
ഭൂമിയിലെ ജലം എവിടെ നിന്നാണ് വന്നത് എന്ന ചോദ്യത്തിന് ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ ചര്‍ച്ചകള്‍. നാസയുടെ സ്‌ഫിയർ-എക്‌സ്(SPHEREx) ബഹിരാകാശ ദൂരദർശിനി മിൽക്കി വേ ഗാലക്സിയിലെ സൈഗ്നസ് എക്സ് (Cygnus X) എന്ന നക്ഷത്രജനന മേഖലയിൽ വലിയ തോതിലുള്ള ജല ഐസ് നിക്ഷേപങ്ങൾ കണ്ടെത്തി. ഭൂമിയിൽ നിന്ന് ഏകദേശം 4,500 പ്രകാശവർഷം അകലെയായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം, നക്ഷത്രങ്ങൾ രൂപപ്പെടുന്ന അത്യന്തം സജീവമായ മേഖലയായി അറിയപ്പെടുന്നു.
'ഇന്റർസ്റ്റെല്ലാർ ഗ്ലേഷ്യേഴ്‌സ്' എന്ന് വിശേഷിപ്പിക്കുന്ന ഈ ഐസ് നിക്ഷേപങ്ങൾ ജീവന്‍റെ ഉത്ഭവത്തിന് ആവശ്യമായ പ്രധാന രാസ ഘടകങ്ങൾ ഉൾക്കൊള്ളുന്നതായി ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഈ കണ്ടെത്തൽ ഭൂമിയിലേത് ഉൾപ്പെടെയുള്ള ഗ്രഹങ്ങളിലെ ജലത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ധാരണയിൽ വലിയ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
2026 ഏപ്രിൽ 15-ന് of ആസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം ഹാർവാർഡ്-സ്‍മിത്തോസ്‌ണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ഹോറയുടെ നേതൃത്വത്തിലാണ് നടത്തിയത്. 2025 മാർച്ചിൽ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച സ്‌ഫിയർ-എക്‌സ്(SPHEREx) ബഹിരാകാശ ദൂരദർശിനി നിലവിൽ 102 ഇൻഫ്രാറെഡ് തരംഗദൈർഘ്യങ്ങളിൽ ആകാശത്തെ സ്‍കാൻ ചെയ്യുകയാണ്. നാല് ഘട്ടങ്ങളിലായി നടത്താനിരിക്കുന്ന സമഗ്ര ആകാശ മാപ്പിംഗിൽ ഇതാണ് ആദ്യ ഘട്ടം.
സൈഗ്നസ് എക്സ് (Cygnus X) മേഖലയിലെ നിരീക്ഷണങ്ങൾ പ്രകാരം, ഐസ് നിക്ഷേപങ്ങൾ വൻ മോളികുലാർ ക്ലൗഡിന്‍റെ മുഴുവൻ ഭാഗത്തും വ്യാപിച്ചുകിടക്കുന്നതായി കണ്ടെത്തി. മുമ്പ് കരുതിയതിനേക്കാളും കൂടുതൽ വിസ്‍തൃതിയിൽ ഇവ വ്യാപിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഐസ് കൂടുതലുള്ള പ്രദേശങ്ങളിൽ ചെറുതായ പൊടികണങ്ങൾ ചേർന്ന് രൂപപ്പെട്ട ഇരുണ്ട പൊടി പാതകൾ കാണപ്പെടുന്നു. ഈ പൊടി, ബഹിരാകാശത്തിലെ വികിരണങ്ങളിൽ നിന്ന് ഐസിനെ സംരക്ഷിക്കുന്ന ഒരു കോസ്‍മിക് ഷീൽഡ് ആയി പ്രവർത്തിക്കുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഈ കണ്ടെത്തൽ ഭാവിയിലെ ഗ്രഹ രൂപീകരണത്തെയും ജീവന്‍റെ സാധ്യതകളെയും കുറിച്ച് നിർണായക സൂചനകൾ നൽകുന്നു. ഗുരുത്വാകർഷണത്തിന്‍റെ സ്വാധീനത്തിൽ വാതകങ്ങളും പൊടിയും ചേർന്ന് പുതിയ ഗ്രഹങ്ങൾ രൂപപ്പെടുമ്പോൾ, ഈ ഐസ് നിക്ഷേപങ്ങൾ അവയിൽ പതിച്ച് ജലവും ജീവൻ നിലനിറുത്താനുള്ള ഘടകങ്ങളും എത്തിക്കാൻ സഹായിക്കാം.
രണ്ടുവർഷം നീണ്ടുനിൽക്കുന്ന സ്‌ഫിയർ-എക്‌സ് (SPHEREx) ദൗത്യം, നമ്മുടെ ഗാലക്സിയിലെ ഐസ് വിതരണത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ഭൂമിയിലേതുപോലുള്ള ജലസമ്പത്തുള്ള ഗ്രഹങ്ങൾ മറ്റിടങ്ങളിലും ഉണ്ടാകാമെന്ന സാധ്യത കൂടുതൽ ശക്തമാകുന്നു.