ജിഎസ്എൽവി എഫ് 16 വിക്ഷേപണം വിജയം; നൈസാര്‍ ഉപഗ്രഹം ഭ്രമണപഥത്തിൽ

Published : Jul 30, 2025, 11:48 PM IST
GSLV F16

Synopsis

വൈകുന്നേരം അഞ്ച് നാൽപ്പതിന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയ‌‌ർന്ന ജിഎസ്എൽവിഎഫ് 16 റോക്കറ്റ് ഉപ​ഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു.

ശ്രീഹരിക്കോട്ട: നാസ-ഐഎസ്ആർഒ സംയുക്ത ദൗത്യം എൻഐസാറിന്റെ വിക്ഷേപണം വിജയം. വൈകുന്നേരം അഞ്ച് നാൽപ്പതിന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയ‌‌ർന്ന ജിഎസ്എൽവിഎഫ് 16 റോക്കറ്റ് ഉപ​ഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഉപ​ഗ്രഹം പൂർണ്ണമായി പ്രവർത്തന സജ്ജമാകാൻ 90 ദിവസമെടുക്കും. ഉരുൾപ്പൊട്ടലുകളെയും അ​ഗ്നിപ‍ർവ്വത വിസ്ഫോടനങ്ങളെയും ഭൂകമ്പങ്ങളെയും സുനാമികളെയും വരെ കൂടുതൽ നന്നായി മനസിലാക്കാൻ എൻഐസാർ സഹായിക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഈ വിവരങ്ങൾ നിർണായകമാകും.

തിരിച്ചടികളെ പഴങ്കഥയാക്കി ജിഎസ്എൽവി എഫ് 16ന്റെ കുതിപ്പാണ് രാജ്യം ഇന്ന് കണ്ടത്. പതിനായിരം കോടിയിലധികം വിലമതിക്കുന്ന ഉപ​ഗ്രഹത്തെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ച് ജിഎസ്എൽവി റോക്കറ്റ് പഴയ പേരുദോഷമെല്ലാം മായ്ച്ചു കളഞ്ഞു. പിഎസ്എൽവി പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് ഐഎസ്ആർഒയുടെ ​ഗംഭീര തിരിച്ചുവരവ്. ദൗത്യം സമ്പൂർണ്ണ വിജയമെന്ന് ഐഎസ്ആ‌ർഒ ചെയർമാൻ ഡോ. വി നാരായണൻ പ്രതികരിച്ചു. കിറുകൃത്യമായി റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ജെപിഎല്ലിൻ്റെയും ഐഎസ്ആ‌‍ർഒയുടെയും ടീം വ‌‌ർക്കിൻ്റെ വിജയമാണ് ഇതെന്നും വി നാരായണൻ കൂട്ടിച്ചേ‍‍‍ർത്തു.

ഇനി വരാനുള്ളത് എൻഐസാറിന്റെ നാളുകളാണ്. നമ്മുടെ ഭൂമിയിലെ ഓരോ ചെറു മാറ്റത്തെയും നാസ ഇസ്രൊ സംയുക്ത ഉപ​ഗ്ര​ഹം അടുത്തറിയും. ഉപ​ഗ്രഹത്തിലെ എൽ ബാൻഡ്, എസ് ബാൻഡ് സിന്തറ്റിക് അപേർച്ചർ റഡാറുകൾ ഇത് വരെ സാധ്യമല്ലാതിരുന്നു തരം ഭൗമ നിരീക്ഷണമാണ് യാഥാ‌ർത്ഥ്യമാക്കാൻ പോകുന്നത്. ഭൂമിയുടെ പ്രതലത്തിലെ ചെറു മാറ്റങ്ങൾ പോലും തിരിച്ചറിയും. ഉരുൾപ്പൊട്ടലുകളെയും അഗ്നിപ‍ർവ്വത വിസ്ഫോടനങ്ങളെയും ഭൂകമ്പങ്ങളെയും സുനാമികളെയും വരെ കൂടുതൽ നന്നായി മനസിലാക്കാൻ എൻഐസാർ സഹായിക്കും, ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഈ വിവരങ്ങൾ നിർണായകമാകും.

കടലിലെയും കാടുകളിലെയും കൃഷിഭൂമികളിലെയും മാറ്റങ്ങളെ നിരീക്ഷിക്കാനും കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന മാറ്റങ്ങളെ അടുത്തറിയാനും ഉപ​ഗ്രഹത്തിലൂടെ സാധിക്കും. എൻഐസാറിന്റെ പന്ത്രണ്ട് മീറ്റർ വ്യാസമുള്ള റഡാർ റിഫ്ലകടർ വിടർത്തി തുടങ്ങുക ഇന്നേക്ക് പത്താം ദിവസമാണ്. കുട പൂർണമായി നിവരാൻ എട്ട് ദിവസമെടുക്കും. ആകെ 90 ദിവസമെടുത്താണ് ഉപ​ഗ്രഹം കമ്മീഷൻ ചെയ്യുക. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ പന്ത്രണ്ട് ദിവസത്തെ ഇടവേളയിൽ ഭൂ​ഗോളത്തെയാകെ എൻഐസാർ റഡാറുകൾ ഒപ്പിയെടുക്കും.

ദിവസവും 80 ടെറാബൈറ്റ് ഡാറ്റയാണ് ഉപ​ഗ്രഹം ഭൂമിയിലേക്കയക്കുക. ഈ വിവരങ്ങൾ സൗജന്യമായി ലോകമെമ്പാടുമുള്ള ​ഗവേഷകർക്ക് ലഭ്യമാക്കും. നാസയും ഐസ്ആർഒയും ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരു ബഹിരാകാശ ഏജൻസികളും തമ്മിലുള്ള സഹകരണം ഈ ദൗത്യത്തോടെ കൂടുതൽ ബലപ്പെടുകയുമാണ്.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും