പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളില്‍ വച്ച് ക്ലിക്ക്; എക്കാലത്തെയും മികച്ച സെല്‍ഫിയുമായി സുനിത വില്യംസ്

Published : Feb 11, 2025, 09:19 AM ISTUpdated : Feb 11, 2025, 11:01 AM IST
പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളില്‍ വച്ച് ക്ലിക്ക്; എക്കാലത്തെയും മികച്ച സെല്‍ഫിയുമായി സുനിത വില്യംസ്

Synopsis

താഴെ അലതല്ലുന്ന പസഫിക് സമുദ്രം, 423 കിലോമീറ്റർ മുകളില്‍ വച്ച് സുനിത വില്യംസിന്‍റെ സാഹസിക സെല്‍ഫി ക്ലിക്ക്, അങ്ങനെയത് എക്കാലത്തെയും മികച്ച സെല്‍ഫിയായി  

ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശയാത്രിക സുനിത വില്യംസും അവരുടെ ബഹിരാകാശ പങ്കാളിയായ ബുച്ച് വിൽമോറും നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. അടുത്തിടെ വിൽമോറിനൊപ്പം സുനിത വീണ്ടുമൊരു ഒരു ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി. സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഇതിനിടയിൽ സുനിത ഒരു സെൽഫി എടുത്തു. ലോകത്തെ അമ്പരപ്പിക്കുന്ന ആ സെൽഫി ഇപ്പോൾ നാസ പുറത്തുവിട്ടു. ഈ സെൽഫിയിൽ, ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാം.

ഐഎസ്എസിന് പുറത്തെ ബഹിരാകാശ നടത്തത്തിനിടെ സുനിത എടുത്ത സെൽഫി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവച്ചത്. ഈ സെല്‍ഫിയെ 'ദി അൾട്ടിമേറ്റ് സെൽഫി' എന്നാണ് നാസ വിളിച്ചത്. ഈ ചിത്രം ജനുവരി 30 നാണ് സുനിത വില്യംസ് എടുത്തത്. ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ബഹിരാകാശ നിലയം (ISS) പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിലായിരുന്നു.

നാസ പറയുന്നത് ഇങ്ങനെ

2025 ജനുവരി 30 ന് പസഫിക് സമുദ്രത്തിന് മുകളിൽ 263 മൈൽ (423 കിലോമീറ്റർ) ഉയരത്തിൽ ഐ‌എസ്‌എസ് പരിക്രമണം ചെയ്യുമ്പോഴാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നത് എന്ന് നാസ പറയുന്നു. സുനിത വില്യംസിന്‍റെ ഒമ്പതാമത്തെ ബഹിരാകാശയാത്രയ്ക്കിടെയാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നതെന്നും നാസ വ്യക്തമാക്കി. 5.5 മണിക്കൂർ നീണ്ടുനിന്ന ഈ ഒമ്പതാം ബഹിരാകാശ നടത്തത്തിനിടെ, സുനിത വില്യംസും സഹ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിന്‍റെ പുറംഭാഗത്ത് നിന്നും ചില ഉപകരണങ്ങൾ നീക്കം ചെയ്യുകയും ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ വെന്‍റിനടുത്ത് നിന്ന് ചില ഉപരിതല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതായും നാസ പറഞ്ഞു.

ബഹിരാകാശ നിലയം സൂക്ഷ്‍മാണുക്കളെ പുറത്തുവിടുന്നുണ്ടോ അഥവാ ഉണ്ടെങ്കിൽ അവയ്ക്ക് അതിജീവിക്കാനും ബഹിരാകാശത്ത് വ്യാപിക്കാനും കഴിയുമോ, അവയ്ക്ക് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഈ സാമ്പിളുകൾ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് നാസ പറഞ്ഞു. കഠിനമായ ബഹിരാകാശ പരിതസ്ഥിതികളിൽ ഈ സൂക്ഷ്മാണുക്കൾ അതിജീവിക്കുകയും പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ടോ എന്നും ചന്ദ്രൻ, ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിൽ അവ എങ്ങനെ പ്രവർത്തിക്കുമെന്നും മനസിലാക്കാനും ഗവേഷകരെ അവ സഹായിക്കും. അതുകൊണ്ടുതന്നെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക് തയ്യാറെടുക്കാൻ ഈ കണ്ടെത്തലുകൾ ശാസ്ത്രജ്ഞഞക്ക് സഹായകരമാകും.

ബഹിരാകാശത്തു നിന്നുള്ള അതിശയകരമായ കാഴ്ച

ഇനി സുനിത വില്യംസിന്‍റെ ഈ സെൽഫി വിശേഷങ്ങളിലേക്കു കടന്നാൽ ഈ സെൽഫിയിലെ ഹെൽമെറ്റിൽ സുനിത വില്യംസിന്‍റെ പ്രതിബിംബം കാണാം. പിന്നിൽ വിശാലമായ ഇരുട്ട് നിറഞ്ഞ സ്ഥലവും കാണാം. ബഹിരാകാശ നിലയത്തിന്‍റെ ഒരു ഭാഗവും കടും നീല പസഫിക് സമുദ്രവും ഈ സെൽഫിയിൽ ദൃശ്യമാണ്. ഭൂമിയുടെ ഒരു ഭാഗവും ഫ്രെയിമിൽ സൂക്ഷ്‍മമായി പ്രത്യക്ഷപ്പെടുന്നു. ഇത് ചിത്രത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചിത്രത്തെ പ്രശംസിച്ചു. "ചരിത്രത്തിലെ എക്കാലത്തെയും മികച്ച സെൽഫി" എന്ന് പലരും അഭിപ്രായപ്പെട്ടു.

റെക്കോർഡ് ഭേദിച്ച ബഹിരാകാശ നടത്തം

ഈ ബഹിരാകാശ നടത്തത്തോടെ, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതാ ബഹിരാകാശയാത്രിക എന്ന റെക്കോർഡ് സുനിത വില്യംസ് സ്വന്തമാക്കി. സുനിത വില്യംസും വിൽമോറും ഏകദേശം അഞ്ചര മണിക്കൂർ ബഹിരാകാശ നടത്തത്തിൽ തുടർന്നുവെന്ന് നാസ അറിയിച്ചു. നാസയിലെ ഇതിഹാസ യാത്രിക പെഗ്ഗി വിറ്റ്‌സണിന്‍റെ ആകെ ബഹിരാകാശ നടത്ത സമയത്തിന്‍റെ റെക്കോർഡ് സുനിത വില്യംസ് തകർത്തു. ഇതുവരെ ആകെ 62 മണിക്കൂറും 6 മിനിറ്റും വില്യംസ് ബഹിരാകാശ നടത്തത്തിനായി ചെലവഴിച്ചു.

എപ്പോൾ സുനിത തിരിച്ചുവരും?

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ ഉണ്ട്. ബോയിംഗിന്‍റെ സ്റ്റാർലൈനറിലെ സാങ്കേതിക തകരാർ കാരണം അവരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അങ്ങനെയാണ് സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് മാസമായി ഐഎസ്എസിൽ തുടരുന്നത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. പക്ഷേ തകരാറുകളെത്തുടർന്ന് തിരിച്ചുവരവ് പലതവണ മാറ്റിവയ്ക്കേണ്ടിവന്നു. എന്തായാലും ഈ മാർച്ച് അല്ലെങ്കിൽ ഏപ്രിൽ അവസാനത്തിന് മുമ്പ് ഭൂമിയിലേക്ക് ഇരുവരുടെയും തിരിച്ചുവരവ് സാധ്യമല്ല എന്നാണ് റിപ്പോർട്ടുകൾ.

Read more: പുതിയ റെക്കോർഡ് 62 മണിക്കൂർ; ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും