സുനിത വില്യംസ് സുരക്ഷിതയോ, എപ്പോള്‍ ഭൂമിയിലേക്ക് മടങ്ങിവരും; ഏറ്റവും പുതിയ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും

Published : Aug 14, 2024, 03:07 PM ISTUpdated : Aug 14, 2024, 03:11 PM IST
സുനിത വില്യംസ് സുരക്ഷിതയോ, എപ്പോള്‍ ഭൂമിയിലേക്ക് മടങ്ങിവരും; ഏറ്റവും പുതിയ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും

Synopsis

സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും തിരിച്ചുവരവ് വൈകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്

ഫ്ലോറിഡ: സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും എന്ന് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ ബോയിംഗ് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. നാസയും ബോയിംഗും ചേര്‍ന്ന് ഇന്ത്യന്‍ സമയം രാത്രി 10.30ന് നടത്തുന്ന ടെലികോണ്‍ഫറന്‍സിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരിക. 

സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും തിരിച്ചുവരവ് വൈകുന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യമടക്കമുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്. ഇരുവരെയും എപ്പോള്‍ മടക്കിക്കൊണ്ടുവരാനാണ് നാസയും ബോയിംഗും ഉദേശിക്കുന്നത് എന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുന്നോടിയായാണ് ഇന്ന് നാസ ടെലികോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. നാസയുടെ പ്രധാന പദവികളിലിരിക്കുന്ന കെന്‍ ബോവര്‍സോക്‌സും ജോയല്‍ മോണ്ടാല്‍ബാനോയും റസ്സ് ഡിലോച്ച് അടക്കമുള്ളവര്‍ കോണ്‍ഫറന്‍സില്‍ ഭാവി ദൗത്യത്തെയും സുനിതയുടെയും ബുച്ചിന്‍റെയും ആരോഗ്യത്തെയും കുറിച്ച് വിശദീകരിക്കും. 

വെറും ഒരാഴ്‌ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്‍റെ ഭാഗമായുള്ള കൊമേഴ്‌സ്യല്‍ ക്രൂ പോഗ്രാമിന്‍റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി. ഒരാഴ്‌ചത്തെ ദൗത്യത്തിന് പോയ ഇരു ബഹിരാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 70 ദിവസം അടുക്കുകയാണ്. 

ഭൂമിയിലേക്കുള്ള മടങ്ങിവരവിനായി ചിലപ്പോള്‍ 2025 വരെ സുനിത വില്യംസും ബുച്ച് വില്‍മോറും കാത്തിരിക്കേണ്ടിവന്നേക്കാം എന്ന് നാസ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇരുവരെയും ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഓഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനമുണ്ടാകും. സ്റ്റാർലൈനർ പേടകത്തിൽ തന്നെ തിരിച്ചെത്തിക്കാനാണ് തീരുമാനമെങ്കിൽ ഈ മാസം മടക്ക യാത്രയുണ്ടാകും. അതിന് സാധിച്ചില്ലെങ്കിൽ അടുത്ത വര്‍ഷം സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിലാകും സ്റ്റാർലൈനർ യാത്രികരുടെ തിരിച്ചുവരവ്. 

Read more: ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന് എന്തൊരു ധൈര്യം! ഞെട്ടിച്ച് ഭര്‍ത്താവിന്‍റെ പ്രതികരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ