Lunar Eclipse 2021 | നവംബര്‍ 19ലെ ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എവിടെയെല്ലാം കാണാം; വിവരങ്ങള്‍

By Web TeamFirst Published Nov 10, 2021, 4:15 PM IST
Highlights

സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. 

ശാസ്ത്ര ലോകത്തിനും സാധാരണക്കാര്‍ക്കും ഒരേ പോലെ കൌതുകം ഉണ്ടാക്കുന്ന കാര്യമാണ് ചന്ദ്രഗ്രഹണം (Lunar Eclipse) സൂര്യനും ചന്ദ്രനും (Moon) നടുവിൽ  ഭൂമി (Earth) എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. 2021ലെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം 2021 നവംബര്‍ 19 വെള്ളിയാഴ്ചയാണ് നടക്കും. ഏകദേശം ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും നവംബര്‍ 19ന് സംഭവിക്കാന്‍ പോകുന്നത്.

സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ ഭാഗികമായി പതിക്കുകയുള്ളൂ, ചന്ദ്രന്റെ ഉപരിതലത്തില്‍ ഭൂമിയുടെ നിഴലിന്റെ ഒരു ഭാഗം മാത്രം പതിയ്ക്കുന്നു. ഇന്ത്യന്‍ സമയം ഏകദേശം രാവിലെ 11:30 ന് ആരംഭിച്ച്, വൈകുന്നേരം 05:33 ഓടെ ഈ ഭാഗികചന്ദ്രഗ്രഹണം അവസാനിക്കും. ഇന്ത്യയില്‍ വൈകീട്ടായിരിക്കും ഇത് ദൃശ്യമാകുക.

ഈ ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിലെ വലിയൊരു ഭാഗത്തും ദൃശ്യമാകില്ല. പക്ഷെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസാം എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും. വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ പ്രദേശങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാന ഭാഗമായിരിക്കും കാണുക എന്നാണ് വാനനിരീക്ഷകര്‍ അറിയിക്കുന്നത്. ഇതും ചെറിയ സമയം മാത്രമേ ദൃശ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്. യുഎസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്ര മേഖലയില്‍ നിന്നും ചന്ദ്രഗ്രഹണം ദൃശ്യമാകും എന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും നന്നായി നവംബര്‍ 19ന് ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുന്ന ഇടങ്ങള്‍ വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നാസയുടെ കണക്കുകള്‍ പ്രകാരം 21-ാം നൂറ്റാണ്ടില്‍ മൊത്തം 228 ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ പരമാവധി മൂന്ന് തവണ ചന്ദ്രഗ്രഹണം സംഭവിക്കാമെന്നാണ് നാസയുടെ പ്രവചനം. 

ഈ വര്‍ഷം മെയ് 26 ന് ഉണ്ടായ 'സൂപ്പര്‍ ഫ്‌ളവര്‍ ബ്ലഡ് മൂണ്‍' ആയിരുന്നു അവസാനത്തെ ചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനുമിടയിലായി ഭൂമി നേര്‍ രേഖയില്‍ വരുമ്പോഴുള്ള പൂര്‍ണ്ണ ചന്ദ്രഗ്രഹണമായിരുന്നു അത്. 

click me!