ഭൂമിക്കും ചന്ദ്രനും ഭീഷണിയായി കൊലയാളി ഛിന്നഗ്രഹം; അണുബോംബ് പ്രയോഗിച്ച് തവിടുപൊടിയാക്കാൻ നാസ

Published : Oct 01, 2025, 10:38 AM IST
asteroid 2024 yr4

Synopsis

2024 YR4 ഛിന്നഗ്രഹത്തെ അണുബോംബ് ഉപയോഗിച്ച് തവിടുപൊടിയാക്കാൻ നാസ ആലോചിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകളേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ ശക്തി ഈ ആണവായുധങ്ങള്‍ക്കുണ്ടാകും.

കാലിഫോര്‍ണിയ: 2024 YR4 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം 2032-ൽ ചന്ദ്രനിൽ ഇടിച്ചിറങ്ങാന്‍ നേരിയ സാധ്യത കല്‍പിക്കുന്നുണ്ട്. ആദ്യം ഭൂമിക്ക് ഭീഷണിയായിരുന്ന ഈ ഛിന്നഗ്രഹം ഇപ്പോൾ ചന്ദ്രന് ഭീഷണി ഉയര്‍ത്തുന്നതായാണ് ബഹിരാകാശ ഗവേഷകര്‍ കണക്കാക്കുന്നത്. 2024 വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 23ന് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1 ശതമാനം വരെയായി ഒരുവേള ഉയര്‍ന്നിരുന്നു. എന്നാല്‍ 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയെ നോവിക്കാതെ കടന്നുപോകും എന്നാണ് പുതിയ അനുമാനങ്ങള്‍. എങ്കിലും 2024 YR4 ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത 4.3 ശതമാനമായി നാസ വര്‍ധിപ്പിച്ചതും ആശങ്കയുയര്‍ത്തുന്നു.

2024 YR4 ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയാല്‍ അത് വലിയ പ്രത്യാഘാതം ഭൂമിയിലും സൃഷ്‌ടിക്കും. അതിനാല്‍ ഈ ഛിന്നഗ്രഹത്തെ തകർത്ത് ചന്ദ്രനെ രക്ഷിക്കാൻ ന്യൂക്ലിയർ ബോംബുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആലോചിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ഈ ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിച്ചാൽ ചന്ദ്രോപരിതലത്തിൽ നിന്ന് വലിയ അളവിലുള്ള അവശിഷ്‌ടങ്ങൾ പുറന്തള്ളപ്പെടുകയും ബഹിരാകാശത്തേക്ക് വ്യാപിക്കുകയും ചെയ്യും. ഈ അവശിഷ്‌ടങ്ങൾ ഭൂമിയിലേക്ക് നയിക്കപ്പെടുകയും ഉപഗ്രഹങ്ങൾക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും അതിലെ ബഹിരാകാശ യാത്രികർക്കും വരെ വലിയ ഭീഷണി ഉയർത്തുകയും ചെയ്യും.

എന്തുകൊണ്ട് ആണവ ദൗത്യം?

2024 വൈആര്‍4 ഛിന്നഗ്രഹത്തെ തടയാൻ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് നാസയുടെ ആലോചന. 2029-നും 2031-നും ഇടയിൽ ഒരു ഛിന്നഗ്രഹ പ്രതിരോധ ദൗത്യം നാസയിലെ ശാസ്ത്രജ്ഞർ നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂക്ലിയർ ബോംബ് ഉപയോഗിച്ച് ഛിന്നഗ്രഹത്തെ നശിപ്പിച്ച് ഭീഷണി ഒഴിവാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഗോഡ്ഡാര്‍ദ് സ്‌പേസ് ഫ്ലൈറ്റ് സെന്‍ററിലെ നാസ ശാസ്ത്രജ്ഞനായ ബ്രെന്‍റ് ബാർബിയുടെ സംഘം ഈ ഛിന്നഗ്രഹത്തെ നേരിടാനുള്ള നിരവധി പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുകയാണ്. 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനിൽ എത്തുന്നത് ഒഴിവാക്കാൻ ഒരു ബഹിരാകാശ പേടകത്തെ കൂട്ടിയിടിപ്പിക്കുന്നതാണ് അതിലൊന്ന്. ഇങ്ങനെ ഛിന്നഗ്രഹത്തിന്‍റെ ദിശ മാറ്റിയതിന് ഒരു ഉദാഹരണമാണ് നാസയുടെ DART ദൗത്യം. ഇത് ഡിമോർഫോസ് ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപഥം കൂട്ടിയിടിയിലൂടെ മാറ്റിയിരുന്നു.

അതേസമയം, 2024 YR4 ഛിന്നഗ്രഹത്തിന്‍റെ കൃത്യമായ വലിപ്പം, ഭാരം, ഘടന എന്നിവ ഇതുവരെ രേഖപ്പെടുത്താനാവാത്തത് സ്ഥിതി സങ്കീര്‍ണമാക്കുന്നു. പ്രതിരോധിക്കാന്‍ സമയവും പരിമിതമാണ്. മാത്രമല്ല ദിശ മാറ്റുന്നതിനിടയിൽ 2024 വൈആര്‍4 ഛിന്നഗ്രഹം അബദ്ധത്തിൽ ഭൂമിയിലേക്ക് തിരിഞ്ഞാൽ അത് ഭൂമിക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ചെയ്യും. അതിനാല്‍ ഏറെ സങ്കീര്‍ണമായ ദൗത്യമാണ് നാസയ്‌ക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുന്നതിനുപകരം അതിനെ ആണവായുധം ഉപയോഗിച്ച് ഛിന്നഭിന്നമാക്കുന്നതിനെ കുറിച്ചും ശാസ്ത്രജ്ഞർ ഇപ്പോൾ ആലോചിക്കുന്നു. ഇതിനായി 100 കിലോ ടൺ ഭാരമുള്ള രണ്ട് ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകളേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ ശക്തി ഈ അണുബോംബിനുണ്ടാകും.

ചന്ദ്രനിൽ പതിച്ചാൽ സ്ഫോടനം എത്ര വലുതായിരിക്കും?

2024 വൈആര്‍4 ഛിന്നഗ്രഹം ഏകദേശം 174 മുതൽ 220 അടി വരെ വ്യാസമുള്ളതാണെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. എന്നാലിത് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച കൃത്യമായ അളവുകളല്ല. അത് ചന്ദ്രനിൽ പതിച്ചാൽ ഏകദേശം 100 ദശലക്ഷം കിലോഗ്രാം അവശിഷ്‌ടങ്ങൾ പുറന്തള്ളിയേക്കാം. അതിന്‍റെ ആഘാതത്തിൽ നിന്ന് 6.5 മെഗാടൺ ടിഎൻടിക്ക് തുല്യമായ ഊർജ്ജമാണ് ഉത്പാദിപ്പിക്കപ്പെടുക. 1945-ൽ ഹിരോഷിമയിൽ പതിച്ച അണുബോംബിന് വെറും 0.015 മെഗാടൺ ടിഎൻടി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കുക. ഇതിനർഥം ഛിന്നഗ്രഹത്തിലെ മനുഷ്യനിര്‍മ്മിത സ്ഫോടനം നൂറുകണക്കിന് മടങ്ങ് കൂടുതൽ ശക്തമാകുമെന്നാണ്.

2024 വൈആര്‍4 ഛിന്നഗ്രഹം കൂട്ടിയിടിച്ചാല്‍ ആഘാതം ചന്ദ്രനിൽ ഏകദേശം ഒരു കിലോമീറ്റർ ആഴത്തിൽ ഒരു ഗർത്തം സൃഷ്‌ടിക്കും. ഭൂമിയിലേക്ക് പതിക്കുന്ന അവശിഷ്‌ടങ്ങൾ നമ്മുടെ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും ഗുരുതരമായ നാശമുണ്ടാക്കിയേക്കാം. മാത്രമല്ല, സ്ഫോടനം ഭൂമിക്കു ചുറ്റും ഒരു വലിയ പൊടിപടലത്തിന് കാരണമാകുകയും ചെയ്യും. നിലവിൽ ഇതൊരു സാധ്യത മാത്രമാണ്. 2024 YR4 ഛിന്നഗ്രഹത്തില്‍ നിന്നുള്ള അപകട ഭീഷണി ഒഴിവാകാത്തതിനാല്‍ തലപുകയ്‌ക്കുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍. സമയബന്ധിതമായ നടപടി സ്വീകരിച്ചാൽ ഈ ഛിന്നഗ്രഹത്തില്‍ നിന്നുള്ള അപകടം ഒഴിവാക്കാൻ കഴിയുമെന്ന് നാസ വിശ്വസിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും