് പരീക്ഷിക്കുക. ശ്രീഹരിക്കോട്ടയിൽനിന്ന് അന്തരീക്ഷത്തിൽ 17 കിലോമീറ്റർ മുകളിലേക്കു ക്രൂ മൊഡ്യൂളിനെ റോക്കറ്റ് എത്തിക്കും. 17 കിലോമീറ്റർ ഉയരത്തിൽ വെച്ച് ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെടും. ഉടൻ പാരച്യൂട്ടുകൾ പ്രവർത്തന ക്ഷമമാകുകയും കരയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പതിക്കുകയും ചെയ്യും. നാവിക സേനയുടെ ഡൈവിങ് സംഘം ക്രൂ മൊഡ്യൂൾ വീണ്ടെടുത്ത് കപ്പലിൽ എത്തിക്കും. ദൗത്യത്തിന്റെ മുന്നോടിയായി ആളില്ലാ ഗഗൻ‍യാൻ ദൗത്യം 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കും. അതിന് ശേഷമായിരിക്കും ദൗത്യം. 

click me!