ആകാശത്തെ 'പിശാച് മുഖം' നാസ പകര്‍ത്തിയ ആകാശ ചിത്രത്തിന്‍റെ രഹസ്യം

By Web TeamFirst Published Oct 30, 2019, 7:56 PM IST
Highlights

100 ദശലക്ഷം വര്‍ഷം മുന്‍പ് സംഭവിച്ച രണ്ട് ഗ്യാലക്സികള്‍ തമ്മിലുള്ള കൂട്ടിയിടിലൂടെയാണ് ഇപ്പോള്‍ കാണപ്പെടുന്ന 'മുഖ' രൂപം ഉണ്ടായിരിക്കുന്നത്. എന്നാല്‍ വരുന്ന ഒന്നോ രണ്ടോ ബില്ല്യണ്‍ വര്‍ഷത്തില്‍ ഈ ഗ്യാലക്സികള്‍ സംയോജിച്ച് ഈ റിംഗ് ഘടന ഇല്ലാതാകും എന്നും നാസ പറയുന്നു.

ന്യൂയോര്‍ക്ക്: അടുത്തിടെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ഹബിള്‍ ടെലസ്കോപ്പ് പകര്‍ത്തിയ ഒരു ചിത്രം പുറത്ത് എത്തിയത്.ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് ഹബിള്‍ ഈ ചിത്രം പകര്‍ത്തിയത്. കഥകളില്‍ പറയും പോലെ വിദൂര ശൂന്യകാശത്ത് ഒരു  'പിശാച് മുഖം' പോലെ തോന്നിക്കുന്ന ദൃശ്യമാണ് പുറത്ത് വിട്ടത്. എന്നാല്‍ എന്താണ് ഈ ദൃശ്യം എന്നതാണ് നാസ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഭൂമിയില്‍ നിന്നും 704 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ് എഎം 2026-424 എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസം കാണപ്പെടുന്നത്.

100 ദശലക്ഷം വര്‍ഷം മുന്‍പ് സംഭവിച്ച രണ്ട് ഗ്യാലക്സികള്‍ തമ്മിലുള്ള കൂട്ടിയിടിലൂടെയാണ് ഇപ്പോള്‍ കാണപ്പെടുന്ന 'മുഖ' രൂപം ഉണ്ടായിരിക്കുന്നത്. എന്നാല്‍ വരുന്ന ഒന്നോ രണ്ടോ ബില്ല്യണ്‍ വര്‍ഷത്തില്‍ ഈ ഗ്യാലക്സികള്‍ സംയോജിച്ച് ഈ റിംഗ് ഘടന ഇല്ലാതാകും എന്നും നാസ പറയുന്നു. രണ്ട് ഗ്യാലക്സികള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ഒന്ന് മറ്റൊന്നിനെ നശിപ്പിക്കും. ചിലപ്പോള്‍ വലിയ ഗ്യാലക്സിയില്‍ ചെറുത് പ്രശ്നങ്ങള്‍ ഇല്ലാതെ ലയിക്കും.

വളരെ അപൂര്‍വ്വമായ പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇപ്പോഴും ഇത്തരം ഗ്യാലക്സി കൂടിച്ചേരല്‍ ഒരു നശീകരണപ്രവര്‍ത്തനമാണോ, അല്ല സമാധനപരമായി നടക്കുന്ന പ്രക്രിയാണോ എന്നതില്‍ ശാസ്ത്രലോകത്തിന് വ്യക്തമായ ഉത്തരം കണ്ടുപിടിക്കാനാകില്ല. എങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരോ ഗ്യാലക്സിയിലേയും ബ്ലാക്ക് ഹോളുകളുടെ ശേഷി അനുസരിച്ചിരിക്കും എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.

ഗാലക്സികളുടെ കൂട്ടിയിടി അപൂര്‍വ്വമായ പ്രതിഭാസം ആണെങ്കിലും ഇത് സംഭവിക്കാതിരിക്കുന്നില്ല. ഏതാണ്ട് 400കോടി കൊല്ലങ്ങള്‍ കൂടി കഴിഞ്ഞാല്‍ നമ്മുടെ ഗാലക്സിയായ ആകാശഗംഗ ഇതുപോലെ ഒരു കൂട്ടിയിടിക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ആകാശഗംഗയും ആന്‍ഡ്രോമീഡ ഗാലക്സിയും തമ്മിലായിരിക്കും ഈ കൂട്ടിയിടി.  1000കോടി കൊല്ലം കഴിയുന്നതോടെ രണ്ടും ചേര്‍ന്ന് ഒറ്റ ഗാലക്സി ആയി മാറിയേക്കുമെന്നും അനുമാനമുണ്ട്.

click me!